2020, മേയ് 16, ശനിയാഴ്‌ച

പുകവലിയും തുമ്മലും പിന്നെ കോറോണയും

പുകവലിയും തുമ്മലും പിന്നെ കോറോണയും 

സിഗരറ്റിനോട് വല്ലാത്തൊരിഷ്ടമുണ്ടായിരുന്നു. ശരിക്കും അതെനിക്ക് അത്ഭുതം തന്നെയായിരുന്നു. വാലറ്റത്ത് തീ കൊളുത്തുമ്പോൾ വായിൽക്കൂടെ പുക വരുന്ന അത്ഭുത പ്രതിഭാസം. 
ആദ്യം ഇഷ്ടം തോന്നിയത് ഉപ്പായും മാമായും വലിക്കുമായിരുന്ന പനാമ സിഗരറ്റിനോടാണ്, അതിന്റെ ഗന്ധത്തോട്. 
അക്കാലത്ത് മിക്കവാറും എല്ലാവരുടെയും പോക്കറ്റുകൾ അടക്കിവാണിരുന്നത് പനാമയും കിംഗ് ബീഡിയും, എന്നാലും മുൻ‌തൂക്കം പനാമക്ക് തന്നെയാണ്. 
വാപ്പച്ചി കട തുടങ്ങിയതിന് ശേഷമാണ് സിഗററ്റിനും വകഭേദങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നത് തന്നെ. 

പതുക്കെപ്പതുക്കെ പനാമയും മാറിത്തുടങ്ങി, റെഗുലർ മാറി 20 വന്നു, 20 വന്നു. അതിന്റെ സിൽവർ നിറത്തിലുള്ള അകത്തെ കവർ മാറി പുത്തൻ പാക്കറ്റിലായി.. 
അങ്ങനെയങ്ങനെ പനാമ പ്രതാപത്തോടെ നിന്നിരുന്ന കാലത്താണ് വിൽസും സിസറുമെല്ലാം പച്ചപിടിക്കുന്നത്. വിൽസിന്റെ 'made for  each  other' പരസ്യങ്ങൾ ടീവിയിൽ പതിവായി. പതിയെപ്പതിയെ പനാമ മങ്ങിത്തുടങ്ങി. പുതിയ വലിക്കാരൊക്കെ പുതിയ സിഗരറ്റുകൾ തേടിത്തുടങ്ങി. 

അക്കാലത്താണ് ടൈറ്റാനിക്ക് കാണുന്നത്, റോസും ജാക്കും കൈകൾ വിടർത്തിപ്പിടിച്ചു കപ്പലിന്റെ മേൽത്തട്ടിൽ കയറി നിൽക്കുന്ന കാഴ്ചയേക്കാൾ എന്നെ ആകർഷിച്ചത് അലോസരപ്പെടുത്തുന്ന സംസാരങ്ങൾക്കിടയിൽ കട്ടിക്ക് വെളുത്ത പുക വലിച്ചു വിടുന്ന റോസാണ്. 

അന്നേരം ഒരു പൂതി, ഒന്ന് വലിച്ചു നോക്കിയാലോ.. 
അങ്ങനെ സ്ഥിരം വലിക്കാരെ നിരീക്ഷിച്ചു തുടങ്ങി. എങ്ങനെ കത്തിക്കണം, എങ്ങനെ ആദ്യത്തെ പുകയെടുക്കാം, തിയറി പഠിച്ചു. ഇനി പ്രാക്ടിക്കൽ. 
കടയിൽ നിന്ന് സിഗരറ്റ് അടിച്ചു മാറ്റാനാണ് പാട്, കടയിൽ ഒന്നുകിൽ വാപ്പച്ചിയോ ഉമ്മച്ചിയോ കാണും ഇല്ലെങ്കിൽ ഉപ്പ,  അടിച്ചു മാറ്റിയാൽത്തന്നെ ആരുടേം കണ്ണിൽപ്പെടാതെ വലിക്കണം. 

അങ്ങനെ ആ അവസരം വന്നു, ഒരു വെള്ളിയാഴ്ച, വാപ്പച്ചിയും ഉപ്പയും ജുമഅക്ക് പോയി, ഉമ്മച്ചി എന്തോ ആവശ്യത്തിന് എന്നെ കടയിൽ നിറുത്തി വീട്ടിലേക്ക് പോയി. 
ഒരു രൂപയുള്ള പനാമയേക്കാൾ രണ്ടര രൂപയുള്ള വിൽസ് തന്നെ തിരഞ്ഞെടുത്തു, ഉടുപ്പിനുള്ളിൽ ഒളിപ്പിച്ച് അത് കടയിൽ നിന്ന് കടത്തി വീട്ടിലെത്തിച്ചു. ഇനി തീപ്പട്ടി വേണം, തീപ്പട്ടി എടുക്കാൻ വീണ്ടും കടയിൽ പോകുന്നത് റിസ്കാണ്. 
വലിക്കുന്നെങ്കിൽ ഇന്ന് വലിക്കണം, ഇതിലും നല്ല അവസരം വേറെ വരാനില്ല, പതിയെ അടുക്കളയിൽ കയറി തീപ്പട്ടി ഒപ്പിച്ചു, പരിസരത്തൊന്നും ആരുമില്ല, ധൈര്യമായി.
നേരെ ടെറസിലേക്ക് അവിടെ തടിയൊക്കെ വയ്ക്കാൻ ഒരു ടാർപ്പ വലിച്ചു കെട്ടിയിട്ടുണ്ട്. 
സിഗരറ്റ് പതിയെ പുറത്തെടുത്തു, നെഞ്ച് പടപടാ മിടിക്കുന്നുണ്ട്. 
ആദ്യം സിഗരറ്റ് ഒന്ന് മണത്തു, പുകയുടേതിന് സമാനമായ ഒരു മണമുണ്ട്, ആസ്വദിക്കാൻ സമയമില്ല, പള്ളിപിരിഞ്ഞെല്ലാരും വരുന്നതിനു മുന്നേ വേണം, പിടിക്കപ്പെടാതിരിക്കാൻ തുളസി, ബൂമർ, ഉള്ളി ഇതെല്ലം റെഡിയാക്കി വച്ചിട്ടുണ്ട്. 
സിഗററ്റെടുത്ത് ചുണ്ടിലേക്ക് വച്ചു. വച്ച ഭാഗത്തെ തൊലി ഡ്രൈ ആയ പോലെ തോന്നി, തോന്നിയതല്ല ശരിയാണ്. 
കത്തിക്കണോ വേണ്ടയോ ഒന്ന് വീണ്ടും സംശയിച്ചു, എങ്ങാനും പിടിക്കപ്പെട്ടാലോ.. 
അപ്പോളേക്കും നമസ്കരിക്കാൻ പോയവരൊക്കെ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഇനി നിന്നാൽ അപകടമാണ്.
പതിയെ താഴെയിറങ്ങി, തീപ്പട്ടി അതുപോലെ അടുക്കളയിൽ വച്ചു. 
ഇനി സിഗരറ്റ് ഒന്നുകിൽ അത് ഒരു തെളിവുമില്ലാതെ നശിപ്പിക്കണം, അല്ലെങ്കിൽ അത് കടയിൽ തിരികെ വക്കണം, രണ്ടാമത്തെ മാർഗമാണ് കൂടുതൽ എക്കണോമിക്കൽ ആയി തോന്നിയത്. ആർക്കും നഷ്ടമില്ല. 

എന്റെ പാളിയ പുകവലിക്കാത്ത ഇവിടെ അവസാനിക്കുന്നു. 

***
വർഷങ്ങൾക്കിപ്പുറം, 
തൊടുന്നത് സർവ്വതും അലർജിയായത് കൊണ്ട് സിഗററ്റിനെയും അതിന്റെ ഗന്ധത്തെയും എനിക്ക് പഴയത് പോലെ സ്നേഹിക്കാൻ തോന്നാറില്ല, സിഗററ്റെന്നല്ല, പെർഫ്യൂം, ചില സോപ്പുകൾ, അങ്ങനെ പോകും ലിസ്റ്റ്. 

കടയിൽ ഇരിക്കുമ്പോൾ എനിക്ക് തീരെ ഇഷ്ടമില്ലാത്ത രണ്ട് സാധനങ്ങളാണ് മുളകും മല്ലിയും, അടുത്തുകൂടെ പോയാൽ തന്നെ ഞാൻ തുമ്മാൻ തുടങ്ങും, അതുകൊണ്ട് പരമാവധി ഞാൻ അവയോട് അടുക്കാറില്ല. 

വീട്ടിനടുത്ത് ഒരു മൂപ്പിലാനുണ്ട്. 
കൃത്യം മൂന്ന് മണിക്ക് കടയിൽ വരും, വാപ്പച്ചി നമസ്കരിച്ചിട്ട് അൽപ്പ നേരം കിടക്കുന്ന സമയം, ആ നേരം എനിക്കാണ് ഡ്യൂട്ടി. എന്ന് വന്നാലും ഒരു സിഗരറ്റ് അവിടെ നിന്ന് പുകച്ചിട്ടേ പോകൂ. ആ സമയം ഞാൻ പരമാവധി മുഖവും മൂക്കും മൂടിക്കെട്ടിയാണിരിക്കാറ്. മാറി നിന്ന് വലിക്കാൻ പറഞ്ഞാലൊട്ട് കേൾക്കുകയുമില്ല.

ലോക്ക്ഡൗണിൽ സിഗററ്റുകളൊന്നും വിൽക്കാൻ പാടില്ല, കിട്ടാനുമില്ല. 
എന്നാലും ഈ മൂപ്പിലാൻ കടയിൽ വരുന്ന സമയം എവിടുന്നെങ്കിലും ഒരെണ്ണം തപ്പിക്കൊണ്ടാകും വരവ്. 
"ഒരു തീപ്പട്ടി." 
തീപ്പട്ടിയും വാങ്ങി അത് വലിച്ച് തീരുന്നത് വരെ വഴിയേ പോകുന്നവരെയും കമന്റടിച്ച് അവിടെ നിക്കും. 
ഇങ്ങേരെക്കൊണ്ട് ഞാൻ...

പറയാൻ വന്നത് മിനിയാന്ന് നടന്ന സംഭവം.
"മോളെ, ഒരു നൂറ് ഗ്രാം മുളക്." 
താഴത്തെ അമ്മച്ചിയാണ്.
കൊടുക്കാതിരിക്കാൻ നിവൃത്തിയില്ലല്ലോ, ഞാനല്ലാതെ വേറാരുമല്ല കടയിൽ. 
അങ്ങനെ അമ്മച്ചിയെ സന്തോഷത്തോടെ പറഞ്ഞയച്ചപ്പോഴാണ് നമ്മുടെ മൂപ്പിലാന്റെ വരവ്.
മാസ്കിന്റെ വള്ളി മാത്രം ചെവിയിൽ തിരുകി ബാക്കി കഴുത്തിലൂടെയിട്ട് മൂളിപ്പാട്ടൊക്കെ പാടി.. 
"ഒരു കവർ പാൽ.." ദൂരെ നിന്നെ അയാൾ വിളിച്ചു പറഞ്ഞു. 
പാലും കൊടുത്ത് പൈസ വാങ്ങുമ്പോൾ പതിവ് പോലെ 
"ബാക്കിപൈസക്ക് ഒരു തീപ്പട്ടി.."
അയാൾ പറഞ്ഞു തീരുന്നതിനു മുന്നേ ഞാൻ തുമ്മി. ഒന്നല്ല, ഒരാറേഴെണ്ണം ഒരുമിച്ച്, മുളകെടുത്ത കൈ കൊണ്ട് മുഖം പൊത്തിയപ്പോൾ എല്ലാം ശുഭം. 
പിന്നെ ഞാൻ കാണുന്നത് കഴുത്തിൽ തൂക്കിയിട്ടിരുന്ന മാസ്കും വലിച്ചുപറിച്ച് മുഖവും മൂടി ഓടുന്ന മൂപ്പിലാനെയാണ്..
"ഡേയ് നീ നേരത്തെ പോകുവാണോ..?"
ഓടുന്ന വഴിയിൽ മൂപ്പിലാന്റെ സ്ഥിരം കമ്പനി. 
"മഴ വരുന്നു, മഴക്ക് മുന്നേ വീടെത്തട്ടെ.."
തെളിഞ്ഞു നിൽക്കുന്ന ആകാശത്തിൽ രണ്ടു നിമിഷം കമ്പനിക്കാരൻ മഴയെ തിരഞ്ഞു. 
എന്തായാലും മൂപ്പിലാൻ ഇനി തീപ്പട്ടിക്ക് വരുമെന്ന് തോന്നുന്നില്ല. 


Nb- ഇന്ന് പനാമ പോയി, വിൽസ് രണ്ടര രൂപയിൽ നിന്ന് പത്ത് രൂപയായി. എങ്കിലും പനാമ ഇഷ്ടം. നൊസ്റ്റു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ