2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

നഖപ്പൂക്കൾ

നഖപ്പൂക്കൾ

.അതേ കലാലയം, അതേ അങ്കണം,
ചുവരുകളിലെ നിറം പോലുമത്.
വർഷങ്ങൾ,
അന്നുമിവിടെയീ ബൈബിളും ഗീതയും ഖുറാനും വായിച്ചിരുന്നു,
അന്നെനിക്കായി ഞാനിരുന്നെങ്കിൽ
ഇന്നീ മകൾക്കായി ഞാനിരിക്കുന്നു.
ഓർമ്മകൾ മഞ്ഞളിച്ചുതല്ലാതെ മാറ്റമില്ല മറ്റൊന്നിനും.

കായലിനരികിൽ കാറ്റേറ്റ് നഖപ്പൂമരം.
ആരോ പറയുന്നു,
ഇതാണ് ഡെലോണികസ് റീജിയ, ബിലോംഗ്സ് ടു സീസാൽപിനിയേ”.
ഗുൽ മോഹറെന്ന മരത്തിന്
നഖപ്പൂവെന്ന് പേരിട്ടത് നീയായിരുന്നു .
ഏതോ കാറ്റ് കൊണ്ടുവന്ന വിത്തിനെ
നനച്ചുറപ്പിച്ചതും നീയായിരുന്നു.
വിപ്ലവത്തീയിൽ നീയേന്തിയ വെള്ളക്കൊടി
ചോന്നതും ഇതിൻ മുന്നിലായിരുന്നു.
പിടിയോളമാണ്ട കത്തി നക്കിയ നിന്റെ
ആദ്യത്തെ തുള്ളി ചോര ഏറ്റുവാങ്ങിയതും ഇതിന്നിലകളായിരുന്നു .

അന്നാണ് നിന്റെ നഖപ്പൂമരം
ആദ്യമായി ചോപ്പണിഞ്ഞത്, പൂക്കളില്ലാതെ.
ഇന്നുമിത് ചോപ്പണിഞ്ഞുനിൽക്കുന്നു, പൂക്കളാൽ .
ഒരു പൂക്കണ്ണി നഖത്തിലൊട്ടിച്ച് കുഞ്ഞുമകൻ ചോദിക്കുന്നു,
“ഈ പൂവിനെന്തമ്മേ ഇത്ര ചോപ്പ്?”
പറയട്ടെ ഞാൻ,
ഇത് നിന്റെ ചോപ്പാ’ണെന്ന്?


2017, സെപ്റ്റംബർ 10, ഞായറാഴ്‌ച

ചിരിക്കുന്ന കണ്ണുള്ളവൾ

ചിരിക്കുന്ന കണ്ണുള്ളവൾ

"ഡീ...  ഹോസ്റ്റലിലേക്കാണോ? ഞാനാ വഴിക്കാ.. വാ."
ഞാനവളുടെ പുറകിൽ കേറി.
ഞങ്ങളെയും വഹിച്ചു കൊണ്ട് വണ്ടി തേവര ഫെറി റോഡിലേക്ക് കടന്നു.
വണ്ടിയോടിക്കുകയാണെങ്കിലും അവളുടെ പതിവ് സംസാരത്തിനൊരു കുറവുമില്ല.
"ഞാനിന്ന് എം ജി റോഡ് വഴി പോകാമെന്ന വിചാരിച്ചെ, പക്ഷേങ്കിൽ ഇപ്പൊ ഭയങ്കര ബ്ലോക്കാരിക്കും. അതാ പിന്നെ കുണ്ടന്നൂർ വഴി പോകാമെന്നു കരുതിയെ.."
ഞാൻ പുഞ്ചിരിക്കുന്നത് അവൾ കണ്ണാടിയിൽ കണ്ടു കാണണം.
"നീയെന്താടി ചിരിക്കൂന്നേ?"
"ഒന്നുല്ലാടി..".
വണ്ടി ഹോസ്റ്റലിലേക്ക് തിരിയുന്ന വളവിലെത്തി, ഞാനിറങ്ങി അവളെ നോക്കി.
ഹെല്മെറ്റിനിടയിലൂടെ ചിരിക്കുന്ന രണ്ടു കണ്ണുകൾ..
"എന്താടി നോക്കുന്നെ?"
ഒന്നുമില്ലെന്ന് ഞാൻ ചുമൽ കൂപ്പി.
ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ ഞാനാലോചിക്കുകയായിരുന്നു, ചിരിക്കുന്ന ആ കണ്ണുകളെ കുറിച്ച്, ചിരിക്കുമ്പോൾ ചെറുതാകുന്ന കണ്ണുകളെ കുറിച്ച്.
ചിരിക്കുന്ന കണ്ണുള്ളവരെ ആദ്യമായിട്ടല്ല കാണുന്നത്, എന്നാൽ ആ കണ്ണുകൾ തരുന്ന കുളിർമ്മ ഒട്ടു നേരത്തേക്ക് മനസ്സിൽ തട്ടി നിൽക്കുന്നത് ആദ്യമായാണ്.
ഈ നിമിഷം കടന്നു പോയിട്ട് ഏതാണ്ട് രണ്ടര വർഷം കടന്നിരിക്കുന്നു.
അവൾക്കും  എനിക്കുമുണ്ടായി മാറ്റങ്ങൾ.
മായാതെ നിൽക്കുന്നത് ഓർമ്മകൾ മാത്രം. 
Pic - Jayalakshmi P S

2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

മൈലാഞ്ചി

മൈലാഞ്ചി 

കടയിൽ വാങ്ങാൻ കിട്ടുന്ന കോണിനേക്കാളും ഇല പറിച്ചു അരക്കുന്ന മൈലാഞ്ചിയോടാണ് അന്നും ഇന്നും എനിക്ക് പ്രിയം. 
വീടിന്റെ മുറ്റത്ത് തന്നെ ഒരു മൈലാഞ്ചിയുണ്ടായിരുന്നു, എന്റെ ഓർമ്മ വയ്ക്കുന്നതിന് മുൻപേ ഉമ്മച്ചി നട്ടത്. 
എനിക്ക് ഓർമ്മയുള്ളത് മുതൽ അതിനെന്നെക്കാള് ഉയരമുണ്ടായിരുന്നു. 
എല്ലാ പെരുന്നാളിനും ഞാനതിൽ നിന്നും ഇലകൾ പറിച്ച് നഖം ചുവപ്പിച്ചു.
ഞങ്ങളുടെ സുറുമിയെയും സത്താറിനെയും (ആടുകൾ) അതിന്റെ ചുവട്ടിൽ കിട്ടുമായിരുന്നു.
എനിക്കൊപ്പം മൈലാഞ്ചിയും ഉയരം വച്ചു.
***
ഉമ്മച്ചി മൂക്കിൽ  നിന്ന് ചോരയൊലിപ്പിച്ച്  വീഴുമ്പോൾ മൈലാഞ്ചി പൂത്തിരുന്നു, ഒരു മണവാട്ടിയെപ്പോലെ. 
പുരയ്ക്ക് മുകളിൽ പൂത്ത ദോശക്കരി മൈലാഞ്ചിയെ അതോടെ വെട്ടി. 
എന്നിട്ടും, എനിക്കോ ഉമ്മച്ചിക്കോ മൈലാഞ്ചിയോടുള്ള പ്രണയം കുറഞ്ഞില്ല.
അതുകൊണ്ടായിരുന്നു മയ്യിത്തുകട്ടിലിൽ കിടക്കുമ്പോഴും ഉമ്മച്ചിയുടെ ഉള്ളം കയ്യിൽ മൈലാഞ്ചി ചുവന്നു കിടന്നിട്ടിരുന്നത്. 
***
വെട്ടി മാറ്റിയ മൈലാഞ്ചിയിൽ നിന്നൊരു കമ്പ് മാമി മാറ്റി നട്ടിരുന്നു, അതാദ്യമായി പൂത്തപ്പോഴാണ് ഉപ്പാക്ക്  അസുഖം വന്നത്. 
അതോടെ അതും വെട്ടി. 
മാറ്റി നട്ടില്ലെങ്കിലും പഴയ കമ്പ് വീണ്ടും പൊടിച്ചു.
***
ഇക്കുറി മൈലാഞ്ചി പൂത്തിട്ടുണ്ട്, എന്റെ ഉള്ളം കൈ ചോന്നിട്ടുമുണ്ട്.