2018, ജനുവരി 8, തിങ്കളാഴ്‌ച

ഇങ്ങനത്തെയും ചില ബസ് യാത്രകൾ..

ഇങ്ങനത്തെയും ചില ബസ് യാത്രകൾ..

KSRTC ബസിൽ പോകാത്തവർ ആരുമുണ്ടാകില്ല. 
അതൊരു ഒന്നൊന്നര യാത്ര തന്നെയാണ് . തിങ്കളാഴ്ച ദിവസമാണെങ്കിൽ പറയുകയും വേണ്ട. 
അവധിയൊക്കെ കഴിഞ്ഞു മടങ്ങി വരുന്നവരുടെ തിരക്ക്. ഓഫീസിലെത്താൻ തിടുക്കപ്പെടുന്നവരുടെ തിരക്ക്. മെഡിക്കൽ കോളേജിൽ പോകുന്നവർ, സ്കൂൾ കുട്ടികൾ, കോളേജ് ഹീറോസ്‌, അങ്ങനെ നീളും, സൂചി കുത്താണിടം കാണില്ല. 
ചില വിദ്വാന്മാർ അവിടെയും തള്ളിക്കയറും (ഞാനും ഉണ്ടാകും ചിലപ്പോൾ). 
കയാറിയാലത്തെ വിശേഷം  പറയുകയും വേണ്ട. 
ഒരു കാൽ സ്റ്റെപ്പിൽ, ഒരു കാൽ ബസ്സിനകത്ത്. ബാഗ് ആറെയെങ്കിലും ഏല്പിക്കാമെന്നു വച്ചാൽ ഇരിക്കുന്ന ആളിനെ ഇട്ടുമൂടാനുള്ള ബാഗ് അയാൾ വഹിക്കുന്നുണ്ടാകും. 
ക്യാരിയർ നിറയേയുമുണ്ടാകും ബാഗ്. 
ബാഗ് തൂക്കി നിൽക്കുന്നത് സഹിക്കാം, ഓരോ ബ്രേക്ക് പിടിക്കുമ്പോഴും കിട്ടുന്ന തട്ടിന്റെയും മുട്ടിന്റെയും കഠിന്യമാണ് സഹിക്കാനാകാത്തത്.
 അതും പോട്ടെ എന്നു വയ്ക്കാം, രാവിലെ കുളിക്കാതെ കളറും ചെയ്ത് ചകിരി മുടിയും കൊണ്ട് ചിലർ കേറും, കാറ്റടിക്കുമ്പോൾ മുടി അടുത്തു നിൽക്കുന്നവന്റെ വായിൽ... ഹോ...
അടുത്ത ചിലരുണ്ട്, കഴുകാത്ത തുണിയിൽ പെർഫ്യൂം വാരിപ്പൂശി വരുന്നവർ. അവരുടെ അടുത്തെങ്ങാനുമാണ് നിൽക്കുന്നതെങ്കിൽ ഏതാണ്ട് വൈറ്റ് റം അടിച്ച പ്രതീതിയാണ്.
ചുരിദാറിന്റെ ഷാൾ ആണ് അടുത്ത താരം. 
പിന് ചെയ്തിട്ടുണ്ടെങ്കിൽ വല്യ പ്രശ്നമില്ല, പോകുമ്പോ കൂടെ കൊണ്ട് പോകാം, പിന് ചെയ്യാത്തവരുടെ ഷാൾ മറ്റാരെങ്കിലും കൊണ്ടു പോകും.
ഓപ്പൺ ഉള്ള ടോപ്പ് ഇടുന്നവർക്ക് രണ്ട്‌ കാലുകൾ മാത്രമേ ഉണ്ടാകൂ, ടോപ്പിന്റെ രണ്ട്‌ ഭാഗവും രണ്ടിടത്തായിരിക്കും.
പിന്നെ ചില ഞരമ്പ് രോഗി കണ്ടക്ടര്മാര്, സ്ഥലമില്ലെങ്കിലും ഞെങ്ങി ഞെരുങ്ങി പെണ്ണുങ്ങളുടെ അടുത്തെത്തുന്നവർ... അവർക്ക് നേരിട്ട് ടിക്കറ്റ് കൊടുത്താലേ തൃപ്തിയാകു..
ഇരിക്കാൻ സീറ്റ് കിട്ടുന്നത് വല്ല തടിയന്മാരുടെയോ തടിച്ചികളുടെയോ അടുത്താണെങ്കിൽ പിന്നെ സാൻഡ് വിച്ച് പരുവമായിരിക്കും.
ഉറങ്ങുന്ന ആശാന്മാർ ആണെകിൽ പറയുകയും വേണ്ട, കയ്യും വിരിച്ചിരുന്നാൽ ഭീമന്റെ കയ്യിൽ പെട്ട കീചകന്റെ അവസ്ഥ...., ഭയാനകം.
ആര് എണീക്കുന്നു എന്ന നോക്കി നിൽക്കുന്ന അടുത്ത വിഭാഗം. എണീക്കാൻ പോകുകയാണെന്ന് മനസ്സിലായാൽ കരിമ്പ് കണ്ട ആനയെപ്പോലെ എല്ലാവരെയും തട്ടി മറിച്ചിട്ട് ഒരു വരവുണ്ട്, അത് കാണുമ്പോഴേ.ഇരിക്കുന്നവർ എണീക്കും (ഞാൻ സ്റ്റോപ് എത്തിയാൽ മാത്രമേ എണീക്കൂ, അങ്ങാനിപ്പം പേടിപ്പിക്കേണ്ട).
ഇറങ്ങി രക്ഷപ്പെട്ടെന്നു കരുതരുത്, ഇപ്പോഴാ യാത്രത ട്വിസ്റ്റ്, 
ഇറങ്ങുന്ന വഴി ഡോറിൽ ഉയർന്നു നിൽക്കുന്ന തകിടിന്റെ ഭാഗം ചെറുതായൊന്ന് തലോടും, തുണിയാണോ കീറിയത് കൈയാണോ മുറിഞ്ഞതെന്ന് ആദ്യം മനസ്സിലാകില്ല..പതിയെ നീറ്റൽ തുടങ്ങും...
ഇന്ന് ഓടിച്ചാടി സൈഡ് സീറ്റ് പിടിച്ച് ഇരിപ്പായി, 'തടിച്ചികൾ ആരും വന്നിരിക്കല്ലേ' എന്ന പ്രാർത്ഥനയിൽ..
അവിടേം ട്വിസ്റ്റ്, തടിച്ചികൾ വന്നില്ല പകരം മൂന്നു പേർ.
ഒരമ്മച്ചി, മകൻ, മകൾ...മകൾക്കിരിക്കാൻ സ്ഥലമില്ല, ഉടനെ അതിനെയും പിടിച്ചിരുത്തി, മൂന്നുപേർ കഷ്ടിച്ചിരിക്കുന്ന സീറ്റിൽ നാലുപേർ.
ഞാനാരാ? സാൻഡ്വിച്ച്.
മൂന്നു പേരും സുഖമുറക്കം.
പാവം ഞാൻ.. അല്ലെ? 
😢