2020, ഫെബ്രുവരി 23, ഞായറാഴ്‌ച

കൽപ്പടവുകളിലെ വയസ്സൻ കാറ്റ്


കൽപ്പടവുകളിലെ വയസ്സൻ കാറ്റ് 

"ചേച്ചിക്ക് നാണമില്ലേ..? അതും ഈ പ്രായത്തിൽ.. നാട്ടുകാർ എന്ത് വിചാരിക്കും?", അരുണിന്റെ ശബ്ദം ഉയർന്നു.
അനിയൻ ചേച്ചിയോട് ചോദിക്കുന്ന ചോദ്യം, പ്രിയ ഒന്നും മിണ്ടിയില്ല.
"കല്യാണം പോലും, അതും ഈ അമ്പതാമത്തെ വയസ്സിൽ.. ചേച്ചി ഓക്ലൻഡിൽ ആയിരുന്നപ്പോൾ ഏതെങ്കിലും ഒരാളെ കണ്ടുമുട്ടാൻ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്.. പക്ഷെ, ഇപ്പോൾ.. ഇത് ഞാൻ സമ്മതിക്കില്ല."
"ഏട്ടാ, ചേച്ചിയോട് ഇങ്ങനെയാണോ സംസാരിക്കുന്നത്?.." ഹേമ ഭർത്താവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
"പിന്നെ..? നീ കേട്ടില്ലേ? കല്യാണം പോലും.. അയാൾ സ്വത്തിനു വേണ്ടിയായിരിക്കും.."
പ്രിയ സോഫയിൽ നിന്നെണീറ്റു.
"അരുൺ, ഞാനിത് നിന്നോട് അനുവാദം ചൊദിച്ചതല്ല, നിന്നോട് പറയണം എന്ന് തോന്നി അത്രമാത്രം, ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ആളിനോടൊപ്പം ബാക്കിയുള്ള കാലം ജീവിക്കാൻ പോകുന്നു. നിനക്ക് താല്പര്യമുണ്ടെങ്കിൽ സഹകരിക്കാം, ഇല്ലെങ്കിൽ നിന്റെയിഷ്ടം.."
പ്രിയ ഒന്ന് നിറുത്തി, "പിന്നെ സ്വത്തിന്റെ കാര്യം, അതിന്റെ മുക്കാൽ പങ്കും നിന്റെ കുട്ടികളുടെ പേരിലാണ്. സമയമാകുമ്പോൾ വക്കീൽ പേപ്പർ നിന്റെ കയ്യിൽ തരും. അത് കൊണ്ട് അതിന്റെ കാര്യത്തിൽ നീ ടെൻഷനടിക്കണ്ട."
അരുണിനൊന്നും പറയാനില്ല എന്ന് തോന്നിയപ്പോൾ പ്രിയ പുറത്തേക്ക് നടന്നു.
"ഏട്ടാ, നമ്മളെപ്പോഴെങ്കിലും ചേച്ചിയുടെ മനസ്സ് കാണാൻ ശ്രമിച്ചിട്ടുണ്ടോ? ഇത്രേം കാലം ചേച്ചി കാത്തിരുന്നത് ആ ആളിന് വേണ്ടിയാണെങ്കിലോ..?" ഹേമയുടെ ചോദ്യത്തിന് അരുണിന് മറുപടിയുണ്ടായില്ല.
***

മനോജിന്റെ വീട്ടിലും മറിച്ചായിരുന്നില്ല. 
"അച്ഛനിതെന്ത് ഭാവിച്ചാണ്?... ഞാൻ എങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും..?" ഹരി ശബ്ദമുയർത്തിതന്നെ സംസാരിച്ചു. 
"ഹരി, അച്ഛനോടാണ് സംസാരിക്കുന്നതെന്ന് ഓർമ്മ വേണം.. " ഉണ്ണി ഹരിയെ ശാസിച്ചു. 
"ഉണ്ണീ, അവൻ പറയട്ടെ.." മനോജ് അനിയനെ തടഞ്ഞു. 
"കൊച്ചച്ഛ, ഇതിപ്പോ ഞാൻ എന്താ പറയേണ്ടത്.. നാളെയിത് നാട്ടുകാർ പറഞ്ഞു കളിയാക്കില്ലേ.. നിന്റെ അച്ഛന് വയസ്സാം കാലത്ത് എന്തിന്റെ കേടാ എന്ന് ചോദിക്കില്ലേ..?"
ഹരി ഉണ്ണിയോട് ചോദിച്ചു.
"ഹരി, നിനക്ക് നിന്റെ അച്ഛനാണോ നാട്ടുകാരനോ വലുത്..?" ഉണ്ണിയുടെ ചോദ്യത്തിന് മുന്നിൽ ഹരി ഒന്ന് പതറി. 
"അത് പിന്നെ... കൊച്ചച്ചൻ പറയ്, ഞാൻ എന്താ ചെയ്യേണ്ടത്? ആ സ്ത്രീ സ്വത്തിനു വേണ്ടിയല്ല എന്നെന്താണുറപ്പ്‌?"
"അച്ഛാ, എനിക്കിപ്പോഴും മനസ്സിലാകാത്തത് ഒന്നേയുള്ളു, എന്തിനാ ഇപ്പോൾ..? വേണമെങ്കിൽ 'അമ്മ പോയ സമയത്ത് ആകാമായിരുന്നില്ലേ..?"
മനോജ് ഒന്നും പറയാതെ മുറി വിട്ടു. 
ഏട്ടൻ ഇറങ്ങിപ്പോയ ദിശയിലേക്ക് ഉണ്ണി അൽപ്പനേരം നോക്കിയിരുന്നു. 
"ഏട്ടാ, മോളെയൊന്നു പിടിച്ചേ... ഞാൻ കുളിച്ചിട്ടു വരാം.." സിനി കുഞ്ഞു റിന്നയെ ഹരിയെ ഏൽപ്പിച്ചു. 
ഹരി കുഞ്ഞിനെ താലോലിക്കാൻ തുടങ്ങി. 
"ഹരീ.."
ഹരി കൊച്ചച്ചന്റെ മുഖത്തേക്ക് നോക്കി.
"നീ ചോദിച്ചില്ലേ ഏട്ടനോട്..? അമ്മ പോയ സമയത്ത് പാടില്ലായിരുന്നു എന്ന്..? ശരിയാണ്. ഏട്ടന് ആ സമയം മറ്റൊരു വിവാഹം കഴിക്കാമായിരുന്നു, പക്ഷെ, അന്ന് ഏട്ടൻ ചിന്തിച്ചത് നീ ഒരു കരയ്‌ക്കെത്തട്ടെ എന്നാണ്. പിന്നെ സ്വത്തിന്റെ കാര്യം, ഏട്ടനുള്ളതെല്ലാം എന്നേ നിന്റെപേരിൽ എഴുതിക്കഴിഞ്ഞു."
ഉണ്ണി എഴുന്നേറ്റു അയാൾക്കിനി ഒന്നും പറയാനില്ലായിരുന്നു. 
***

പ്രിയയുടെയും മനോജിന്റെയും ഒന്ന് രണ്ടു സുഹൃത്തുക്കളും ഉണ്ണിയുമല്ലാതെ മറ്റാരുമുണ്ടായില്ല ചടങ്ങിന്. 
രജിസ്റ്ററിൽ ഒപ്പുവച്ചിട്ട് പ്രിയ മനോജിനെ നോക്കി പുഞ്ചിരിച്ചു. 
"എങ്ങോട്ടാ, ട്രെയിൻ ബുക്ക് ചെയ്തിട്ടുണ്ടെന്നു കേട്ടു..?" ഉണ്ണി ചോദിച്ചു. 
"ചന്ദ്രോദയ മന്ദിർ.." മനോജ് ചിരിച്ചു. 
***
ചുവന്ന സാരിയിൽ പ്രിയ സുന്ദരിയായിരുന്നു, നരവീണ മുടിയിഴകൾക്കുമീതെ തെളിഞ്ഞു നിൽക്കുന്ന സിന്ദൂരം. 
അയാൾ കണ്ണിമയ്ക്കാതെ അവളെ നോക്കി. 
ചന്ദ്രോദയ മന്ദിറിന്റെ കൽപ്പടവുകളിൽ ഇരിക്കുകയായിരുന്നു അവർ. ഇരുപത്തൊന്നു വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ വീണ്ടും. ഇത്തവണ കാർവാ ചൗത്തിനു അധികം ആരവങ്ങളുണ്ടായിരുന്നില്ല. 
"മാറിപ്പോയി അല്ലെ എല്ലാം..?"
"ഉം.."
"ഏട്ടാ.."
"ഉം..?"
"ദേഷ്യമുണ്ടോ എന്നോട്..?"
"ഉണ്ട്.."
"ശരിക്കും..?"
"ഉം.. ശരിക്കും.."
"എന്തിനാ ദേഷ്യം..?" 
"എന്റെ ജീവിതത്തിലേക്ക് താമസിച്ചു കടന്നു വന്നതിന്.. നീണ്ട ഇരുപത്തേഴു വർഷങ്ങൾ....അല്ലെങ്കിലും വലിയ അനുഗ്രഹങ്ങൾ നമ്മിൽ വൈകിയല്ലേ വരുള്ളൂ.. " അയാൾ നിശ്വസിച്ചു 
പ്രിയയുടെ കണ്ണുകൾ നിറഞ്ഞു. 
"അതിനെന്താ... ഇനി ഞാൻ ഉണ്ടാകുമല്ലോ കൂടെ.."
അയാൾ അവളുടെ കൈവിരലുകൾ കോർത്തുപിടിച്ചു. 
"പോണ്ടേ?"
"ദേ.. ആ ചെരാതുകൾ കത്തി തീരുമ്പോൾ പോകാം... " 
അവൾ നദിയിൽ ഒഴുകി നടക്കുന്ന ചെരാതുകൾ ചൂണ്ടിക്കാട്ടി. 
ഒഴുകിപ്പോകുന്ന ചെരാതുകൾ അവളുടെ കണ്ണുകളിൽ തിളങ്ങി.
"നീ എന്താ പ്രാർഥിച്ചത്?"
"ഏട്ടൻ എപ്പോഴും സന്തോഷമായിരിക്കാൻ.."
അവളുടെ വിരലുകൾ അയാൾ ഒന്നുകൂടി കോർത്തുപിടിച്ചു. 
ചെരാതുകൾ ഒഴുകിപ്പോയപ്പോഴേക്കും അവർ അവിടെ നിന്നും എഴുന്നേറ്റു നടന്നു. 

അവർക്ക് പുറകിൽ കർപ്പൂരത്തിന്റെ  മണവുമായി വന്ന വയസ്സൻ കാറ്റ് കൽപ്പടവുകളോട് സന്തോഷം പങ്കിട്ട് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.