2025 ജൂലൈ 25, വെള്ളിയാഴ്‌ച

കർക്കിടകം

 കർക്കിടകം

രാവിലെ കല്യാണത്തിന് പോകാൻ റെഡി ആയി ഇറങ്ങിയപ്പോഴാണ്  കെട്ടിയോന്റെ വക ഒരു ഡയലോഗ്. 

"ഡി കണ്ണാടി, നല്ല ഭംഗിയുണ്ടല്ലോ കാണാൻ.. പക്ഷെ, മജന്റ ലിപ്സ്റ്റിക്ക് ആണ് കുറച്ചു കൂടി ചേരുന്നത്, അത് ഇടാത്തതെന്താ....?"

"അത് തീർന്നു ചാച്ചുവേ......."

കയ്യിൽ പൈസ ഇല്ല വാങ്ങിത്തരണം എന്ന എന്റെ ഡയലോഗ് വരുന്നതിന് മുന്നേ..

"നീ വാ, വണ്ടിയിൽ എണ്ണയടിക്കാൻ ആകെ അഞ്ഞൂറ് രൂപയേ ഉള്ളൂ..." എന്ന വാക്യം പറഞ്ഞെന്റെ വായ അടപ്പിച്ചത്. 

അങ്ങനെ അഞ്ഞൂറ് രൂപക്ക് പെട്രോളുമടിച്ച് നമ്മൾ കല്യാണം കൂടാൻ പോയി. 

കല്യാണമൊക്കെ കൂടി, വയർ മൊത്തം നിറഞ്ഞില്ലെങ്കിലും അത്യാവശ്യമൊക്കെ നിറച്ച് പെരുമഴയത്ത് ഞങ്ങൾ മടങ്ങിയെത്തി. 

രാത്രി, 

പ്രണയാതുരയായി കിടക്കുന്ന എന്നോട് ചേർന്ന് കിടന്ന് കെട്ടിയോന്റെ അടുത്ത ഡയലോഗ്..

"നിന്റെ മുടി എന്ത് വാട്ട നാറ്റമാടി..."

എന്റെ പ്രണയമൊക്കെ അതും കേട്ട് വന്ന വഴിക്ക് തിരിഞ്ഞോടി. 

"ചില ദിവസം നിന്റെ മുടി എന്ത് മണമാണെന്നറിയോ...? നല്ല ബ്ലൂബെറിയുടെയും ചന്ദനത്തിന്റെയുമൊക്കെ... സൂപ്പർ മണമാ അത്... നീ ആ  ഷാമ്പു തേക്കാത്തതെന്താ...?"

"ചാച്ചുവേ... തല മണക്കാനുള്ള സാധനങ്ങളൊക്കെ തീർന്നു. വാങ്ങാനാണെങ്കിൽ..."

എന്നെ പറഞ്ഞു തീർക്കാൻ പുള്ളി സമ്മതിച്ചില്ല, 

"ഓ സാരമില്ലാടി, നിന്റെ മുടിക്ക് ഈ മണമൊക്കെ ധാരാളം...."

അതും പറഞ്ഞ് കെട്ടിയോൻ ഒന്നുകൂടി ചേർന്നുകിടന്നു. 

അതെ.. ഇതൊക്കെത്തന്നെ ധാരാളം. 


കർക്കിടകം 'പഞ്ഞമാസം' മാത്രമല്ല എനിക്ക് 'പന്നമാസം' കൂടിയാണ്. 





Nb:- ഈ പോട്ടം വേറൊരു കല്യാണത്തിന് പോയപ്പം എടുത്തത്. 

 


2025 ഏപ്രിൽ 10, വ്യാഴാഴ്‌ച

അവിയൽ

 അവിയൽ

എന്നെ അവിയലുണ്ടാക്കാൻ പഠിപ്പിച്ചത് വിശ്വദാസ് സാറാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ...?

എങ്കിൽ അതാണ് സത്യം.!

എന്നെ അവിയലുണ്ടാക്കാൻ പഠിപ്പിച്ചത് എന്റെ കെമിസ്ട്രി അധ്യാപകനായ വിശ്വദസ് സാറാണ്. നിങ്ങൾ അമ്പരക്കുന്നത് പോലെ ലൈവ് അടുക്കള പഠനം അല്ല കേട്ടോ. അതൊരു രസകരമായ രസതന്ത്രം.

പ്ലസ്‌ടുവിലെ പതിവ് രസതന്ത്രം ക്ലാസ്. അതും ഉച്ചക്ക് ശേഷം രണ്ടു പിരീഡ് ചേർത്തോണ്ട്.                                                                                                                            ഉച്ചക്ക് മുന്നേയുള്ള ക്ലാസുകൾ ആസ്വദിക്കാറുണ്ടെങ്കിലും ഭക്ഷണവും കഴിച്ചിട്ട് ക്ലാസ്സിലിരിക്കുന്ന അവസ്ഥ അറിയാമല്ലോ.

 കണ്ണുകൾ അടഞ്ഞുപോകാതിരിക്കാൻ കണ്ണിൽ വിക്‌സും തേച്ചാണ് ഇരിപ്പ്.  സാർ എപ്പോളാണ് ചോദ്യം ചോദിക്കുക എന്ന പറയാൻ പറ്റില്ല. 

കെമിക്കൽ ചെയ്ഞ്ചസ് പഠിപ്പിക്കുകയാണ്, ടെമ്പററി ആണോ പെർമനന്റ് ആണോ എന്ന വിഷയം, ഉദാഹരണം പറയാൻ ഉരുളകിഴങ്ങ്  എടുത്തതാണ്, പറഞ്ഞുപറഞ്ഞ് സദ്യയും സദ്യ വിഭവങ്ങളും എത്തി. 

അങ്ങനെ സാർ പറയുകയാണ്, 

"ഇന്നലെ ഒരു കല്യാണത്തിന് പോയി, ഒന്ന് ആസ്വദിച്ച് കഴിക്കാൻ പറ്റിയില്ല, ചോറൊന്ന് വായിൽ വയ്കുമ്പോഴേക്കും പായസം കൊണ്ട് വരുന്നു, പിന്നെ കഴിച്ചെന്ന് വരുത്തി. കഴിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണാവോ ഇത്രേം കറികൾ വിളമ്പുന്നത്.?

നമ്മൾ ട്രിവാൻഡ്രം കൊല്ലമൊക്കെ കഴിഞ്ഞ് പോകുമ്പോൾ അവിടുത്തെ കല്യാണ സദ്യക്ക് ഇത്രേം വിഭവങ്ങൾ ഒന്നും ഉണ്ടാകില്ല. അത് മാത്രമല്ല, നമ്മൾ കഴിച്ചുകഴിഞ്ഞ ശേഷമേ അടുത്ത വിളമ്പാറുള്ളു. നമുക്ക് കഴിക്കാൻ സമയം കിട്ടും. "

"എന്നാലും സാറേ അവിയൽ നമ്മുടേതാ സൂപ്പർ....." ആർച്ചയാണത് വിളിച്ചു പറഞ്ഞത്. 

"അത് ശരിയാണ്, നമ്മുടെ സദ്യക്ക് എന്തൊക്കെയുണ്ട്...?"

"പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാര്‍, കാളന്‍, രസം, മോര്....... അവിയല്‍, തോരന്‍, എരിശ്ശേരി, ഓലന്‍, കിച്ചടി, പച്ചടി, കൂട്ടുകറി..... ഇഞ്ചി, നാരങ്ങ, പഴം, ശർക്കര  വരട്ടി, ചിപ്സ്, അടപ്രഥമന്‍...."

ഉറക്കത്തിലേക്ക് വഴുതി നിന്ന ക്ലാസ് ഉറക്കം മറന്ന് ഒന്നടങ്കം ഉച്ചത്തിൽ ഒരേ താളത്തിൽ വിളിച്ചു പറഞ്ഞു.. 

"ഇവിടെ അവിയൽ വയ്ക്കാൻ ആർക്കൊക്കെ അറിയാം..?"                                         ആ ചോദ്യത്തിന് ക്ലാസ്സിന്റെ പല ഭാഗത്തു നിന്നും പലപല ശബ്ദങ്ങൾ. 

"എനിക്കറിയാം.. എനിക്കറിയാം...."   

"അവിയൽ വയ്ക്കുന്നതിന് ഒരു പാകമൊക്കെ ഉണ്ട്, പച്ചക്കറികളൊക്കെ അരിഞ്ഞ് വക്കണം.. നിങ്ങൾ എന്തൊക്കെയാ അവിയലിൽ ഇടുക...?"

"കായ... മുരിങ്ങക്ക... വെള്ളരി... ക്യാരറ്റ്...  ഉരുളൻ കിഴങ്ങ്....." ക്ലാസ് പച്ചക്കറി അരിഞ്ഞുതുടങ്ങി. 

"അതെല്ലാം കൂടി അടുപ്പിൽ വച്ച് അൽപ്പം വെള്ളമൊഴിച്ച് തിളപ്പിക്കണം, അത് തിളയ്ക്കുന്ന സമയത്ത് തേങ്ങാ അരപ്പ് ഉണ്ടാക്കണം. അതിനാദ്യം തേങ്ങാ ചിരകണം..."

ക്ലാസ് തേങ്ങാ ചിരകാൻ തുടങ്ങി. 

"അതിലേക്ക് പച്ചമുളക്, വെളുത്തുള്ളി, മഞ്ഞപ്പൊടി പിന്നെ ജീരകം.. ഇതൊക്കെ ഇട്ട് ഒന്ന് ചതച്ചെടുക്കണം... അമ്മിയിൽ ആണെകിൽ അടിപൊളി."

"എന്നിട്ട് പച്ചക്കറി വെന്തതും അരപ്പും ചേർത്ത് ഇളക്കി മൂടി വക്കണം. വെള്ളം വറ്റി വരുമ്പോൾ കുറച്ച് പച്ച വെളിച്ചെണ്ണയും ചേർത്ത് കുറച്ച് കറിവേപ്പിലയുമിട്ട് മൂടി വക്കണം. ഒരു രണ്ട് മിനുട്ട് കഴിഞ്ഞ് പാത്രം തുറക്കുമ്പോൾ ഒരു മണം വരും, അത് മതി ഒരുകലം ചോറുണ്ണാൻ....."

ആ വിവരണത്തോടെ ക്ലാസ് രണ്ടാമതൊരു ഊണ് കൂടി കഴിച്ചു, അവിയലും കൂട്ടി. 

 ഈ സന്ദർഭം കഴിഞ്ഞിട്ടിപ്പോൾ പതിനഞ്ചു കൊല്ലങ്ങൾ കടന്നു, അവിയൽ ഉണ്ടാക്കുമ്പോളൊക്കെ ചിലപ്പോൾ ഇതൊക്കെ ഓർക്കാറുണ്ട്. ആ നേരമൊക്കെ ഞാൻ പഴയ  കെമിസ്ട്രി ക്ലാസിൽ പോകാറുണ്ട്, ആർച്ചയും സബിതയുമൊക്കെ അടുത്ത് വന്നിരിക്കാറുണ്ട്. 

 ഒന്ന് കുറിക്കണമെന്ന് തോന്നി, അത്രമാത്രം. 




Nb:- ഇത്  ഞാൻ വച്ചതല്ല, ഗൂഗിൾ വച്ചതാണ് 

2025 ഫെബ്രുവരി 19, ബുധനാഴ്‌ച

ഹീരാമഞ്ജരി

 ഹീരാമഞ്ജരി 

ഒരുപാട് കാലത്തിന് ശേഷമാണ് അവൾ തന്റെ എഴുത്തുപെട്ടി തുറന്നത്. പണ്ടെങ്ങോ എഴുതി മുഴുമിക്കാതെ പോയ വരികൾ ചത്തുമലച്ച് ചിതലരിച്ച കടലാസുകളുടെ ശവപ്പറമ്പിൽ ചീർത്തുകിടന്നു. അവിടെയെങ്ങും വിറങ്ങലിച്ച അക്ഷരങ്ങളുടെ ഗന്ധം പടർന്നു. 

ഗർഭം അലസിപ്പോയൊരു ഫൗണ്ടൻ പേന വായിലൂടെ നീല നുരയും പതച്ചു കിടന്നു, അതിനു കാവലെന്നപോലെ മുനയൊടിഞ്ഞൊരു പെൻസിലും കരിവാരിത്തേച്ചൊരു റബ്ബറും. ആകെ മടുപ്പിക്കുന്നൊരന്തരീക്ഷത്തിലും സ്റ്റീൽ സ്കെയിൽ തണുത്തു തന്നെ കിടന്നു. 

ജോലിയുടെ വിരസത തന്നിലേക്കും പകർന്ന് വലിയൊരു രോഗത്തിലേക്ക് കടക്കുന്നുവെന്ന് തോന്നിയപ്പോഴാണ് അവൾ നീണ്ടയൊരവധിക്കാലം പേപ്പറിലാക്കി മേലധികാരിക്ക് നീട്ടിയത്. അയാൾ അത്ഭുതത്തോടെയാണ് അത് വാങ്ങിയത്, 

"എന്തായിപ്പോൾ ഇങ്ങനെ തോന്നാൻ, anything particular"?

അവളൊന്ന് പുഞ്ചിരിച്ചു, "Sir, I need a break, that's all".

ബാഗുമെടുത്ത് പുറത്തേക്കിറങ്ങിയപ്പോളാണ് എങ്ങോട്ടു പോകുമെന്ന ചിന്ത മനസ്സിലേക്കുണർന്നത്. ഫ്ലാറ്റിലേക്ക് പോയിട്ട് കാര്യമില്ല. അവിടെയും താൻ ഒറ്റക്കാണ്. 
അവൾ ഗിരിക്കൊരു മെസ്സേജിട്ടു. നേരിട്ട് പറഞ്ഞാൽ ശ്രദ്ധിച്ചില്ലെങ്കിലും വാട്സാപ്പിൽ ആയത് കൊണ്ട് ഗിരിയത് കാണും. 
"Giri, i am out of town for a while, please take care of Adi and Amala. Shanthi chechi will prepare food. I won't be able to attend calls, if anything particular reach out for Reghu chettan".
അല്ലെങ്കിലും ഗിരിയുമായുള്ള സംസാരം എന്നെ നിലച്ചിരുന്നു. കാണുമ്പോൾ പേരിനെന്തെങ്കിലും സംസാരിക്കുമെന്നതിലുപരി അവർ രണ്ടു ധ്രുവങ്ങളിൽ എന്നേ പാറിപ്പോയിരുന്നു. ആദിയും അമലയുമിപ്പോൾ ഗിരിയുടെ അതേ പാതയിലാണ് കാശിന് വല്ല ആവശ്യവുമുണ്ടെങ്കിൽ മാത്രം മമ്മയെ അന്വേഷിക്കും. താനില്ലെങ്കിലും അവരുടെ കാര്യങ്ങളൊക്കെ നടക്കും. 
അവൾ രഘുവിനെ വിളിച്ചിട്ട് അങ്ങോട്ട് വരുന്ന കാര്യം പറഞ്ഞു. 
"എന്താ കുഞ്ഞേ പെട്ടെന്ന്, ഇങ്ങോട്ട് പൊതുവേ വരാറില്ലല്ലോ. "
"ഒന്ന് രണ്ടു ദിവസം വന്ന് നിൽക്കണമെന്ന് തോന്നി രെഘുച്ചേട്ടാ..."
"എന്താ കുഞ്ഞേ, പ്രശ്നമൊന്നുമില്ലല്ലോ...?" രഘു ഒരു വേവലാതിയോടെ ചോദിച്ചു. 
"ഒന്നുമില്ല ചേട്ടാ, സമാധാനമായിരിക്ക്."
അവളൊരു ദീർഘ നിശ്വാസത്തോടെ ഫോൺ ബാഗിലേക്കിട്ടു. 
എയർപോർട്ടിലേക്ക് കാറിലിരിക്കുമ്പോൾ അവളോർത്തു, അമ്മമ്മ ഉള്ള സമയത്ത് സഹായത്തിന് നിർത്തിയതായിരുന്നു രഘുചേട്ടന്റെ അമ്മയെ, അവരൊക്കെ പോയതിന് ശേഷവും തന്റെ വിശേഷങ്ങൾ അന്വേഷിക്കാൻ രെഘുച്ചേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു. 

                                                                           ****

"മാഡം, സ്ഥലമെത്തി."
ഏതൊക്കെയോ ചിന്തകളിലേക്ക് കരണംമറിഞ്ഞപ്പോഴാണ് ഡ്രൈവർ അത് പറഞ്ഞത്, ഒരു പകപ്പോടെ ചുറ്റിലും നോക്കി, നേരം സന്ധ്യയായിരിക്കുന്നു, ഉമ്മറപ്പടിയിൽ തന്നെയും കാത്ത് രെഘുചേട്ടനിരുപ്പുണ്ട്, ആ ഇരുപ്പു കണ്ടപ്പോൾ അമ്മയെ ഓർത്തു അവൾ, ഇത്പോലെ അമ്മയും കാത്തിരിക്കാറുണ്ടായിരുന്നു. 

കാർ വന്ന ശബ്ദം കേട്ടുകൊണ്ട് രെഘുച്ചേട്ടൻ ഓടി വന്നു, പൈസ കൊടുത്തു കാർ തിരികെ അയക്കുമ്പോൾ അമ്പരപ്പോടെ അയാൾ ചോദിച്ചു, 

"ബാഗൊന്നും ഇല്ലേ കുഞ്ഞേ?"

അവളൊന്നു ചിരിച്ചു.

"മോൾ ഗിരിയോട് വഴക്കിട്ടാണോ വന്നത്..." അയാളൊരു വ്യഥയോടെ ചോദിച്ചു.

"എന്റെ ചേട്ടാ, ടെൻഷൻ ആകേണ്ട അങ്ങനെ ഒന്നുമില്ല, ഗിരി വിളിക്കുന്നെങ്കിൽ ഞാൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞാൽ മതി. വിളിക്കാൻ സാധ്യതയില്ല. ഞാനൊന്നു കുളിച്ച് ഉറങ്ങട്ടെ, നല്ല വിശപ്പുമുണ്ട്, എന്തേലും ഉണ്ടോ കഴിക്കാൻ..?"

"ഞാനത് മറന്നു, മോൾ കുളിച്ചിട്ട് വാ, രാധിക ദോശ ചുടുന്നുണ്ട്, ഞാൻ എടുത്തിട്ട് വരാം.' അയാൾ തിടുക്കത്തിൽ അൽപ്പമകലെ  വെളിച്ചം കാണുന്ന വീട്ടിലേക്ക് നടന്നു പോയി. 

അവൾ മനസ്സിലൊരു തണുപ്പോടെ ആ കാഴ്ച നോക്കി നിന്നു, അയാളുടെ നരകളെ തോൽപ്പിക്കുന്ന കഷണ്ടിയിൽ ചന്ദ്രപ്രഭ തിളങ്ങിയിരുന്നു. 

                                                                            ****

നേരം നന്നേ വെളുത്താണ് അവൾ ഉറക്കമുണർന്നത്, ഇത്ര ശാന്തമായി അവളുറങ്ങിയിട്ട് നാളുകൾ ഒരുപാട് ആയിരുന്നു. വാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ കണ്ടു, വാഴക്കൈ കൊണ്ട് മറച്ച ഒരു പാത്രവുമായി ഓടി വരുന്ന രെഘുച്ചേട്ടന്റെ കൊച്ചുമകളെ. 

"ആന്റീ, അച്ചാച്ചൻ ഇത് തരാൻ പറഞ്ഞു, ഉച്ചക്ക് ഊണ് അവിടുന്നാണെന്ന് പറയാൻ പറഞ്ഞു."

എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് പാത്രവും വച്ച് അവൾ ഓടിപ്പോയി.

അവളാ പാത്രം തുറന്നുനോക്കി, ഇഡ്ഡലിയാണ്. 
ചെറിയ പാത്രം തുറന്നപ്പോൾ മല്ലിയിലയിട്ട സാമ്പാറിന്റെ മണം അവിടെ പരന്നു, അവൾ വേഗം പല്ലു വൃത്തിയാക്കി മുഖവും കഴുകി ഭക്ഷണം കഴിക്കാനിരുന്നു. ഇത്രയും രുചിയുള്ള ഭക്ഷണം ആദ്യമായാണ് കഴിക്കുന്നതെന്നവൾക്ക് തോന്നി. 

അപ്പോളവൾ ഗിരിയെയും മക്കളെയും ഓർത്തു, ഗിരിക്ക് ഇഡ്ഡലി ഇഷ്ടമല്ലാത്തത് കൊണ്ട് അവളത് ഉണ്ടാക്കാറില്ലായിരുന്നു.
അപ്പോളാണ് ഇന്നലത്തെ മെസേജിന് ഗിരി മറുപടി ഇട്ടിട്ടുണ്ടാകുമോ എന്നവളോർത്തത്. ഫോൺ ബാഗിൽ ചാർജ് തീർന്ന് മരിച്ചു കിടക്കുകയായിരുന്നു. ഫോൺ ചാർജിൽ വച്ച് ഓണായപ്പോളേക്കും ഗിരി തലേന്നയച്ച മെസേജ് വന്നു. 
"ok".
അവൾ ആ ഫോൺ വീണ്ടും ഓഫാക്കി വച്ചു.
                                                                            ****
ഏതോ ഉൾപ്രേരണയിലാണ് മച്ചിന് മുകളിലേക്കുള്ള കോണികൾ കയറിയത്. അവിടമാകെ മാറാല പിടിച്ചുകിടക്കുകയായിരുന്നു. അവളവ വകഞ്ഞുമാറ്റി ഒരു കോണിൽ അടുക്കി വച്ചിരുന്ന പെട്ടികളിലേക്ക് ചെന്നു. അവളുടെ പല ഓർമ്മക്കുറിപ്പുകളും നൊമ്പരങ്ങളും അവിടവിടെയായി പെട്ടിക്കുള്ളിൽ തളംകെട്ടിക്കിടന്നിരുന്നു. 
ഓരോ വരികളിലും കണ്ണോടിക്കുമ്പോൾ അവൾ അവളെത്തന്നെ ചേർത്ത് നിർത്തുകയായിരുന്നു. 
പൊടി കയറി തുമ്മാൻ തുടങ്ങിയപ്പോഴാണ് അവൾ താഴ്ത്തേക്കിറങ്ങിയത്.
രഘു കോണിയുടെ ചുവട്ടിൽ നിൽപ്പുണ്ടായിരുന്നു. 
"താഴെ കാണാഞ്ഞപ്പോഴേ തോന്നി, മോളിതിനു മുകളിലായിരിക്കുമെന്ന്."
"ചേട്ടാ, ഇവിടെ ആകെ വൃത്തികേടായി കിടക്കുകയാണ്, ആരെയെങ്കിലും കിട്ടുമോ ഒന്ന് വൃത്തിയാക്കാൻ...?"
"ഞാൻ ആ മാധവന്റെ ചെറുക്കനോട് വരാൻ പറഞ്ഞിരുന്നു, അവനേതോ കമ്പനിയുണ്ട്, ഈ വീടൊക്കെ വൃത്തിയാക്കുന്നതേ... അവന്മാർ പത്തുമണിക്കാ വരാമെന്ന് പറഞ്ഞിരുന്നത്.."
അയാൾ പറഞ്ഞു നിറുത്തിയതും ക്ലീനിങ് സർവീസിന്റെ ഒരു ഓമ്നി വാൻ ഗേറ്റ് കടന്ന് ഇരമ്പി നിന്നു. 
വീട് വൃത്തിയാക്കാൻ വിട്ടുകൊടുത്ത് അവൾ തൊടിയിലേക്കിറങ്ങി. നിറയെ കാട് പിടിച്ചുകിടക്കുന്നു, അന്തരീക്ഷത്തിന് ശാന്തമായൊരു തണുപ്പാണ്. മരോട്ടിയുടെ കായ തിന്നാൻ കുറേ അണ്ണാന്മാരുണ്ട്. ഭദ്രാക്ഷത്തിന്റെ ചെറിയ ചില്ലയിലൊരു കിളിക്കൂട്. 
"ചേച്ചിയേ, ഈ പറമ്പ് മൊത്തം വൃത്തിയാക്കൽ ഇന്ന് നടക്കൂല, തല്ക്കാലം വീടിന് ചുറ്റും വൃത്തിയാക്കാം, അപ്പടി കാടാണ്."
മാധവന്റെ മോൻ അവളെ തിരഞ്ഞ് തൊടിയിലേക്ക് വന്നു, 
"നിന്റെ പേരെന്താ..?"
"മനു."
"അത് മതി മനു, പറ്റുന്നിടത്തോളം മതി, കാശ് രെഘുചേട്ടനോട് പറഞ്ഞോളൂ,"
"കാശായിട്ടില്ലെങ്കി ഗൂഗിൾ പേ ആണെങ്കിലും മതി."
"നീ രെഘുചേട്ടനോട് കാശ് പറഞ്ഞാൽ മതി, ഞാൻ കൊടുത്തേക്കാം."
അവരിൽ കുറച്ചുപേർ മൺവെട്ടിയുമായി തൊടിയിലേക്ക് വരുന്നത് കണ്ടപ്പോൾ അവൾ രഘുവിന്റെ വീട്ടിലേക്ക് നടന്നു. 
അടുക്കള വഴി കയറിയപ്പോൾ രാധിക തിരക്കിട്ട പണിയിലാണ്, 
"രാധേച്ചി, ഭയങ്കര പണിയാണല്ലോ.."
പെട്ടെന്നായത് കൊണ്ട് രാധിക ഞെട്ടിപ്പോയി. 
"ഹോ.. എന്റെ കൊച്ചെ, നീയാരുന്നോ.. ഞാനങ്ങ് പേടിച്ചുപോയി."
അവൾ അകത്തേക്ക് കയറി പത്രങ്ങളെല്ലാം തുറന്ന് നോക്കി, അൽപ്പം പഴങ്കഞ്ഞി ഇരിപ്പുണ്ട്. 
"നിനക്ക് പഴങ്കഞ്ഞി തരട്ടെ..?" രാധിക ഒരു കുഴിയൻ പാത്രത്തിലേക്ക് പഴഞ്ചോറ് പകർന്നു, കുടത്തിൽ നിന്ന് അൽപ്പം തൈരുമൊഴിച്ച് അവൾക്ക് നേരെ നീട്ടി. 
"നിൽക്ക്..." അവർ ഓടി മുറ്റത്തു നിന്നും രണ്ടു കാന്താരി മുളക് പൊട്ടിച്ച അതിലേക്കിട്ടു. 
കാന്താരിയുടെ എരിവിൽ അവളുടെ വയറ് കാളി. 
"നല്ല എരിയാണല്ലോ.." ചുണ്ടുവലിച്ചുകൊണ്ട് അവൾ പറഞ്ഞു. 
"വല്ലപ്പോഴും എരിവൊക്കെ കൂട്ടണം കൊച്ചെ.. അല്ലേങ്കിപ്പിന്നെ വയറ്റിക്കിടക്കുന്ന കൃമിയൊന്നും ചാകത്തില്ല.."
അവരുടെ സംസാരം കേട്ട് ചിരി വന്നെങ്കിലും മുളക് വെള്ളം മണ്ടയിൽ കേറാതിരിക്കാൻ അവൾ പാടുപെട്ടു. 
                                                                                ****
സൂര്യൻ മങ്ങിത്തുടങ്ങിയിരുന്നു, തറവാടും പരിസരവും ഒരു പ്രത്യേക ഭംഗിയിൽ നിന്നു, ഒരായിരം നാളുകൾക്കൊടുവിൽ അടുത്തടുത്ത മൂന്നു കല്ലറകളിൽ അന്തിത്തിരി കത്തി. അമ്മയും അച്ഛനും അമ്മമ്മയും അവളെ ആവോളം കണ്ടു. അവളെ കണ്ട് അവർ ആനന്ദിച്ചിരിക്കണം. 
അന്നവൾക്ക് അമ്പലത്തിൽ പോകണമെന്ന് തോന്നി, അമ്മയുടെ നേര്യതും ചുറ്റി മണ്ഡപം വലംവച്ചിറങ്ങുമ്പോൾ വല്ലാത്തൊരു തൃപ്തി തോന്നി. 
മടങ്ങുമ്പോൾ അകലെയല്ലാതെ ഒരു സ്വരം കേട്ടു,

കായേന വാച മാനസേന്ദ്രിയൈർവാ
ബുദ്ധ്യാത്മനാ വാ പ്രകൃതേഃ സ്വഭാവാത്
കരോമി യദ്യത്സകലം പരസ്മൈ
നാരായണയേതി സമർപയാമി

തിരിഞ്ഞു നോക്കാതെ അവൾക്കൂഹിക്കാമായിരുന്നു അത് ആരാണെന്ന്. എന്നിട്ടും അവളാ രൂപം തിരിഞ്ഞു നോക്കി, ഭഗവതിക്കുള്ള നിവേദ്യം സമർപ്പിക്കുകയായിരുന്നു അയാൾ. 
ഒരുൾവിളിയോടെ അവളാ നടയിൽ ഒരിക്കൽക്കൂടി ചെന്നു, അയാളവളെ കണ്ടെന്ന് മനസ്സിലായ മാത്രയിൽ അവൾ കാലുകൾ വലിച്ചുവച്ച് തറവാട് ലക്ഷ്യമാക്കി നടന്നു. 
"മഞ്ജരീ..." ഓർമ്മയിൽ അയാളുടെ പിൻവിളി അവളുടെ കാതോരമുയർന്നുപൊങ്ങി. 
                                                                                ****
രഘുവിനോട് യാത്ര പറയുമ്പോൾ അവളുടെ കണ്ണുകൾ നനഞ്ഞു, 
"പോട്ടെ, ഇനിയും വരാം."
രാധിക വിഷമത്തോടെ നിന്നു, 
"കുഞ്ഞ് പോയിട്ട് വാ, വീടൊക്കെ ഞാൻ നോക്കിക്കോളാം."
ഉള്ളിലുള്ള സങ്കടം പുറത്തുകാണിക്കാതെ രഘു പറഞ്ഞു. 
കാറിൽ കയറി മുന്നോട്ട് പോകുമ്പോൾ അവൾക്ക് എന്തൊക്കെയോ കൈവിട്ടെന്നും മറ്റെന്തൊക്കെയോ നേടിയെന്നും തോന്നി. 
ടൗണിലേക്ക് തിരിയുന്ന വഴിയിൽ എതിരെ സ്കൂട്ടറിൽ വരുന്നയാളിനെ അവൾ വ്യക്തമായി കണ്ടിരുന്നു, ഒരുവേള അയാൾ സ്കൂട്ടർ നിറുത്തിയെങ്കിലെന്ന് അവളാഗ്രഹിച്ചു, അത് മനസ്സിലാക്കിയെന്നോണം അയാൾ വാഹനം നിറുത്തി.
കാറിലിരുന്ന് അവളൊന്ന് പുഞ്ചിരിച്ചു, അയാളും.
അത്ര മതിയായിരുന്നു അവൾക്ക്. 
                                                                                ****
"how was your trip?"
അടുക്കളയിൽ നിൽക്കുമ്പോഴാണ് ഗിരി വന്നു ചോദിച്ചത്.
"yeah, it was cool".
അവൾ അലസതയോടെ പറഞ്ഞു. 
ആദി ഹെഡ്സെറ്റും വച്ച് ഡൈനിങ് ടേബിളിൽ വന്നിരുന്നു, അമല ഫോണിൽ ആരോടോ ചാറ്റ് ചെയ്യുകയാണ്. 
അവൾ ഭക്ഷണം മേശപ്പുറത്തേക്ക് വച്ചു. 
പാത്രം തുറന്ന ഗിരി ഒന്നമ്പരന്നു, 
"ഇതെന്താ ഇഡ്ഡലി...?"
"എന്ത് പറ്റി.."
അവൾ ചോദിച്ചു. 
"ഇഡ്ഡലി ഞാൻ കഴിക്കാറില്ല ഹീരാ, എനിക്കിഷ്ടമല്ല" ഗിരി പറഞ്ഞു. 
മക്കൾ രണ്ടാളും ഫോണിൽ നിന്ന് മുഖമുയർത്തി അവളെ നോക്കി. 
"എനിക്കിഷ്ടമാണ് ഗിരീ". പതിയെയാണവൾ പറഞ്ഞതെങ്കിലും ആ വാക്കുകളിലെ താക്കീത് അയാൾ വ്യക്തമായി കേട്ടു. 
അയാളൊന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു. 
അമ്മയുടെ പഴയൊരു സാരി ഞൊറിഞ്ഞുടുക്കുമ്പോൾ കണ്ണാടിയിൽ കണ്ട തന്നോട് തന്നെ അവളൊന്ന് പുഞ്ചിരിച്ചു, അവളിന്നെവരെ കണ്ടതിലേറ്റവും മനോഹരമായൊരു ചിരി. 







Nb- this is a special story dedicated to my beloved friend Heeramanjari Barik. Lots of love. 


Image credit to respective owner 
 https://in.pinterest.com/pin/faces-straight-to-heart--860117228826842951/

2024 ഏപ്രിൽ 7, ഞായറാഴ്‌ച

Its ok not to be ok.

It's ok not to be ok.

അന്ന് പുതിയ ഐ പി ചാർജ് എടുത്ത ദിവസമായിരുന്നു. നേരത്തെ ജോലി തീർത്ത് റിട്ടേൺസ് കൊടുത്തെങ്കിലും ഐ പി ചിലപ്പോൾ ഞങ്ങളെ അന്വേഷിച്ചേക്കുമെന്ന് പറഞ്ഞിരുന്നത് കൊണ്ട് നാല് മണി ആകട്ടെ എന്ന് കരുതി ഓഫീസിൽ ഇരുന്നു. 

ചാച്ചുവിനെ വിളിച്ചപ്പോൾ ആറ്റിങ്ങലിൽ വരുന്നു എന്ന് പറഞ്ഞു, എങ്കിൽപ്പിന്നെ മുഫിദാടെ കല്യാണത്തിനിടാൻ ഒരു ചെരുപ്പ് കൂടി നോക്കാമെന്ന് കരുതി. കല്യാണത്തിന് ഇനി അധിക ദിവസമില്ല. ചാച്ചു രണ്ടര ആയപ്പോൾ എത്തി,

ഒരുമിച്ച്  ഭക്ഷണം കഴിച്ചിട്ട് ഞാൻ ഓഫീസിലേക്കും ചാച്ചു സൈറ്റിലേക്കും പോയി. .  

ഓഫീസിലേക്ക് ചെന്നപ്പോൾ മുൻപെപ്പോഴോ ബോയ്സിന്റെ സമീപം താമസിച്ചിരുന്നവർ റീഡയറക്ഷൻ അഡ്ഡ്രസ്സ്‌ തരാൻ വേണ്ടി വന്നു. അതും വാങ്ങി ഇനിഷ്യൽ ചെയ്തുകൊടുത്ത സമയത്താണ് വാപ്പച്ചിയുടെ കാൾ വന്നത്. 

"എന്റെ മോൻ പോയീ...."

ഈ ഒരു കരച്ചിലാണ് കേട്ടത്. 

ഞാൻ പെട്ടെന്ന് കട്ട് ചെയ്തു.

കാലിൽ നിന്നൊരു പെരുപ്പ് തലയിലേക്ക് കയറി. 

എന്താണ് കേട്ടതെന്നോ എന്താണ് സംഭവിച്ചതെന്നോ മനസ്സിലായില്ല.

ഉമ്മച്ചി മരിച്ച ദിവസം വിവരം പറഞ്ഞത് ഇതേ രീതിയിലായിരുന്നു.

"ഉമ്മച്ചി പോയീ..."

ആദ്യം കരുതിയത് കുഞ്ഞിയുമായി വാപ്പച്ചി കളിക്കുകയാണെന്നാണ്. 

തിരികെ വിളിച്ചു, അജ്മൽ എടുത്തു. 

"എന്തോന്നാടാ.."

"താത്ത വേഗം വാ.. കാക്കച്ചി വീണു, ഹോസ്പിറ്റലിൽ ആണ്."

നിനക്കെന്തൊ അപകടം സംഭവിച്ചു എന്ന് മനസ്സിലായി. 

വീട്ടിലേക്ക് പോകാൻ വണ്ടി എടുത്തു, കയ്യിൽ നിക്കുന്നില്ല, ആകെ തളർന്ന് കുഴഞ്ഞുപോകുന്നു. 

കിട്ടിയ ബലത്തിന് ചാച്ചുവിനെ വിളിച്ചു വരാൻ പറഞ്ഞു. 

ഓപ്പോസിറ്റ് നിന്ന് ചായ്ച്ചു നടന്നെനിക്കരികിലെത്താൻ എടുത്ത സമയം 15 സെക്കൻഡിൽ താഴെ, പക്ഷെ അതൊരു പതിനഞ്ചു മണിക്കൂറിന്റെ ദൈർഖ്യമുണ്ടായിരുന്നൂ.

ഞാനുറക്കെ നിലവിളിച്ച് കരയുന്നുണ്ടായിരുന്നു,

 ആരൊക്കെയോ ഓഫീസിൽ നിന്നും ഇറങ്ങിവന്ന് കാര്യം ചോദിച്ചു, എന്താണെന്നോ ആരാണെന്നോ ഒന്നും മനസ്സിലായില്ല. 

ആറ്റിങ്ങലിൽ നിന്നും വീടെത്താൻ എനിക്ക്  നാല്പത് മിനുട്ട് മതി, ചാച്ചുവിന് ഏതാണ്ട് ഇരുപത്തഞ്ച് മിനുട്ടും. 

എത്ര ഓടിയിട്ടും വീടെത്തുന്നില്ല. 

ചാച്ചു എന്തൊക്കെയോ പറയുന്നുണ്ട്, ആരെയൊക്കെയോ വിളിക്കുന്നുണ്ട്. ഞാൻ ഒന്നും കേൾക്കുന്നില്ല, കാണുന്നുമില്ല, എത്രയും വേഗം നിന്നെ കാണണം, അത്ര മാത്രം. എങ്കിലേ എനിക്ക് സമാധാനമാകൂ. 

 നേരെ ഗോകുലം ആശുപത്രിയിലേക്ക്.

മുൻഭാഗത്ത് ആരൊക്കെയോ ഉണ്ടായിരുന്നു, അലിയാരെ ഞാൻ കണ്ടു, പിന്നെ നിസാർ കൊച്ചാപ്പ, റഫീഖ് മാമ...

അകത്തേക്ക് കയറിയപ്പോൾ ഏതോ ഒരു നേഴ്സ് കയ്യിൽ പിടിച്ചമർത്തി, അവരുടെയൊക്കെ കൈ തട്ടിമാറ്റി ഞാൻ നിന്റെ അരികിലേക്ക് വന്നു. 

നീ ചിരിച്ചുകൊണ്ട് കിടക്കുകയായിരുന്നു, അജ്മൽ കരയുന്നു, വാപ്പച്ചി അവിടെയിരുന്ന് എന്തൊക്കെയോ പിറുപിറുക്കുന്നു. 

കണ്ടപാടെ ഞാൻ അജ്മലിനോട് ചൂടായി.

"എന്തിന് ചെർക്കാ കിടന്ന് കരയുന്നത്.."

"താത്താ, കാക്കച്ചി പോയി.."

"നീ എന്തോന്ന് ചെർക്കാ പറയുന്നത്, അവനല്ലേ ഈ കിടക്കുന്നത്..." അജ്മലിന്റെ കരച്ചിൽ ഉച്ചത്തിലായി. 

ഞാൻ നിന്നോട് എണീക്കാൻ പറഞ്ഞു,

"ഡേയ് ചെർക്കാ, എണീറ്റാണ്... സഹദേ, എണീക്ക്.."  നീ എണീറ്റില്ല, ഞാൻ കുറെ കുലുക്കി വിളിച്ചു, നീ എണീറ്റില്ല.

അപ്പോഴേക്കും ചാച്ചു ഓടി വന്ന് എന്നെ പിടിച്ചു മാറ്റി, ഞാൻ നിന്റെ കയ്യിൽ പിടിച്ച് വലിച്ചു, നിന്റെ കൈ  തണുത്തിരുന്നു. 

ചാച്ചു എന്നെ പിടിച്ചു വലിച്ച് വീട്ടിൽ കൊണ്ട് പോയി, അവിടെ ആരൊക്കെയോ കൂടി നിൽപ്പുണ്ടായിരുന്നു. ഞാൻ അപ്പോഴേക്കും എന്തൊക്കെയോ മനസ്സിലായ രീതിയിൽ കരച്ചിലൊക്കെ നിറുത്തി, ഉമ്മച്ചി മരിച്ചപ്പോളുണ്ടായിരുന്ന പക്വത വന്ന പഴേ പതിമൂന്നുകാരിയായി.

പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ നിന്നെയും താങ്ങി കൊച്ചാപ്പായും പിന്നെ വേറാരൊക്കെയോ വന്നു. ഇറയത്തു കട്ടിലിൽ നിന്നെ കിടത്തി, ആരൊക്കെയോ കരയുന്നു, ആരൊക്കെയോ പരസ്പരം ആശ്വസിപ്പിക്കുന്നു, ആരൊക്കെയോ തളർന്നു വീഴുന്നു. 

എന്റെ കുഞ്ഞു മാത്രം ഒന്നുമറിഞ്ഞില്ല, നിന്നെ കൊണ്ട് കിടത്തിയ നേരം മുതൽ നീ ഉറങ്ങുകയാണെന്ന് കരുതി അവൾ കുറേ പ്രാവശ്യം വന്ന് നിന്നെ വിളിച്ചു, "മാമച്ചി ഉങ്ങനാ.." നിന്റെ മൂക്കിൽ പിടിച്ച് വലിച്ചു. "മാമച്ചി, എണീ." നീ എണീറ്റ് എന്നത്തേയും പോലെ അവളെ ഓടിക്കുമെന്ന് അവൾ കരുതിക്കാണും. 

നീ ഇവിടെ അവസാനമായുണ്ടായിരുന്ന ആ രാത്രി ഒരിക്കലും അവസാനിക്കാത്ത പോലെ തോന്നി, എങ്കിലും നേരം പുലർന്നു, നിന്നെ കൊണ്ടുപോകാനുള്ള ഒരുക്കങ്ങളായി. 

നിന്നെ സ്നേഹിക്കുന്ന നിന്നെ അറിയുന്ന എല്ലാവരും നിന്നെയൊന്ന് കാണാൻ വന്നിരുന്നു, നീ പോകുവോളം അവരൊക്കെ നിനക്കൊപ്പമിരുന്നു, കുറച്ചു പേർ നിന്റെ പുതിയ വീടെത്തുവോളം നിന്നെ അനുഗമിച്ചു. 

അങ്ങനെ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു ദിവസം നീയങ്ങ് പൊയ്ക്കളഞ്ഞു. 

അന്നത്തെ ദിവസം എനിക്ക് നല്ല ഓർമ്മയുണ്ട്, ഞാൻ രാവിലെ കുഞ്ഞിക്ക് ഭക്ഷണം കൊടുക്കാനിറങ്ങുമ്പോളാണ് നീ റൂമിൽ നിന്ന് ഇറങ്ങി വന്നത്, നിന്റെ മുഖം നല്ലപോലെ പ്രകാശിച്ചിരുന്നു, ഞാൻ തന്ന ഫേസ് വാഷിന് ഇത്രേം എഫക്ട് ഉണ്ടോന്ന് ഞാൻ അതിശയിച്ചു. 

"ചെർക്കാ, നിനക്ക് ഇന്നല്ലേ പരീക്ഷ..?"

"ഉം.."

ഒരു ചിരിയോടെ കുഞ്ഞിക്കൊരുമ്മയും കൊടുത്ത് നീ കുളിക്കാൻ പോയി.

അതായിരുന്നു എന്റെ അവസാനത്തെ കാഴ്ച.

അന്ന് ഉച്ചക്ക് ജയിലിൽ തപാൽ കൊടുക്കുമ്പോൾ നിനക്ക് പരീക്ഷ എളുപ്പമായിരുന്നോ എന്ന് ഞാൻ വിളിച്ച് ചോദിയ്ക്കാൻ വേണ്ടി ഫോണെടുത്തതാണ്, സമയം പന്ത്രണ്ട് ആയിട്ടേയുണ്ടായിരുന്നുള്ളു. നിനക്ക് പരീക്ഷ കഴിഞ്ഞുകാണില്ല എന്ന് കരുതി വിളിച്ചില്ല. 

വിളിക്കണമായിരുന്നു, എങ്കിൽ മിസ്ഡ് കാൾ കണ്ടെന്നെ നീ തിരിച്ചു വിളിച്ചേനെ. 

അന്ന് നാലുമണിവരെ ഇരിക്കാതെ നേരത്തെ വീട്ടിലെത്തിയിരുന്നെങ്കിൽ എനിക്ക് നിന്നെ നേരെ കാണാമായിരുന്നു. പരീക്ഷ എളുപ്പമായിരുന്നുവെന്ന നിന്റെ സന്തോഷം ഞാൻ നേരിട്ട് കണ്ടേനെ. 

എന്റെ ഖേദങ്ങൾ പലതാണ്. 

എന്നും രാവിലെ "അല്ലാഹുവെ, എന്റെ ചാച്ചൂനേം, എന്റെ കുഞ്ഞൂനേം, എന്റെ സഹദിനേം, എന്റെ അജ്മലിനേം,..." എന്ന് തുടങ്ങുന്ന പ്രാർത്ഥന അന്നത്തെ ദിവസം ചൊല്ലിയിരുന്നില്ലേയെന്ന്..

നിന്നോടുള്ള സ്നേഹം കുറഞ്ഞുപോയിരുന്നോ എന്ന്... 

നിന്നോടുള്ള കരുതൽ പോരാതിരുന്നോ എന്ന്...

അങ്ങനെയങ്ങനെ... 

അതുകൊണ്ടാണോ നീയെന്നെ കിനാവിൽ പോലും തേടി വരാത്തത്....?

എങ്കിലും കഴിയുമ്പോളെല്ലാം ഞാൻ നിന്നെ തേടി വരാറുണ്ട്, നീ അറിയുന്നുണ്ടോ?

ഞാൻ നിന്നെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്, 

നമ്മളുടെ ഒരുമിച്ചുള്ള ഓഫീസിൽ പോക്കും വരവും.

രണ്ടു വണ്ടിയിലാണെങ്കിൽ കമന്റടിച്ച് നീ ഓവർടേക്ക് ചെയ്ത് പോകുന്നത്, ഇടക്കിടക്കുള്ള നിന്റെ ഫോൺ വിളികൾ.. എല്ലാം ഞാൻ നഷ്ടപ്പെടുത്തുന്നുണ്ട്.

എനിക്കെന്ത്  സംഭവിച്ചാലും നീ കുഞ്ഞുവിനെയും ചാച്ചുവിനെയും മാനേജ് ചെയ്യമെന്നൊരു കോൺഫിഡൻസ് എനിക്കുണ്ടായിരുന്നു, ഇനി ഞാനെന്ത് ചെയ്യും? ആരെ ഞാൻ ഭാരമേല്പിക്കും? എന്റെ ഭ്രാന്തുകൾ ഞാൻ ആരോട് പറയും?

ഉമ്മച്ചിക്കൊപ്പം ഉണ്ടായിരുന്നതിനേക്കാൾ നിനക്കൊപ്പമുണ്ടായിരുന്നത് കൊണ്ടാകണം, നിന്റെ ശൂന്യത വല്ലാതെ എന്നെ അലോസരപ്പെടുത്തുന്നത്.

പ്രിയപ്പെട്ട സഹോദരാ, നീ അവശേഷിപ്പിച്ചുപോയ ശൂന്യത വളരെ വലുതാണ്, അതിന്റെ മുകളിൽ നിന്ന് നോക്കിയാൽ താഴ്ഭാഗത്തിന്റെ സൂചന പോലും കാണില്ല. 

നീയില്ലെന്ന യാഥാർഥ്യം ഞാനിനിയും അംഗീകരിക്കാൻ കൂട്ടാക്കുന്നില്ല, ഒരുപക്ഷേ, അത് ഞാനായിട്ട് അംഗീകരിച്ചാൽ എന്റെ ഉള്ളിലെ ശൂന്യത എന്നെയും ബാധിച്ചേക്കും. 

കുഞ്ഞു നിന്നെക്കുറിച്ച് എപ്പോഴും പറയാറുണ്ട്, അതും നിനച്ചിരിക്കാത്ത നേരത്ത്, അവളെങ്ങനെ ഓർത്തിരിക്കുന്നോ എന്തോ. 

കുഞ്ഞു മാത്രമല്ല, എല്ലാവരും നിന്നെ ഓർക്കുന്നുണ്ട്, നിന്റെ ദുആ ദിവസം ഏതാണ്ട് നിന്റെ കല്യാണം പോലെയാണ് തോന്നിയത്, എല്ലാവരുമുണ്ടായിരുന്നു, നിന്റെ എല്ലാ കൂട്ടുകാരും എല്ലാത്തിനും മുൻപന്തിയിലുണ്ടായിരുന്നു.

നീയില്ലാതെ ഒരു നോമ്പുകാലം തീരാറായി, രണ്ടാമത്തെ പെരുന്നാൾ വരുന്നു, ഒരോണവും ക്രിസ്മസും പുതുവർഷവും കടന്നുപോയി ഒപ്പം നീയില്ലാതെ നിന്റെയൊരു ജന്മദിനവും.  

 ഇനിയെങ്കിലും നിന്നോട് തുറന്ന് സംസാരിച്ചില്ലെങ്കിൽ ഞാനീ അടഞ്ഞ അവസ്ഥയിൽ തന്നെ തുടർന്ന് പോകുമെന്ന് തോന്നി. 

ഇനിയും എന്തൊക്കെയോ പറയാനുണ്ട്. നേരിട്ട് കാണുമ്പോൾ പറയാം. 

സമയം എന്തിനെയും സമരസത്തിലാക്കുമെന്നാണല്ലോ, ആക്കുമ്പോൾ ആക്കട്ടെ.

If you ask me if "I am ok?", then i will say "yes". If you ask again "are you sure?", then i will say "no".

I know 
Its ok not to be ok. 



2022 ഡിസംബർ 28, ബുധനാഴ്‌ച

The Mothers Touch

 The Mothers Touch

കുഞ്ഞൂട്ടിയെ കയ്യിൽ കിട്ടിയപ്പോൾ ഉള്ള ആ ഫീലിംഗ്, അതൊരിക്കലും സന്തോഷമെന്ന് പറയാനാകില്ല, 
സത്യം പറഞ്ഞാൽ  ഒരു അങ്കലാപ്പായിരുന്നു. 
ചെറിയ കുട്ടികളെയൊക്കെ എടുത്തിട്ടുണ്ടെങ്കിലും, ഇതിപ്പോ ജനിച്ചിട്ട് കൂടിപ്പോയാൽ മുപ്പത് മിനുട്ട് ആയിട്ടുണ്ടാകും. 

തൊലിയൊക്കെ നേർത്തിട്ട് തൊട്ടാൽ ഇപ്പൊ പൊട്ടിപ്പോകും എന്നപോലെ, മുഖത്തെ രക്തക്കുഴലുകളൊക്കെ തെളിഞ്ഞു കാണാം. 
കയ്യും കാലുമൊക്കെ ഞാനൊന്ന് ചേർത്ത് പിടിച്ചാൽ ഒടിഞ്ഞുപോകുമെന്ന് തോന്നി, 
തലയൊക്കെ ഒരു ഷേപ്പ് ഇല്ലാതെ, 
ഒട്ടും ഭാരമില്ല ഒരു പഞ്ഞിക്കഷ്ണം പോലെ, എന്റെ കുഞ്ഞെന്താ ഇങ്ങനെ എന്ന് തോന്നി.

ഒരു നേഴ്‌സ് കുഞ്ഞിനെ കയ്യിൽ തന്നിട്ട് പാൽ കൊടുക്കാൻ പറഞ്ഞു, അത് കേട്ടപ്പോൾ ഈ കുഞ്ഞിന് പാലുകുടിക്കാനറിയാമോ എന്നായി ചിന്ത.
 പക്ഷെ, അമ്മിഞ്ഞയുടെ മണമടിച്ചപ്പോൾത്തന്നെ അവളെന്റെ നെഞ്ചോട് ചേർന്ന് മൂക്കുരസാൻ തുടങ്ങി, 
പിന്നെ പതിയെപ്പതിയെ പാൽ കുടിക്കാൻ തുടങ്ങി. ഒരഞ്ചുമിനുട്ട് അപ്പോഴേക്കും ഉറങ്ങി. 

പാലുകുടി കഴിഞ്ഞിട്ട് അവളെ കട്ടിലിൽ അരികിലായി കിടത്തി, മൂന്ന് സെക്കൻഡ് ആയിട്ടുണ്ടാകും അവൾ ഛർദിക്കാൻ തുടങ്ങി, പെട്ടെന്ന് അടുത്ത് നിന്ന സിസ്റ്ററിനെ വിളിച്ചു, അവരവളെ എടുത്ത് തോളത്തിട്ട് മുതുകത്ത് തട്ടി. എന്നിട്ട് അകത്തേക്ക് കൊണ്ടുപോയി ടവൽ  ഒക്കെ മാറ്റിയിട്ട് കൊണ്ട് വന്നു,

 കയ്യിൽ തരുമ്പോൾ പാലുകൊടുത്ത് കഴിഞ്ഞ് കുഞ്ഞിനെ മുതുകത്ത് തട്ടി ഗ്യാസ് കളയണമെന്നും നന്നായി പൊതിഞ്ഞു വെക്കണമെന്നും പറഞ്ഞു. സത്യത്തിൽ ഇതൊക്കെ എനിക്കറിയാവുന്നതാണ്. പക്ഷെ, അതൊന്നും അന്നേരം ഓർമ്മ വന്നില്ല. 
പിന്നെ എത്രയൊക്കെ പൊതിഞ്ഞുവച്ചാലും അവൾ കാൽ പുതപ്പിനു പുറത്തേക്കിട്ട് അവളുറങ്ങൂ. ചാച്ചുവിന്റെ അതേ രീതി, അന്ന് മുതൽ ഇന്നുവരെയും അതിനൊരു മാറ്റവും വന്നിട്ടില്ല. . 
***

കുഞ്ഞുമായി വീട്ടിലെത്തിയിട്ടും എനിക്ക് ആകെ എന്തോപോലെ,
ഇടക്കിടക്ക് കുഞ്ഞ് കരയുമ്പോൾ ഞെട്ടുന്ന ഉറക്കം, 
കിടന്നിടത്ത് നിന്ന് അനങ്ങിയാൽ കുഞ്ഞിന്റെ ദേഹത്ത് തട്ടിയാലോ എന്ന ഭയം, 
കുറച്ച് അധിക നേരം അവൾ ഉറങ്ങിക്കഴിഞ്ഞാൽ ജീവനുണ്ടോ എന്ന സംശയം,  അത് മാറ്റാനായി അവളുടെ നെഞ്ചിൽ കൈവച്ച് നോക്കുമായിരുന്നു. 
പാൽ കുടിച്ച് കഴിഞ്ഞ് ഏമ്പക്കം പോകുന്നത് വരെയുള്ള ടെൻഷൻ. 
എല്ലാത്തിന്റെയും ഒരു ആകെത്തുകയായിരുന്നു ആദ്യത്തെ ഒരു മാസം. 

***
 മോൾക്ക് ഏതാണ്ട് രണ്ടുമാസമൊക്കെ  കഴിഞ്ഞപ്പോളാണ്  ഞാനെന്റെ  അമ്മ  ജീവിതവുമായി അൽപ്പമെങ്കിലും പൊരുത്തപ്പെട്ടു തുടങ്ങിയത്. 
എന്നാലും എന്റെ പ്രശ്നങ്ങൾക്ക് കുറവൊന്നുമില്ലായിരുന്നു
 കുട്ടിയെ തൊട്ടിലിൽ കിടത്തി ഉറക്കിയിട്ട് കുഞ്ഞിനെ അന്വേഷിച്ച് നടക്കുക എന്നതായിരുന്നു പ്രധാന ഹോബി. 
പതിയെപ്പതിയെ അവളുടെ ചെറിയ ചെറിയ അനക്കങ്ങളുടെ അർഥങ്ങൾ മനസ്സിലാക്കാൻ തുടങ്ങി. 
ഞാൻ അവളെ അറിയാൻ തുടങ്ങി. 
അവൾ കരഞ്ഞപ്പോൾ ആദ്യമായി ഞാനും കൂടെ കരഞ്ഞത് അവൾക്കാദ്യമായി വാക്സിൻ എടുത്ത ദിവസമാണ്. 
പാവമെന്റെ കുഞ്ഞി അന്നും പിറ്റേന്നും കാലുകൾ അനക്കിയില്ല. 

ഇതൊക്കെയാണെങ്കിലും ഒരു ദിവസം കട്ടിലിൽ കുഞ്ഞിനെ കിടത്തിയിട്ട് തൊട്ടിലിൽ ഓർക്കാതെ അവളുടെ ദേഹത്താണ് ഞാൻ ചെന്നിരുന്നത്. എന്നതിനിത്ര സോഫ്റ്റായ സാധനമെന്ന് ആലോചിച്ച എണീറ്റ് നോക്കിയപ്പോൾ എന്റെ മോള്. 

***
ആറുമാസം വരെയും അവൾക്ക് മുലപ്പാൽ അല്ലാതെ മറ്റൊന്നും കൊടുത്തിരുന്നില്ല. 
ജോലിക്ക് പോയിത്തുടങ്ങേണ്ടതുള്ളതിനാൽ അവളെ മറ്റുള്ള ആഹാരം കൂടി ശീലിപ്പിക്കുക എന്നത് ഒരു ടാസ്ക് തന്നെയായിരുന്നു, 
ചോറുകൊടുത്ത് കഴിഞ്ഞിട്ട് ഒരു പത്ത് ദിവസം കൂടിയേ എനിക്ക് ലീവ് ഉള്ളായിരുന്നു, പക്ഷെ, ആ സമയം കൊണ്ട്  അവൾ പതിയെ കുറുക്കുകളും നേർപ്പിച്ച കഞ്ഞിവെള്ളവുമൊക്കെ കഴിച്ച് തുടങ്ങി. 

ജോലിക്ക് പോയ ശേഷം അവളെന്നെ കാണാതെ കരഞ്ഞത് ആദ്യത്തെ രണ്ടു ദിവസം മാത്രമാണ്, 
രാവിലെ ഏതാണ്ട് എട്ടുമണിയോടെ പാൽ കുടിച്ച്കഴിഞ്ഞാൽപ്പിന്നെ വൈകുന്നേരം അഞ്ചുമണിവരെ കാത്തിരിക്കണം, അവൾ അത്ര കുറഞ്ഞ സമയം കൊണ്ടുതന്നെ ആ ദിനചര്യയോട് പൊരുത്തപ്പെട്ടു. 

വീടെത്തുമ്പോളേക്കും പാൽ നെഞ്ചിൽ കെട്ടി നിന്ന് വേദനിക്കുന്നുണ്ടാകും, അവളത് കുടിക്കുമ്പോളാണ് എനിക്കും ബുദ്ധിമുട്ട് മാറുന്നത്. 
ഒരു കണക്കിന് പറഞ്ഞാൽ എന്നെക്കാളും അവളാണ് അഡ്ജസ്റ് ചെയ്യുന്നത്, ഇതുവരെ ചെറിയ ചെറിയ അസുഖങ്ങൾ വന്നിട്ട് ലീവെടുക്കേണ്ടി വന്നതൊഴിച്ചാൽ അവളുടെ നിർബന്ധമോ കരച്ചിലോ കൊണ്ട് വീട്ടിൽ നിൽക്കേണ്ടി വന്നിട്ടില്ല. 

രാവിലെ പോയിക്കഴിഞ്ഞാൽ വൈകിട്ട് എത്തുമെന്നവൾക്കറിയാം, എന്നാലും ആറുമണി കഴിഞ്ഞാൽപ്പിന്നെ കിണുക്കമാകും, ഞാൻ ചെന്ന് കയറിക്കഴിഞ്ഞാൽപ്പിന്നെ വേറെ ആരെടുത്തലും പോകില്ല. 

ഇപ്പോൾ ഞാനെന്ന അമ്മയ്ക്കും അവൾക്കും ഒരു വയസും നാലുമാസവുമായി, അവൾ മിടുക്കിയായി  വളരുന്നുണ്ട്, അവളെക്കണ്ട് എന്നിലെ അമ്മയും വളരുന്നുണ്ട്. 
ഇപ്പോൾ അവളുറങ്ങുമ്പോൾ സംശയം തീർക്കാൻ കാലിൽപിടിച്ച് ഞെക്കി നോക്കും അവള് കാൽ വലിക്കുമ്പോൾ സമാധാനമാകും 
ചില നേരത്തെ കുരുത്തക്കേട് കണ്ടാൽ  നല്ല ചുട്ട അടി കൊടുക്കാൻ തോന്നും, എന്നാലും മനസ്സനുവദിക്കാറില്ല   

അവളുടെ അവ്യക്തമല്ലാത്ത ഭാഷയും, കുഞ്ഞിച്ചന്തി കുലുക്കിയുള്ള ഡാൻസും, ശബ്ദമില്ലാത്ത ഉമ്മകളും, ചിരിയും കരച്ചിലുമെല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്. 
ആദ്യം കണ്ടപ്പോൾ തോന്നിയ അങ്കലാപ്പുകളെല്ലാം മാറിയിട്ടുണ്ട്. 
അവള് വളരുന്നിടത്തോളം ഞാനും, ഞാനെന്ന അമ്മ വളരുന്നിടത്തോളം അവളും വളരും. 

ഈ കടന്നുപോയതൊക്കെ വെറും സാമ്പിളുകൾ മാത്രം ഇനി എന്തൊക്കെയാണുള്ളതെന്ന് പടച്ചവന് മാത്രമറിയാം 
ചുരുക്കം പറഞ്ഞാൽ 'The grate motherhood is not a piece of cake."




2022 ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

പുകച്ചുരുളുകൾ

 പുകച്ചുരുളുകൾ 

"ഡേയ് നീ മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി വായിച്ചിട്ടുണ്ടോ?" ലൈബ്രറിയിലെ പൊടിപിടിച്ച അലമാരകൾക്കിടയിൽ നിന്ന് ഡേവി കിച്ചുവിനോട് വിളിച്ചു ചോദിച്ചു. 
"നിനക്കിപ്പോൾ മാധവിക്കുട്ടി അല്ല, മാതംഗലീലയാണ് ആവശ്യം."
ദിലീപൻ സാർ വാതിൽക്കൽ നിൽക്കുന്നു.
"സാറേ, ഞാൻ ചുമ്മാ..."
"ഓടി ക്‌ളാസ്സിൽ പോടാ...ബെല്ലടിച്ചിട്ട് സമയം ഒത്തിരിയായി, അവന്റെയൊരു നീലാംബരി."
"വാടാ.. പോവാം."
ഡേവിയും കിച്ചുവും പുറത്തേക്കോടി.
ദിലീപൻ ലൈബ്രറിയുടെ വാതിൽ ചാരി, ഈ പിരീഡ് ഇല്ല, കുറച്ചു നേരത്തേക്ക് വിശ്രമം. 
അയാൾ കസേരയിലിരുന്നു, മേശമേൽ കാൽ കയറ്റിവച്ച് മുകളിലേക്ക് കണ്ണുകളുയർത്തി, വളരെ സാവധാനത്തിൽ കറങ്ങുന്ന പൊടിപിടിച്ച ഫാൻ. 
അയാൾ പോക്കറ്റിൽ നിന്നൊരു സിഗരറ്റ് പാക്കറ്റെടുത്ത് തുറന്നു, ഇനിയതിൽ മൂന്നെണ്ണം മാത്രമേയുള്ളു. 
ഒരെണ്ണത്തിന് തീകൊളുത്തി പുകച്ചുരുൾ മുകളിലേക്ക് ഊതിവിടുമ്പോൾ അയാളോർത്തു, ഇന്നിതിപ്പോൾ എത്രാമത്തെയാണ്...? പതിനാറ്.. അതോ പതിനേഴോ...?
***
മുറിയിൽ കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ അയാൾ കണ്ടു, കറ പിടിച്ച ചുണ്ടുകൾ.. 
കട്ടിലിൽ കയറിക്കിടന്നു, 
താര ഇതുവരെ മുറിയിൽ എത്തിയിട്ടില്ല, അടുക്കളയിലാകും. 
എല്ലാ പാത്രങ്ങളും കഴുകി വച്ചിട്ടേ അവൾ ഉറങ്ങുകയുള്ളു. 

അയാളൊന്നു മയങ്ങി, കണ്ണ് തുറന്നു നോക്കിയപ്പോളും മുറിയിലെ ലൈറ്റ് ഓഫായിട്ടില്ല, അടുത്ത് താരയുമില്ല. 
സമയം ഒന്നരയാകുന്നു, 
അയാൾ അടുക്കളയിൽ പോയി നോക്കി, അടുക്കള അടച്ചിരിക്കുന്നു. 
ഹാളിലുമില്ല, പുറത്തേക്കുള്ള വാതിലും അടച്ചിരിക്കുന്നു. 
ഇവളിത് എവിടെ പോയി..?
"താരേ.. താരേ..." അയാൾ ഉറക്കെ വിളിച്ചു. 
ഗസ്റ്റ് റൂമിൽ ലൈറ്റ് തെളിഞ്ഞു.
ഉറക്കച്ചടവോടെ താര പുറത്തേക്ക് വന്നു.
"എന്താ നീ ഇവിടെ കിടക്കുന്നെ..?"
"ഞാനിന്ന് എവിടെയാ കിടക്കുന്നത്, ഏട്ടൻ പോയി കിടന്നോളു."
പീരീഡ്സ് ആകും, ആ ദിവസങ്ങളിൽ മാത്രമേ അവൾ മാറിക്കിടക്കാറുള്ളു. 
പക്ഷെ, അവൾക്ക് ഡേറ്റ് ആകാറായോ? അവളുടെ ഡേറ്റ് എന്നാണ്? അയാൾക്ക്  ഓർമ്മ വന്നില്ല. 
അയാളൊരു സിഗരറ്റ് കത്തിച്ചു. 
***
"നീ ഇരിക്കുന്നില്ലേ..?"
ഇഡ്ഡലി പ്ളേറ്റിൽ എടുത്ത് വച്ചുകൊണ്ട് അയാൾ താരയോട് ചോദിച്ചു. 
"ഞാൻ പിന്നെ ഇരുന്നോളാം, ഏട്ടൻ കഴിക്ക്."
അവൾ അകത്തേക്ക് പോയി. 
ഒരു കഷ്ണം ഇഡ്ഡലി മുറിച്ച് വായിൽ വെക്കുമ്പോൾ അയാളോർത്തു, ഇവൾക്കിത് എന്താണ് പറ്റിയത്?

സ്കൂളിലേക്ക് പോകുമ്പോൾ അയാളാലോചിക്കുകയായിരുന്നു.
ഈ മൂന്നു വർഷത്തിനിടയിൽ വളരെ ചുരുക്കം ദിവസങ്ങളിൽ മാത്രമേ ഒരുമിച്ച് ഭക്ഷണം കഴിക്കാതിരുന്നിട്ടുള്ളു. 
ഇപ്പോൾ..
ഇപ്പോൾ ഒരുമിച്ചിരിക്കാനുള്ള ഓരോ അവസരങ്ങളും താര ഒഴിവാക്കുന്നത് പോലെ. 
ഒരുമിച്ചിരിക്കാൻ മാത്രമല്ല, കിടക്കാനും, ഒരു മുറിയിൽ ഉറങ്ങിയിട്ട് എത്രയോ ദിവസങ്ങളാകുന്നു. 
ഒരിക്കലും തന്റെ കൂട്ടില്ലാതെ പുറത്ത് പോകാത്തയാൾ ഇപ്പോൾ ആഴ്ചയിൽ രണ്ടും മൂന്നും ദിവസവും തനിച്ച് സിറ്റിയിൽ പോകുന്നു. 
ഇന്നലെ വൈകിട്ട് അവൾ ആരോടോ സംസാരിക്കുന്നത് കേട്ടു, അതും സ്വരം തീരെ താഴ്ത്തി,
"ഞാൻ വരാം."
അവളുടെ ഫോൺ ഇപ്പോൾ ലോക്ക് ഇട്ടു വച്ചിരിക്കിന്നു, പരസ്പരം രഹസ്യങ്ങൾ സൂക്ഷിക്കില്ല എന്ന് വാക്കു തന്നവളാണ്. 
ഇനി അവൾ, ആരെയെങ്കിലും...
അയാൾക്ക് തല പെരുത്തു, അയാളുടെ ചുണ്ടിൽ നിന്നും പുകച്ചുരുളുകളുയരാൻ തുടങ്ങി. 
***
മീഡിയേഷൻ റൂമിലിരിക്കുമ്പോൾ താര നിശ്ശബ്ദയായിരുന്നു.
"താരക്കെന്തെങ്കിലും പറയാനുണ്ടോ?"
താര മിണ്ടിയില്ല.
"എന്തെങ്കിലും വായ തുറന്ന് പറയെടി" ദിലീപൻ ശബ്ദമുയർത്തി. 
"മിസ്റ്റർ ദിലീപൻ, ഒച്ചയുണ്ടാക്കരുത്, അവർക്ക് പറയാനുള്ളത് അവർ പറയും." മീഡിയേറ്റർ ഇടപെട്ടു. 
താരയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവൾ ദയനീയമായി മീഡിയേറ്ററെ നോക്കി.

"ദിലീപൻ പുറത്തിരുന്നോളു, ഞാൻ താരയോട് സംസാരിക്കട്ടെ."
ദിലീപൻ കസേര ഒരു ശബ്ദത്തോടെ വലിച്ചു നീക്കി പുറത്തേക്ക് പോയി. 
അര മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും, അയാളെ അകത്തേക്ക് വിളിച്ചു, താര പുറത്തേക്ക് ഇറങ്ങിപ്പോയി.
"ദിലീപൻ ഇരിക്കൂ."
മീഡിയേറ്റർ സംസാരിച്ചു തുടങ്ങി. 
"മിസ്റ്റർ ദിലീപൻ, താര എന്ന് മുതലാണ് തന്നോട് അകൽച്ച കാണിച്ചു തുടങ്ങിയത്?"
"ഒരു മൂന്നര നാല് മാസമാകുന്നു."
"ഈ നാലുമാസക്കാലം നിങ്ങൾ ഒരുമിച്ച് ചിലവഴിച്ചിട്ടില്ലേ?"
"ഇല്ല. അവൾ അതിനു അനുവദിച്ചിരുന്നില്ല."
"അയാൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ?"
"ഇല്ല സാർ, ഇടക്കൊക്കെ നിർത്താതെ ചുമക്കും, അത് ആവി പിടിക്കുമ്പോൾ തീരും, അതല്ലാതെ വേറൊന്നുമില്ല."
"താര ഇടക്ക് എങ്ങോട്ടാണ് പോകുന്നതെന്ന് തനിക്ക് അറിയാമോ?"
"ഇല്ല."
 "താൻ ചോദിച്ചിട്ടില്ല..?"
"ചോദിച്ചിട്ടുണ്ട്, ടൗണിൽ പോയി എന്നാണ് പറയാറ്."
"താരക്ക് മറ്റൊരാളോട് അടുപ്പമുണ്ട് എന്ന് തോന്നാൻ എന്താണ് കാരണം?"
"അവൾ ഇടക്കിടക്ക് ഫോണിൽ സ്വകാര്യമായി സംസാരിക്കുന്നത് കേൾക്കാം, എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയില്ല."
"വീട്ടിൽ നിങ്ങൾ രണ്ടുപേർ മാത്രമേ ഉള്ളോ? അമ്മയും അച്ഛനുമൊക്കെ?"
"അവരൊക്കെ കുടുംബ വീട്ടിലാണ്."
"കുഞ്ഞുങ്ങൾ..."
"ഇല്ല."
"വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി?"
"മൂന്നു വർഷം കഴിഞ്ഞു."

മീഡിയേറ്റർ എല്ലാം ശ്രദ്ധയോടെ കേട്ടു, അയാൾ കസേരയിൽ ഒന്നുകൂടെ മുന്നോട്ടാഞ്ഞിരുന്നു. 
"മിസ്റ്റർ ദിലീപൻ, ഇനി ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം."
അയാൾ ഒന്ന് നിറുത്തി. 
"താര ഈസ് ഫോർ മന്ത്സ് പ്രെഗ്നന്റ്."
ദിലീപന്റെ മനസ്സിൽ ഒരു മഴ പെയ്തു. 
"ബട്ട്, ഷീ ഈസ് ഡയഗ്നോസ്ഡ് വിത്ത് ലംഗ് ക്യാൻസർ."
അയാളൊരു റിപ്പോർട്ട് എടുത്ത് മേശപ്പുറത്ത് വച്ചു.
"ഫൈനൽ സ്റ്റേജ്"
ദിലീപന് തലകറങ്ങി, "പക്ഷെ, സാർ എങ്ങനെ..?"
"പുകവലിയുടെ ദൂഷ്യങ്ങൾ ദിലീപന് അറിയാഞ്ഞിട്ടാണോ?
താരയിനി അധികകാലം ഉണ്ടാകില്ല, ഷീ വോണ്ട് സർവൈവ് ദിസ് ഇയർ, അല്ലെങ്കിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കണം. 
 ഒരു പക്ഷെ, പ്രെഗ്നന്റ് അല്ലായിരുന്നുവെങ്കിൽ താര കുറച്ചുകൂടെ ജീവിക്കുമായിരുന്നു. കാത്തിരുന്ന് കിട്ടിയ കുഞ്ഞായത് കൊണ്ട് അവർ അതിനെ വിട്ടുകളയാനും തയ്യാറല്ല."
അയാളൊന്ന് നിറുത്തി.
"താൻ വലിച്ചു വിടുന്ന പുക ആ കുഞ്ഞിന് ദോഷം വരുത്താതിരിക്കാനാണ് അവർ നിങ്ങളിൽ നിന്നും അകലം പാലിച്ചത്. പിന്നെ, അവർ ടൗണിലെന്നും പറഞ്ഞ് പോയിരുന്നത് ആശുപത്രിയിലായിരുന്നു."
ദിലീപന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"ഇവിടിരുന്ന് കരഞ്ഞിട്ടെന്താ കാര്യം? തന്നോട് പുകവലി നിറുത്താൻ അവർ  എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും?"
അയാൾ  കംപ്യൂട്ടറിൽ നോക്കി, 
"താര ഡിവോഴ്സിന് തയ്യാറാണ്, എന്നാലും ഒരു ഹിയറിങ് കൂടി വയ്ക്കാം."
ദിലീപൻ മങ്ങിയ കാഴ്ചയുമായി പുറത്തിറങ്ങി.
***
അമ്മയ്ക്കും കുഞ്ഞിനും കൂടി ഒരിടം മതിയെന്ന് വച്ചു, താരയുടെ നെഞ്ചിലേക്ക് കുഞ്ഞിനെ എടുത്ത് വച്ച് ദിലീപനെക്കൊണ്ട് കർമ്മി ആദ്യത്തെ മൂന്നുപിടി മണ്ണീടീച്ചു. 
ദിലീപന്റെ കൈ തണുത്തിരുന്നു, അയാൾ തന്റെ പിഞ്ചോമനയെ ആദ്യമായും അവസാനമായും കാണുകയായിരുന്നു, വെള്ളപുതപ്പിച്ച കുഞ്ഞുദേഹത്തിൽ മണ്ണ് വീണപ്പോൾ നൊന്തിട്ടുണ്ടാകുമോ..? 
വീണ്ടും താരയെ തൊടാനാഞ്ഞ ദിലീപാണ് ആരൊക്കെയോ ചേർന്ന് വലിച്ചു മാറ്റി. 
അടക്കം കഴിഞ്ഞു പിരിയുമ്പോൾ അന്തരീക്ഷത്തിൽ കുന്തിരിക്കത്തിന്റെ പുക തങ്ങി നിന്നു.
ആ പുകച്ചുരുളുകളിൽ താര കുഞ്ഞിനേയും കയ്യിലെടുത്ത് പുഞ്ചിരിക്കുന്നത് ദിലീപന്റെ കണ്ണുകളിൽ തെളിഞ്ഞുനിന്നു. 




2022 സെപ്റ്റംബർ 27, ചൊവ്വാഴ്ച

സ്നേഹത്തോടെ പോസ്റ്റുമാൻ

 സ്നേഹത്തോടെ പോസ്റ്റുമാൻ 

"മാമോയ്.."
എൽ എം എസിന്റെ തേരി ഇറങ്ങുമ്പോഴേ ഞാൻ വിളിച്ചു.
ആ തേരിയുടെ  അവസാനത്ത് നിന്നും മറുപടി വന്നു. 
"ആ.. ഇന്ന് നേരത്തെയാണല്ലോ.."
"ഇന്ന് കുറച്ചേ ഉണ്ടായിരുന്നുള്ളു."
"വല്ലതും കഴിച്ചോ..?"
"ഇല്ല മാമാ, ഓഫീസിൽ പോയിട്ട് കഴിക്കണം."
"മഴ വരുന്നു, വേഗം പോയീം."
"ശരി മാമാ.."
തേരി കഴിയുമ്പോഴേക്കും ആ സംഭാഷണവും തീരും. 

ഡെലിവറി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടു ദിവസമായി. 
പക്ഷേ, അന്ന് തേരി ഇറങ്ങുമ്പോഴേ കണ്ടു, മാമന്റെ വീടിന്റെ മുറ്റത്ത് ആൾക്കൂട്ടം, കറുത്ത കൊടി നാട്ടിയിട്ടുണ്ട്. 
"എന്താ മാമാ സംഭവം?"
ചോദിച്ചത് മറ്റൊരാളോടാണ്.
"ആ വീട്ടിലെ മൂപ്പിലാൻ മരണപ്പെട്ടു."
"ആര്..? ആ അപ്പൂപ്പനോ..?"
"അതെ, സുഖമില്ലാതെ പതിനെട്ട് ദിവസമായി ആശുപത്രിയിൽ ആയിരുന്നു."
എന്തോ, അങ്ങോട്ട് കയറിയില്ല, ഒരുപക്ഷെ, ആ ചിരിക്കുന്ന മുഖം ഓർമ്മയിൽ നിന്നും മായ്ക്കാനിഷ്ടമില്ലാത്തത്  കൊണ്ടാകാം.  



പോസ്റ്റ്മാൻ ജോലിക്കിടയിൽ ഇന്ന് കാണുന്ന പലരെയും നാളെ കാണാറില്ല, 
സ്ഥിരമായി കാണുന്നവർ ഒരു രാത്രിക്കപ്പുറം അപ്രത്യക്ഷരാകാറുണ്ട്. 
ആ സ്ഥാനത്ത് പുതിയ മുഖങ്ങൾ വരും. 
പഴയ വീടുകൾ പോകും, പുതിയ വീടുകൾ വരും. 
പുതിയ വഴികൾ വരും. 

നമ്മളൊക്കെ ചിലർക്ക് വെറും ഡെലിവറി ബോയ്/ഗേൾ ആണെങ്കിലും ചിലർ ഞങ്ങൾക്കായി കാത്തിരിക്കാറുണ്ട്.  
ബുക്കോ കത്തോ വരാനില്ലെങ്കിൽ കൂടി കാത്തിരിക്കുന്നവർ,
ഞങ്ങളുടെ വാഹനത്തിന്റെ ശബ്ദം തിരിച്ചറിയുന്നവർ,   
ഒരു ദിവസം കണ്ടില്ലെങ്കിൽ "ഇന്നലെ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ.." എന്ന് ചോദിക്കുന്നവർ, 
വെയിലത്ത് ഓടിത്തളർന്നെത്തുമ്പോൾ കൈകാട്ടി വിളിച്ച് വെള്ളം നീട്ടുന്നവർ,
ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നവർ. 
പോസ്റ്റുമാൻ എന്നത് ഒരു ജോലിക്കപ്പുറം  അപരിചിതരായിരുന്ന ചിലരെ  നിത്യ ജീവിതത്തിന്റെ ഭാഗമാക്കുക എന്നതും ചിലരെ കേട്ടിരിക്കുക എന്നതും  കൂടിയാണ്.


(ഓർമ്മയിൽ രണ്ടു വർഷങ്ങൾ, മറഞ്ഞുപോയ ചില പുഞ്ചിരികൾ, ഓർക്കുന്നു, എല്ലാവരെയും.)





2022 മാർച്ച് 4, വെള്ളിയാഴ്‌ച

ഹായ് ബൈ മാമ!

 ഹായ് ബൈ മാമ!

ഡെലിവറി അടുത്തിരിക്കുമ്പോളാണ് ഹായ് ബൈ മാമ എന്ന കൊറിയൻ ഡ്രാമ കാണുന്നത്. 2013 മുതൽ തുടങ്ങിയതാണ് ഈ ഡ്രാമ അഡിക്ഷൻ. 
അത് പോട്ടെ, ഗർഭിണിയായ 'അമ്മ ആക്‌സിഡന്റിൽ മരിക്കുന്നതും, മരിക്കുന്നതിന് മുൻപേ ഡോക്ടർമാർ കുഞ്ഞിനെ പുറത്തെടുക്കുന്നതും, മകളുടെ വളർച്ച കാണാനുള്ള ആഗ്രഹം കൊണ്ട് ആ 'അമ്മ ആത്മാവായി ഭൂമിയിൽ തുടരുന്നതും, പിന്നീട് മനുഷ്യനായി വരുന്നതുമൊക്കെയാണ് ഇതിലെ പ്രമേയം.

 അതിലെ ഒരു ഭാഗത്ത് ഭാര്യ പോയതിനു ശേഷം ഭർത്താവ് അനുഭവിക്കുന്ന ഒരു ശൂന്യത മനോഹരമായി കാണിക്കുന്നുണ്ട്, അതുപോലെ ജീവിച്ചിരുന്നപ്പോൾ അയാൾക്ക് വേണ്ടി ചെയ്ത് കൊടുക്കാൻ കഴിയാത്ത കാര്യങ്ങളെ ഓർത്ത് വേദനിക്കുന്ന ഭാര്യയെയും കാണിക്കുന്നുണ്ട്. 

ഇതൊക്കെ കണ്ടപ്പോൾ ഞാനും ഓർക്കാതിരുന്നില്ല, നമ്മളിലൊരാളുടെ ശൂന്യത എങ്ങനെയായിരിക്കും മറ്റേയാൾ ഓർക്കുക എന്ന്. 
നമ്മൾ ആ ശബ്ദവും, സ്പർശവുമൊക്കെ വല്ലാതെ മിസ് ചെയ്യും,
ഉറങ്ങുമ്പോൾ അടുത്തേക്ക് വലിച്ചടുപ്പിക്കുന്ന കൈകളും, കാലെടുത്തിടലും, പുതപ്പിനായുള്ള അടികൂടലുമൊക്കെ ഓർക്കും. 

അതിനേക്കാളുമൊക്കെ ഓർക്കുക, നാഴികയ്ക്ക് നാൽപ്പത് വട്ടമെന്നുള്ള കണക്കിൽ നാല് സെക്കൻഡ് പോലും ആയുസില്ലാത്ത പിണക്കങ്ങളായിരിക്കും. 
രാവിലെ ഉണരുമ്പോൾ അടുത്ത് ആളുണ്ടെന്നുള്ള ഉറപ്പാക്കലുകളായിരിക്കും,
 
അയ്യോ ഷർട്ട് തേച്ചില്ല/അവളെ കൊണ്ടുവിടാൻ വൈകി എന്നുള്ള ആവലാതികളായിരിക്കും.
അടുത്തെത്താൻ നേരം വൈകിയാൽ കാത്തിരിക്കുന്ന കണ്ണുകളും, ബസ് സ്റ്റോപ്പിലെ നിമിഷ യുദ്ധങ്ങളുമായിരിക്കും. 

മഴ പെയ്യുമ്പോൾ, കുടയെടുത്തോ, കോട്ടെടുത്തോ എന്ന സംശയങ്ങളായിരിക്കും. 
അകന്നിരിക്കുമ്പോളുള്ള പരിഭവങ്ങളായിരിക്കും. 
സംസാരിച്ച് മുഴുമിപ്പിക്കാത്ത കാര്യങ്ങളും, പതിഞ്ഞുചിരിച്ച തമാശകളും, കവിള് നനച്ച കണ്ണീരുമായിരിക്കും. 

കാണെക്കാണെ തൊട്ടതിലും പിടിച്ചതിലുമെല്ലാം ആ ശൂന്യതയായിരിക്കും. 
മറ്റാർക്കും നികത്താനാവാത്ത, നമ്മെ ചൂഴ്ന്നു നിൽക്കുന്ന ശൂന്യത. 
നമ്മിൽ മാത്രമൊതുങ്ങുന്ന ശൂന്യത. 

ഒപ്പമുള്ളപ്പോൾ, സ്നേഹിക്കാൻ കഴിയുമ്പോൾ, കഴിയുന്നിടത്തോളം സ്നേഹിക്കുക, ജീവിക്കുക. 
നമുക്ക് സമയമുണ്ടെന്ന് തോന്നും. പിന്നെയാകട്ടെ എന്ന് തോന്നും. 
പറയാൻ പറ്റില്ലഡോ..
നമ്മുടെയൊക്കെ സമയം ഏത് സെക്കന്റിന്റെ അംശത്തിലാണ് എഴുതി വച്ചിരിക്കുന്നതെന്ന്. 
അതുകൊണ്ട് ആഹ്ലാദിപ്പിൻ അർമാദിപ്പിൻ

വാൽക്കഷ്ണം:-
രണ്ടു ദിവസം മുൻപ് ഒരു വൈകുന്നേരം, മോളെ വീട്ടിലാക്കിയിട്ട് ഞങ്ങൾ തിരുവനന്തപുരത്ത് പോയിട്ട് വരികയാണ്.
നല്ല തണുത്ത കാറ്റ്, 
സന്ധ്യ നേരം, 
ആഹാ, നല്ല പ്രണയം തുളുമ്പി നിൽക്കുന്ന അന്തരീക്ഷം. 
സ്കൂട്ടറിന്റെ പിന്നിലിരുന്ന് കേട്ടിയോനെ ഉടുമ്പടക്കം കെട്ടിപ്പിടിച്ചിരുപ്പാണ് ഞാൻ. 
"ചാച്ചുവേ.."
"എന്താടി...? പറ..."
"ഒരു കാര്യം ചോദിക്കട്ടാ..?"
"ഓ, ചോദിക്ക്..."
"അതെ....,"
"ഉം.."
"ഞാൻ ഇല്ലാതായാൽ നിങ്ങൾ എന്നെ എന്തിനൊക്കെയായിരിക്കും മിസ് ചെയ്യുക?"
ഠിം. 
"പന്ന....**മോളെ.. നിനക്ക് ഈ നേരം ചോദിക്കാൻ വേറെ ഒന്നും കിട്ടീലെ?"
കൗതുകം തീർന്നു. 
സുഖം.
സ്വസ്ഥം.
ആഹഹാ. 



2021 ഡിസംബർ 28, ചൊവ്വാഴ്ച

ലേബർ റൂം വിശേഷങ്ങൾ

 ലേബർ റൂം വിശേഷങ്ങൾ 

അഡ്മിറ്റ് ആയ അന്ന് മുതൽ കുഞ്ഞുമ്മ പറഞ്ഞോണ്ടിരുന്നു, 
"സച്ചീ, നീ നടക്കണം, നടക്കാതെ ഇവിടെ തന്നെ ഇരുന്നാൽ ഭയങ്കര പാടായിരിക്കും."
"നടക്കാം കുഞ്ഞുമ്മാ, വരാന്തയിൽ ഇറങ്ങിയാൽ ഭയങ്കര തിരക്കാ, അപ്പുറത്തെ വാർഡിൽ കുറെ കോറോണക്കാർ ഉണ്ടെന്ന് പറഞ്ഞു."
"എന്നാലും സന്ധ്യ കഴിഞ്ഞാൽ തിരക്ക് കുറവല്ലേ, അപ്പോൾ നടക്കാല്ലോ."
അങ്ങനെ ആദ്യത്തെ രണ്ടു ദിവസം കുഞ്ഞുമ്മയെ കാണിക്കാൻ വേണ്ടി അങ്ങോട്ടുമിങ്ങോട്ടും അഞ്ചു മിനുട് വീതം നടന്നു. 
നടക്കുന്നത് നോക്കി കുഞ്ഞുമ്മ വാർഡിന്റെ വാതിൽക്കൽ നിൽക്കും. 
അഞ്ചു മിനുട്ട് കഴിഞ്ഞ് നടത്തം നിറുത്തി ചെല്ലുമ്പോൾ കുഞ്ഞുമ്മ ചോദിക്കും, "ഓഹോ, രണ്ടു മിനുട്ട് നടന്നപ്പോൾ ക്ഷീണിച്ചുപോയി.!"
ഞാനൊരു ചിരിയും ചിരിച്ച് കേറിപ്പോകും. 

രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞുമ്മ വീട്ടിലേക്ക് പോയി, കൊച്ചാപ്പാക്ക് സുഖമില്ല, പകരം ഉമ്മ (ഭർത്താവിന്റെ ഉമ്മ) കൂട്ടിനു വന്നു. 
അന്ന് ഡ്യൂട്ടി ഡോക്ടർ വന്നപ്പോൾ പറഞ്ഞു, "മൂന്നല്ലേ ഡേറ്റ്..? ഇന്ന് മുപ്പത് ആയി. നമ്മൾ രണ്ടാം തിയതി വരെ നോക്കും, പെയിൻ  വന്നില്ലെങ്കിൽ സിസേറിയൻ ചെയ്യും.."
ആഹഹാ.. കേട്ടപ്പോളെക്കും കിളി പോയി, അത് വരെ നോർമൽ ഡെലിവറി ആയിരിക്കുമെന്നൊരു കോൺഫിഡൻസ് എനിക്കുണ്ടായിരുന്നു, അത് പോയി. 

അന്ന് മുതൽ ഒരു ഏഴര മണി മുതൽ എട്ടര വരെ റെസ്റ്റില്ലാതെ നടത്തം. ആദ്യം ഒറ്റക്കായിരുന്നു, പിന്നീട് റൂമിലെ രണ്ട് കുട്ടികൾ കൂടെ കമ്പനി തന്നു. 
"ഈ പിള്ളേർ ഇന്ന് തന്നെ നടന്ന പ്രസവിക്കുന്ന ലക്ഷണമുണ്ട്." രണ്ട് സെക്യൂരിറ്റി ചേച്ചിമാർ പരസ്പരം പറഞ്ഞുകൊണ്ട് പോകുന്നത് കേട്ടു.
അത് കേട്ടപ്പോൾ അൽപ്പം വേദന പോലെ തോന്നി, ഉള്ളിൽ സന്തോഷം, ആഹാ വേദന വന്നു, അത് പക്ഷേ രണ്ട് മിനുട്ട് കഴിഞ്ഞപ്പോളേക്കും തീർന്നു, വേദന വന്ന വഴിയേ പോയി. 

അങ്ങനെ ഒന്നാം തിയ്യതിയായി, വേദന ഉണ്ടോന്ന് വരുന്ന ഡോക്ടർമാർ എല്ലാം ചോദിക്കുന്നുണ്ട്. ഇല്ലാത്ത വേദന ഉണ്ടെന്ന് പറയാൻ പറ്റില്ലല്ലോ.
അങ്ങനെ എന്നെ അനസ്താസിയോളജിസ്റ്റിന്റെ അടുത്തേക്ക് അഭിപ്രായം എടുക്കാൻ വിട്ടു. 
പുള്ളിക്കാരി എന്റെ റിസൾട്ടുകൾ എല്ലാം എടുത്ത് നോക്കി. 
"ഡ്രഗ് അലർജി ഉണ്ട് അല്ലേ?"
"അതെ"
"മർമറും, സൈനസൈറ്റിസും ഒക്കെ  ഉണ്ടല്ലേ...?"
"ഉം."
"കാർഡിയോളജി, ഇ  എൻ ടി, അല്ലെർജിസ്റ് എല്ലാവരുടേം ഒപ്പീനിയന് എടുത്തോ...?"
"എടുത്തു
"നിങ്ങൾക്ക് എന്നത്തേക്കാ ഓപ്പറേഷൻ പറഞ്ഞിരിക്കുന്നത്..?"
"ഡേറ്റ് ഒന്നും പറഞ്ഞിട്ടില്ല, വേദന വന്നില്ല എങ്കിൽ ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത്."
"ഓ കെ."
"സജീനത്ത് സിസേറിയൻ എന്താണെന്ന് അറിയാമല്ലോ..?"
"അറിയാം ഡോക്ടർ."
"അമ്മയ്ക്കോ കുഞ്ഞിനോ എന്തെങ്കിലും അപകടം സംഭവിക്കാൻ സാധ്യത ഉണ്ടെങ്കിലോ, കുഞ്ഞ് പുറത്തേക്ക് വരാതിരിക്കുകയോ ഒക്കെ ചെയ്യുമ്പോളാണ്   സിസേറിയൻ ചെയ്യുന്നത്. അപ്പോൾ നിങ്ങൾക്ക് മയങ്ങാനുള്ള ഇൻജെക്ഷൻ തരുക എന്നതാണ് ഞങ്ങളുടെ ജോലി."
ഞാൻ കേട്ടുകൊണ്ടിരുന്നു. 
"വളച്ച് കിടത്തി നട്ടെല്ലിലായിരിക്കും ഇൻജെക്ഷൻ തരുന്നത്. ഡെലിവറി നടക്കും, പക്ഷേ, അതിനു ശേഷം ഒരു ക്രിട്ടിക്കൽ പീരീഡ് ഉണ്ട്, നിങ്ങളെ മയക്കിക്കിടത്തിയാകും ഓപ്പറേഷൻ ചെയ്യുന്നത്. രണ്ട് തരത്തിലാണ് ഇൻജെക്ഷൻ, ഏത് വേണമെന്ന് നിങ്ങളുടെ ഡോക്ടർ ആണ് തീരുമാനിക്കുക. പാർഷ്യൽ അനസ്തേഷ്യ ആണെങ്കിൽ അരക്ക് താഴേക്ക് ആയിരിക്കും മരവിപ്പിക്കുക. അപ്പോൾ മയക്കം വിട്ട് കഴിഞ്ഞാൽ നിങ്ങൾ എണീക്കണം എന്നില്ല. എണീക്കില്ല എന്നല്ല പറയുന്നത്, അരയ്ക്ക് താഴേക്ക് തളർന്ന പോകാൻ ചാൻസ് ഉണ്ട് എന്ന്."
ഞാൻ തലയാട്ടി. 
"നിങ്ങൾക്ക് ഡ്രഗ് അലർജി കൂടി ഉള്ളത് കൊണ്ട് റിസ്ക് കൂടുതലാണ്."
ഞാൻ അതിനും തലയാട്ടി. 
"പിന്നെ ഫുൾ അനസ്തേഷ്യ ഉണ്ട്, അത് നിങ്ങളെ പൂർണ്ണമായി മരവിപ്പിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരിക്കും ഓപ്പറേഷൻ ചെയ്യുന്നത്. കുഞ്ഞിനെ പുറത്തെടുത്ത് കഴിഞ്ഞ് നിങ്ങൾ ഉണർന്നില്ല എങ്കിൽ നിങ്ങൾ ബ്രെയിൻ ഡെഡ് എന്ന അവസ്ഥയിലേക്ക് പോകും. ഇതൊന്നും നടക്കണമെന്നില്ല, എല്ലാം നോർമൽ ആയി നടക്കാം, പക്ഷേ, ചാൻസ് ഉണ്ട്. ഒരു ഡോക്ടർ എന്ന നിലക്ക് എല്ലാം പറഞ്ഞുതരേണ്ടത് എന്റെ ഉത്തരവാദിത്തമാണ്."
"മനസ്സിലായി ഡോക്ടർ."
"ശരി, പുറത്തേക്ക് ഇരുന്നോളൂ, കേസ് ഷീറ്റ് തരാം."
തിരികെ വാർഡിലെത്തിയപ്പോൾ ജൂനിയർ ഡോക്ടർ ഉണ്ട്.
അവരെനിക്ക് സമ്മതപത്രം തന്നു, ഒപ്പിട്ട് തിരികെ കൊടുത്തു. 
"സജീനത്തിന്റെ ഗാർഡിയൻ ആരാ പുറത്തുള്ളത്?"
"ഹസ്ബൻഡ് ഉണ്ട്."
"ഉച്ചക്ക് രണ്ടുമണിക്ക് മാഡത്തിന് കാണണമെന്ന് പറഞ്ഞിട്ടുണ്ട്. വിളിച്ച് നിറുത്തണം."
"ശരി ഡോക്ടർ."
ചാച്ചുവിനെ വിളിച്ച് പറഞ്ഞു. ആള് ഒന്നരക്കേ ഹാജരായി. അത്രയും ദിവസത്തിനുള്ളിൽ എന്റെ ചാച്ചുവിനെ ഞാൻ അന്നാണ് കാണുന്നത്. ആകെ ക്ഷീണിച്ച് കോലം കേട്ട് നിൽക്കുന്നു. 
ആശുപത്രിക്കകത്ത് കിടക്കുന്നവരേക്കാൾ പ്രയാസം പുറത്ത് നിക്കുന്നവർക്കാണല്ലോ. അന്നേരം എല്ലാം ഒന്ന് കഴിഞ്ഞ് വീട്ടിൽ പോയാൽ മതിയെന്ന് തോന്നി. 

വൈകുന്നേരമായപ്പോൾ അമീന (പേര് സാങ്കൽപ്പികം) ഡോക്ടർ വന്നു പറഞ്ഞു, "സജീനത്തിനെ നാളെ ലേബർ റൂമിലേക്ക് മാറ്റും, രാവിലെ റെഡി ആകണം. ബാക്കി കാര്യങ്ങൾ സിസ്റ്റർ പറഞ്ഞുതരും."
"ഡോക്ടർ വേറെ പ്രശ്നമൊന്നുമില്ലല്ലോ...?" ഞാൻ ചോദിച്ചു. 
"അല്ലടാ, നിനക്ക് ഇത്രേം പ്രശ്നങ്ങൾ ഉള്ള സ്ഥിതിക്ക് നോർമൽ ഡെലിവറി നടന്നാൽ എന്തും സംഭവിക്കാമെന്ന അവസ്ഥയാണ്. ചിലപ്പോൾ നിന്നെ കിട്ടില്ല. സിസേറിയൻ പറയുന്നത് അത് കൊണ്ടാണ്. "  ഡോക്ടറിന്റെ മുഖത്ത് നല്ല ആശങ്ക ഉണ്ടായിരുന്നു. 

ഞാൻ ചാച്ചുവിനെ വിളിച്ചു.
"ചാച്ചുവെ, എന്തിനാ ഡോക്ടർ വിളിപ്പിച്ചത്?"
"ആ അത് സിസേറിയൻറെ കാര്യങ്ങൾ പറഞ്ഞുപേടിപ്പിക്കാനാ."
"എന്നിട്ട് പേടിച്ചോ?"
"അത്രയൊന്നും പേടിച്ചില്ല, സുനിയണ്ണൻ നേരത്തെ ഇതൊക്കെ പറഞ്ഞുതന്നതാ."
ചാച്ചുവിന്റെ സുഹൃത്ത് സുനിയണ്ണന്റെ ഭാര്യ സിസേറിയൻ കഴിഞ്ഞ് ഇതേ ആശുപത്രിയിലുണ്ട്. 
"നാളെ എന്നെ അഡ്മിറ്റ് ചെയ്യുമെന്ന് പറഞ്ഞു."
"ഉം."
കൂൾ ആകാൻ ആള് ശ്രമിക്കുന്നുണ്ടെങ്കിലും ശബ്ദത്തിലെ ടെൻഷൻ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. 

അങ്ങനെ രണ്ടാം തിയതി ഏതാണ്ട് ഏഴരയോടെ എന്നെയും കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയേയും ഒരുമിച്ച് ലേബർ റൂം ഫസ്റ്റ് സ്റ്റേജിലേക്ക് മാറ്റി. 
വേദന വരാൻ ഗുളിക തന്നു. 
കൃത്യമായ ഇടവേളകളിൽ അവരത് തന്നുകൊണ്ടിരുന്നു. 
കുറെ കഴിഞ്ഞപ്പോളേക്കും കൂടെയുണ്ടായിരുന്ന കുട്ടിയെ വേദന വന്ന സെക്കൻഡ് സ്റ്റേജിലേക്ക് മാറ്റി. 

അന്ന് എനിക്കുള്ള ഭക്ഷണം വന്നു. 
തുറന്ന് നോക്കിയപ്പോൾ മസാല ദോശ, ഒന്നല്ല രണ്ടെണ്ണം. 
ദേഷ്യവും  കലിയും  സങ്കടവുമെല്ലാം ഒരുമിച്ച് വന്നു.
'ഈ മനുഷ്യനെന്താ, ഇനി ഞാൻ വരില്ല എന്ന ഉറപ്പിച്ചോ..? ഒരുമാതിരി അവസാനത്തെ ആഗ്രഹം സാധിക്കുന്നത് പോലെ.'
ഇന്നലെ കണ്ട ചാച്ചുവിന്റെ രൂപം കൂടി ഓർത്തപ്പോൾ കണ്ണീര് നിന്നില്ല,, എന്തെങ്കിലും കഴിച്ചോ ആവോ..?, ദോശയ്ക്ക് ഉപ്പ് കൂടി. 
"മോളെന്താ കരയുന്നത്..? വേദനയുണ്ടോ..?", അറ്റൻഡർ ആന്റിയാണ്. 
"ഇല്ല, കുഴപ്പമൊന്നുമില്ല."
അൽപ്പം പോലും ബാക്കിവയ്ക്കാതെ ദോശ എല്ലാം കഴിച്ചു തീർത്തു.

ചാച്ചുവിന് എല്ലാത്തിനും നന്ദി പറഞ്ഞോണ്ട് ഒരു കുറിപ്പ് എഴുതണമെന്നുണ്ടായിരുന്നു, തൽക്കാലം വേണ്ട എന്ന് വച്ചു. 'എല്ലാം കഴിഞ്ഞ് നേരിട്ട് പറയാം' എന്ന് ഉറപ്പിച്ചു.  ഡയറി എഴുതുന്ന ശീലം ഉള്ളതുകൊണ്ട് ഒരു തുണ്ട് പേപ്പറിൽ അന്നത്തെ വിശേഷങ്ങൾ എഴുതി ഭദ്രമായി മടക്കി വച്ചു. കണ്ണ് നനഞ്ഞിരുന്നു. 
"എന്താ, കരയുകയാണോ..?"
ഡ്യൂട്ടി ഡോക്ടർ ആണ്. 
"അല്ല ഡോക്ടർ."
അവർ ബി പി യും പൾസും നോക്കിയിട്ട് പോയി. 
പിറ്റേന്ന് രാവിലെ ഏതാണ്ട് നാല് മണി ആയിട്ടുണ്ടാകും, മറ്റൊരു ആശുപത്രിയിൽ നിന്ന് ഒരു കുട്ടിയെ ഹെവി ബ്ലീഡിങ് ആയിട്ട് കൊണ്ട് വന്നു, ഡെലിവറി കഴിഞ്ഞിട്ടും ബ്ലീഡിങ് നിൽക്കാത്തതാണ്. 
ആ ബഹളം കേട്ടുകൊണ്ടാണ് ഉറക്കം വിട്ടത്. 

ബാത്‌റൂമിൽ പോകാനായി കട്ടിലിൽ നിന്ന് ഇറങ്ങിയതും കാലിലൂടെ വെള്ളമെടുത്തതൊഴിച്ച പോലെ വെള്ളം, മരുന്നിന്റെ എഫക്ടിൽ മൂത്രം പോയതാണോ അതോ ഫ്ലൂയിഡ് പൊട്ടിയതാണോ എന്നറിയാൻ വയ്യ. 
അടുത്ത് നിന്ന ഡോക്ടർ പയ്യനോട് കാര്യം പറഞ്ഞു. 
എനിക്ക് വിട്ടുവിട്ട് വേദന തുടങ്ങിയിരുന്നു. 
ഉടുത്തിരുന്ന മുണ്ടിലെ ചോരക്കറ കണ്ടിട്ട് ആ പയ്യൻ പറഞ്ഞു, 
"ചേച്ചി, എന്തായാലും കിടക്കൂ, എണീറ്റ് നടക്കണ്ട. ഇപ്പോൾ വന്ന  കുട്ടി അൽപ്പം ക്രിട്ടിക്കൽ സ്റ്റേജിൽ ആണ്, അത് കഴിഞ്ഞേ ഡോക്ടർമാർ നോക്കൂ."
ബ്ലീഡിങ് ആയി കൊണ്ടുവന്ന കുട്ടിയെ എന്റെ ഓപ്പോസിറ്റ് ആയിട്ടാണ് കിടത്തിയിരിക്കുന്നത്. 
ചുറ്റും ഒരു പറ്റം ഡോക്ടർമാർ, ബ്ലഡ് ബാങ്കിൽ വിളിക്കുന്നു, ആരെയൊക്കെയോ വിളിക്കാൻ പറയുന്നു, അങ്ങോട്ടോടുന്നു, ഇങ്ങോട്ടോടുന്നു, ആകെ ബഹളം. 

അങ്ങനെ ഞാൻ വീണ്ടും ബെഡിൽ കിടന്നു, രാവിലെ ഏഴു മണി ആയപ്പോൾ  ബാത്‌റൂമിൽ പോകാൻ ഇറങ്ങി. 
ബെഡിൽ നിന്നും ഇറങ്ങിയതും ഒരു ഡോക്ടർ ചോദിച്ചു, 
"എവിടെ പോകുന്നു..?"
"ബാത്‌റൂമിൽ."
"വെള്ളം പൊട്ടിയതല്ലേ, നടക്കരുത് എന്നല്ലേ പറഞ്ഞത്, അവിടെ കിടക്ക്."
എന്റെ ബുദ്ധിമുട്ട് കണ്ടിട്ട് അവർ ഒരു അറ്റൻഡറെ വിളിച്ചു, 
"ചേച്ചീ, ഒരു വീൽചെയർ എടുത്തേ, ഇതിനെ ഒന്ന് ബാത്‌റൂമിൽ ആക്കിയേ, വെള്ളം പൊട്ടിയതാണ്."
അവരെന്നെ വീൽച്ചെയറിൽ ഇരുത്തി, കൊടുപോകുമ്പോൾ പറഞ്ഞു, 
"മോളെ, നാണക്കേട് ഒന്നും വിചാരിക്കണ്ട, ബെഡിൽ മൂത്രമൊഴിച്ചെന്നും പറഞ്ഞിവിടെ ആരും ഒന്നും പറയില്ല. ഇതൊക്കെ സാധാരണമാണ്."
ബാത്‌റൂമിൽ നിന്ന് ഇറങ്ങിയിട്ട് അവരെന്നെ പി വി റൂമിലേക്കാണ് കൊണ്ട് പോയത്. 
പി വി അഥവാ ഉള്ളുനോക്കൽ കഴിഞ്ഞു,  വേദന കൂടിക്കൂടി വരുന്നു . 
നേരെ വീണ്ടും ബെഡിലേക്ക്.
വേദനയെടുത്ത് കണ്ണുകാണാൻ വയ്യ, അപ്പോഴാണ് ഡ്യൂട്ടി ഡോക്ടർ വന്നു ചോദിക്കുന്നത്, "ഇയാൾക്ക് നോർമൽ ഡെലിവറി മതി എന്നാണോ..?"
ഞാൻ 'അതെ' എന്ന് പറഞ്ഞു.
"അപ്പോൾ ഈ കുട്ടിയോട് എഴുതി വാങ്ങിച്ചോളൂ, Patient insisting for a normal delivery, so......... എന്ന്." അവർ കൂടെയുണ്ടായിരുന്ന ജൂനിയർ ഡോക്ടറിനോട് നിർദ്ദേശിച്ചു. 
സമയം ഏതാണ്ട് രാവിലെ എട്ടു മണി ആയിട്ടുണ്ടാകും, റൂമിലെ മറ്റു കുട്ടികളിൽ പലരും എണീറ്റ് കുളിച്ച് വേഷം മാറി വരുന്നുണ്ട്, എനിക്ക് അനങ്ങാൻ  കൂടി വയ്യ. 
അൽപ്പം കഴിഞ്ഞപ്പോൾ അമീന ഡോക്ടർ വന്നു, അവരാണ് മുൻപ് എന്നോട് കോംപ്ലിക്കേഷന്സിനെ കുറിച്ച് പറഞ്ഞത്. 
"ഡാ, ഇയാൾക്ക് വെള്ളം പൊട്ടിപ്പോയിട്ടുണ്ട്, അത് കൊണ്ട് അധിക നേരം ഇട്ടേക്കാൻ പറ്റില്ല. ഇയാളുടെ ബോഡി നോർമൽ ഡെലിവറി താങ്ങുമോ എന്നുറപ്പില്ല. സിസേറിയൻ വേണ്ട എന്ന് തന്നെയാണോ..?"
എന്നെക്കാൾ ടെൻഷൻ അവരുടെ മുഖത്തുണ്ടായിരുന്നു. 
"നോർമൽ മതി ഡോക്ടർ."
"അപ്പോൾ ഇയാളെ ഇപ്പോൾത്തന്നെ സെക്കന്റ് സ്റ്റേജിലേക്ക് മാറ്റുകയാണ്."
"ഡോക്ടർ, അതിനു മുന്നേ എനിക്കെന്റെ ഹസ്ബന്റിനെ ഒന്ന് കാണാൻ കഴിയുമോ?"
"ഈ സ്റ്റേജിൽ നിനക്ക് കാണാൻ പറ്റുമോ?"
"ഒന്ന് കാണണം ഡോക്ടർ."
"ശരി, വിളിപ്പിക്കാം."
സത്യം പറഞ്ഞാൽ സെക്കന്റ് സ്റ്റേജിലേക്ക് കയറ്റിക്കഴിഞ്ഞാൽ ഞാൻ എന്റെ ചാച്ചുവിനെ ഇനി കാണില്ല എന്ന് തോന്നിയിരുന്നു.
ട്രോളി വന്നു, എന്നെ അതിൽ കയറ്റി, സെക്കന്റ് സ്റ്റേജിന്റെ വാതിൽ കടക്കുന്നതിനു മുൻപ് ഡോക്ടർ അറ്റൻഡറിനോട് പറഞ്ഞു,
"ചേച്ചി, ഒരു മിനുട്ട്, ഇവരുടെ ഹസ്ബൻഡ് വരുന്നുണ്ട്."
ചാച്ചു വരാൻ ഒരു മിനുട്ട് എടുത്തില്ല, അന്ന് കണ്ടതിനേക്കാൾ ശരീരം മോശമായിട്ടുണ്ട്, ഒന്നും കഴിച്ചിട്ടില്ല എന്ന് വ്യക്തം.
"എടി, നിന്നെക്കൊണ്ട് പറ്റുന്നില്ല എങ്കിൽ നമുക്ക് സിസേറിയൻ ചെയ്യാം."
"നിങ്ങൾ കഴിച്ചോ..?"
"ഉം."
അത്ര മാത്രം, എന്നെ അകത്തേക്ക് കൊണ്ടുപോയി. 

പൾസ് ഓക്സി മീറ്റർ ഒരു കയ്യിൽ, ഹാർട്ട് ബീറ്റ് മോണിറ്റർ ചെയ്യാൻ കുറെ വയറുകൾ നെഞ്ചത്ത്, രണ്ടു കയ്യിലും കാനുല, അതിലൊന്നിൽക്കൂടി ഡ്രിപ്പ്, അങ്ങനെ കിടക്കുകയാണ് ഞാൻ.
വേദനയുണ്ട്, പക്ഷെ, ഡോക്ടർമാർ പറയുന്ന 'നല്ല വേദന' ഏതാണെന്ന് അറിയാൻ വയ്യ.
കടിച്ച് പിടിച്ച് ഫാത്തിമിയ സലാത്തും ചൊല്ലി കിടന്നു. വേദന വരുമ്പോൾ ബെഡിന്റെ കൈപ്പിടിയിൽ ഇറുകെ പിടിക്കും.

ആരൊക്കെയോ വേദന കൊണ്ട് നിലവിളിക്കുന്നുണ്ട്, ചിലരെ ഡോക്ടർമാർ വഴക്ക് പറയുന്നുണ്ട്. 
"ആവശ്യമില്ലാതെ ഇങ്ങനെ നിലവിളിക്കരുത്, കുഞ്ഞിന് കേടാണ്."
എനിക്ക് ബാത്‌റൂമിൽ പോകാൻ തോന്നുന്നുണ്ട്. 
ശക്തമായ ത്വര വരുന്നുണ്ട്. 
ശരീരം നുറുങ്ങുന്ന വേദന. 
"യാ അല്ലാഹ്." 
ഒരു ഞരക്കത്തോടെ കുറെ കണ്ണീരും പുറത്ത് ചാടി. 
"എന്താ..?"
മുന്നിൽ നോട്ടിലെന്തോ കുത്തിക്കുറിച്ചുകൊണ്ടിരുന്ന ഡോക്ടർ ഓടിയെത്തി. (റൂമിൽ കുറേ ഡോക്ടർമാരും നേഴ്‌സുമാരുമുണ്ട്,  അവരൊന്നും ശ്രദ്ധിക്കാതെ നിൽക്കുകയാണെന്ന് നമുക്ക് തോന്നുമെങ്കിലും ഓരോരുത്തരുടെയും മൂവ്മെന്റ് അവർ ശ്രദ്ധിക്കുന്നുണ്ട്.) 
"ഡോക്ടർ, എന്നെ ഒന്ന് നോക്കോ.."
അവർ ഒന്ന് നോക്കി, "ട്രോളിയെടുക്ക്, ഇവിടെ ഫുൾ ആയി..... ചേച്ചി..., ബെഡ് റെഡി അല്ലെ..?"
അവർ ആരോടൊക്കെയോ പറഞ്ഞു. 
ഞാൻ ആ നേരം എല്ലാവരേം ഓർക്കുകയായിരുന്നു. ഉമ്മച്ചി, വാപ്പച്ചി, ചാച്ചു, സഅദ്, അജ്മൽ, അവന്റെ ഉമ്മ, കുഞ്ഞുമ്മമാർ, അങ്ങനെ എല്ലാവരും കണ്ണിനു മുന്നിലൂടെ ഓടിയോടിപ്പോയി.

എങ്ങനെയൊക്കെയോ ഡെലിവറി ബെഡിൽ എത്തി. 
നടുവിന് താഴേക്ക് ബെഡ് ഇല്ല, കാല് മുകളിലെ കമ്പിയിൽ ചവിട്ടിപ്പിടിക്കണം, രണ്ടുകയ്യും കൊണ്ട് നടു താങ്ങി മുക്കണം. ഇപ്പോൾ ഡ്രിപ്പ് രണ്ടുകയ്യിലുമുണ്ട്, ബാക്കിയുള്ള ഉപകരണങ്ങളുമുണ്ട്. 
ബെഡിനു ചുറ്റും ഡോക്ടർമാരെയും നേഴ്‌സുമാരെയും അറ്റൻഡർമാരെയും കൂട്ടി കുറേ പേരുണ്ട്..
 അമീന ഡോക്ടർ അരികിൽത്തന്നെയുണ്ട്. 
വിമൽ (പേര് സാങ്കൽപ്പികം) ഡോക്ടറിനൊപ്പം പേരറിയാത്ത ഒരു സീനിയർ ഡോക്ടറുമുണ്ട്, അവരാണ് എന്റെ കാലിന്റെ വശത്ത് നിൽക്കുന്നത്. 
"കുഞ്ഞിന്റെ ഹെയർ ലൈൻ കാണുന്നുണ്ട്, കോണ്ട്രാക്ഷൻ വരുമ്പോൾ നടുവിൽ കൈ താങ്ങി ശക്തമായി മുക്കണം, അത് തീരുന്നത് വരെ നിറുത്തരുത്."
"ചെറുതായിട്ട് കീറുകയാണേ." അതിനിടയിൽ വജൈനയുടെ ഭാഗത്ത് കീറലുണ്ടാക്കി. 
ഞാൻ പാതി മയക്കത്തിലാണ് അതെല്ലാം കേൾക്കുന്നത്.
"മുക്ക് മുക്ക്  മുക്ക് മുക്ക്, വിടാതെ മുക്ക്...." ഒരു ഡോക്ടർ അടുത്ത് നിന്ന് താളത്തിൽ പറയുന്നുണ്ട്. (അതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ ചിരി വരുന്നുണ്ട്.) 
ഒരാളെൻറെ വയർ തടവുന്നുണ്ട്. 
"ഡോക്ടർ എനിക്ക് ഒന്ന് കാല് താഴ്ത്തിയിടണം. അല്ലെങ്കിൽ എണീറ്റിരിക്കണം, എന്നെക്കൊണ്ട് പറ്റുന്നില്ല."
"എന്ത് പറ്റി..?"
"മസിൽ..."
"മസിൽ പിടിച്ചോ..? കോണ്ട്രാക്ഷൻ ഇല്ലാത്തപ്പോൾ താഴ്ത്തിക്കോളൂ."
വിമൽ ഡോക്ടർ എന്നോട് പല കാര്യങ്ങളും പറഞ്ഞ് എന്റെ ശ്രദ്ധ മാറ്റുന്നുണ്ട്, ജോലി, വീട്, അടുത്ത പ്ലാൻ, അങ്ങനെ പലതും. 

കാല് മസിൽ പിടിച്ചു,  ഒപ്പം മൂക്കും അടച്ചു.
സുഖം. 
ആകെ ഒരു വെപ്രാളത്തിൽ കയ്യിലിരുന്ന ഡ്രിപ്പും, ഓക്സിമീറ്ററും ഞാൻ ഊരിക്കളഞ്ഞു. 
"ഡോക്ടർ, എനിക്ക്... ശ്വാസം മുട്ടുന്നുണ്ട്.."
"ഓക്സിജൻ ഇടുകയാണ്.." 
ഓക്സിജൻ ഇട്ടു. 
"അൽപ്പം കൂടി പുഷ് ചെയ്‌താൽ കുഞ്ഞ് പുറത്ത് വരും, നന്നായി മുക്കിക്കേ.."
എന്റെ മുക്കലിന്റെ ആക്കം കുറഞ്ഞു. ആരോഗ്യം തീർന്നു എന്ന് തോന്നുന്നു. 
"ഡോക്ടർ,.... ഇനി...... പറ്റില്ല.." എന്റെ ശബ്ദം ക്ഷയിച്ചു. 
"വാക്വമെടുക്ക്."
മെഷീൻ ഓൺ ആയി.
"അവസാനമായി നന്നായിട്ടൊന്ന് പുഷ് ചെയ്തേ.. കുഞ്ഞിനെ പുറത്തെടുക്കാൻ പോകുകയാണ്. 
"യാ അല്ലാഹ്..." സർവ ശക്തിയുമെടുത്ത് ആഞ്ഞു മുക്കി. 
"ങ്ങീ..." 
"സജീനത്ത് കുഞ്ഞിനെ കണ്ടോ..?"
അവ്യക്തമായി ഞാനതു കണ്ടു, ലേഡി ഡോക്ടറിന്റെ  കയ്യിൽ തലകീഴായി ഒരു കുഞ്ഞുരൂപം. 
"ഉം.."
എന്റെ വേദന അതോടെ പോയിരുന്നു, ഞാൻ കണ്ണുകളടച്ചു.
"രണ്ട് ഇൻജെക്ഷൻ എടുക്കുകയാണ്. സ്റ്റിച്ച് ഇടാൻ വേണ്ടി."
"ഡോക്ടറെ, എനിക്ക് ആൺകുഞ്ഞോ, പെൺകുഞ്ഞോ...?"
"അപ്പോൾ കുഞ്ഞിനെ കണ്ടില്ലേ.."
"കണ്ണാടി വക്കാത്തോണ്ട്  നേരെ കണ്ടില്ല."
"സജീനത്തിന്റെ ബേബിയെ കൊണ്ട് വന്നേ.. 'അമ്മ കുഞ്ഞിനെ കണ്ടില്ല."
പിങ്ക് നിറമുള്ള ടൗവലിൽനുള്ളിൽ നിന്നും എന്നെ നോക്കുന്ന രണ്ട് കുഞ്ഞിക്കണ്ണുകൾ. 
"കണ്ടില്ലേ? മോളാണ്."
അൽഹംദുലില്ലാഹ്. 
എല്ലാം കഴിഞ്ഞു, പക്ഷേ, സ്റ്റിച്ചിന്റെ വേദനയല്ലാതെ മറ്റൊരു വേദനനയും അറിയാൻ വയ്യ. 


പണ്ട് എവിടെയോ വായിച്ചതോർക്കുന്നു, 
"ഒരു പെണ്ണ്, ഒരു കുഞ്ഞിന് ജന്മം നൽകുന്നത് മരണത്തിനോടടുത്ത വേദനയിലാണ്. അവൾക്കൊരിക്കലും പ്രസവ വേദന ഓർത്തിരിക്കാൻ കഴിയുകയില്ല, അവളിൽ നിന്നും ആ വേദനയുടെ ഓർമ്മ പടച്ചവൻ എടുത്ത് മാറ്റും. കാരണം, അവളത് ഓർത്തിരുന്നാൽ പിന്നീടൊരിക്കലും ആ വേദന താങ്ങാൻ അവൾ തയ്യാറാവുകയില്ല."
ശരിയാണ്. 
ഇത്രേം നേരം ഞാൻ തിന്ന വേദന എത്രത്തോളമെന്നൊന്നും ഓർമ്മയില്ല, വേദനിച്ചിരുന്നു, അത്ര മാത്രം. 
പക്ഷേ, ആ വേദനകളെല്ലാം ഒരു കുഞ്ഞുലോകത്തെ നെഞ്ചോടടുപ്പിക്കാനായിരുന്നു എന്നോർക്കുമ്പോൾ സന്തോഷം.
സന്തോഷം മാത്രം. 💓

2021 ഡിസംബർ 3, വെള്ളിയാഴ്‌ച

മസാല ദോശ

 മസാല ദോശ 

"ഡേറ്റ് മൂന്നല്ലേ..? അടുത്തായല്ലോ..അപ്പോപ്പിന്നെ നാളെത്തന്നെ പോകുന്നതാണ് നല്ലത്. നാളെ സാറ്റർഡേ. ഒപിയിൽ ആരാണെന്ന് അറിയില്ല. മണ്ടേ ആകുമ്പോൾ 29 ആകും. വളരെ അടുത്ത്. എന്തായാലും നാളെ തന്നെ പോകു. റഫറൻസ് എഴുതിയിട്ടുണ്ട്."
"താങ്ക്യൂ മാഡം."
നന്ദി പറഞ്ഞിറങ്ങി. 
"എന്തായി..?"
"എന്താകാൻ? പ്രതീക്ഷിച്ചത് പോലെ തന്നെ. തിരുവനന്തപുരത്തേക്ക് റഫർ ചെയ്തു. അനസ്തേഷ്യ ഡോക്ടർ ഈ ഡോക്ടറിനോട് പറഞ്ഞു എന്ന്. വല്ല കോംപ്ലിക്കേഷനും വന്നാൽ ഇവിടെ സൗകര്യമില്ല. അത്കൊണ്ട് എന്റെ കേസ് ഇവിടെ എടുക്കാൻ പറ്റില്ല എന്ന്. നാളെ തന്നെ ഓ പി യിലേക്ക് പോകാൻ പറഞ്ഞു."
"അത് സരമില്ലെടി, നാളെ എനിക്ക് കൊല്ലം പോകണമായിരുന്നു. അത് ഞാൻ മാറ്റി വയ്ക്കാം. നമുക്ക് നാളെ തന്നെ പോകാം. ഡേറ്റ് ഇങ്ങ് അടുത്തില്ലേ.. നമ്മുടെ വാവയുടെ കാര്യത്തിൽ അവസാന നിമിഷത്തെ റിസ്ക് ഒന്നും വേണ്ട. ഒൻപത് മാസത്തെ കാത്തിരിപ്പാ.."
"നാളെ ചിലപ്പോ അഡ്മിറ്റ് ചെയ്താലോ..?"
"അഡ്മിറ്റ് ആക്കുന്നെങ്കിൽ അഡ്മിറ്റ് ആക്കട്ടെ. എന്തായാലും ഇനി നിന്റെ പ്രസവം കഴിഞ്ഞിട്ടേ ഞാൻ ഇനി ദൂര യാത്ര ഒക്കെ ഉള്ളു. വാ പോവാം."
"ചാച്ചുവേ.."
"എന്താടി...?"
"എനിക്കൊരു മസാല ദോശ വാങ്ങിത്തരുമോ..?"
"മസാല ദോശയോ..? വാങ്ങിച്ചാലും വീട്ടിൽ കൊണ്ട് പോയെ കഴിക്കാൻ പറ്റുള്ളൂ."
"വീട്ടിൽ കൊണ്ട് പോണ്ട. ഇരുന്ന് കഴിക്കണം."
"ഡി, കൊറോണ ആയത് കൊണ്ട് ഇവിടെ ഒരു ഹോട്ടലുകാരും ഇരുത്തി ഫുഡ് കൊടുക്കുന്നില്ല. നമുക്ക് മസാല ദോശ വാങ്ങി വീട്ടിൽ കൊണ്ട് പോയി തിന്നാം."
"വേണ്ട."
നമുക്ക് അന്ന് കയറിയ കടയിൽ നിന്ന് വാങ്ങാം. വീട്ടിൽ കൊണ്ട് പോയി തിന്നാം."
"വേണ്ട."
"എങ്കി വണ്ടീൽ ഇരുന്ന് തിന്നാം." 
"വേണ്ട."
"എടി, വാങ്ങിച്ച തരാം."
"വേണ്ടെന്നല്ലേ പറഞ്ഞത്.."
"എന്തോന്നാടി ഇത്, ഇവിടെ കണ്ടൈൻമെൻറ് ഏരിയ ആയത് കൊണ്ടല്ലേ അവർ ഇരുത്തി തരാത്തത്."
"എനിക്ക് വേണ്ട.."
വാക്കുകളുടെ കൂടെ കുറെ കണ്ണീരും വീണു. 
"കരയണ്ട. ഞാൻ ആ ഹോട്ടലുകാരന്റെൽ ചോദിക്കാം."
"വേണ്ട. എനിക്ക് മസാല ദോശ വേണ്ട."
"പിന്നെ എന്ത് വേണം?"
"ഒന്നും വേണ്ട."
"അങ്ങനെ പറയല്ലേ എന്റെ കണ്ണാടീ, നീ പറ." 
"ഒന്നും വേണ്ടന്നല്ലേ പറഞ്ഞത്." 
ഇനി വല്ലോം പറഞ്ഞാൽ കരച്ചിലിന്റെ ഒച്ച കൂടും എന്ന് തോന്നിയതിനാലാവണം എന്റെ പാവം കെട്ടിയോൻ ഒന്നും മിണ്ടിയില്ല.
വീട്ടിലേക്ക് തിരിയുന്ന സ്ഥലം എത്താറായി.
"ചാച്ചുവെ.."
"ഉം..?"
"നമുക്ക് എങ്ങോട്ടെങ്കിലും പോവാം."
"എവിടെ പോവാനാ?"
"എങ്ങോട്ടെങ്കിലും."
'എടി, വീട് എത്താറായി. നിനക്ക് അവിടെ നിന്നപ്പോൾ പറഞ്ഞൂടാരുന്നോ..? എങ്കി നമുക്ക് പതിയെ വന്നാ മതിയാരുന്നല്ലോ.."
"നമുക്ക് മ്യുസിയത്ത് പോകാം..."
"ഇപ്പഴോ..? സമയം 8 മണിയായി. മാസം തികഞ്ഞ പെണ്ണിനേം കൊണ്ട് വായ് നോക്കാൻ പോയാൽ ഉമ്മ എന്നെ മടലിനടിക്കും."
എന്റെ കരച്ചിലിന്റെ ഊറ്റം കൂടി. 
ചാച്ചു വീട്ടിലേക്ക് വണ്ടി തിരിക്കാതെ നേരെ വിട്ടു. 
"എവിട പോണു..?"
"നമുക്ക് നിന്റെ വീട്ടിൽ പോകാം. എന്നിട്ട് എല്ലാരേം കണ്ടിട്ട് വരം അപ്പൊ നീ ഒന്ന് ഓ കെ ആകും."
"വേണ്ട."
"വീട്ടിലും പോണ്ടേ?"
"വേണ്ട"
"ഇങ്ങനെ വാശി പിടിക്കല്ലേ കണ്ണാടീ.."
"നിങ്ങൾ എത്ര നാളായി എന്നെ ചുട്ടിപ്പാറയിൽ കൊണ്ട് പോകാമെന്ന് പറയുന്നു..എന്നിട്ട് ഇത് വരെ കൊണ്ട് പോയില്ലല്ലോ."
"എടി, അത് ഈ അവസ്ഥ ആയത് കൊണ്ടല്ലേ, നീ പറയിലൊക്കെ വലിഞ്ഞുപിടിച്ച് കേറി വല്ലതും ആയിപ്പോയാൽ എല്ലാരും എന്നേ കുറ്റം പറയൂ."
ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു. 
പ്രഗ്നൻറ് ആയതിനു ശേഷം ഇങ്ങനെയാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യവും സങ്കടവും. 
എന്റെ പാവം കെട്ടിയോൻ അതൊക്കെ മനസ്സിലാക്കുന്നുണ്ടായിരുന്നു. 
"തിരിച്ച് പോവാം."
"എങ്ങോട്ട്..?"
"വീട്ടിലോട്ട്.."
വണ്ടി ഓടി ഏതാണ്ട് എന്റെ വീട് എത്താറായി.
"വീട്ടിൽ ഇറങ്ങണ്ടേ.."
"വേണ്ട."
"ഇറങ്ങാമെടി.."
"വേണ്ട. നമുക്ക് പോകാം."
വീടിനു മുന്നിലെ വളവിൽ കാർ തിരിഞ്ഞു. 
"ചാച്ചുവേ.."
"എന്താ..?"
"അതേ... ഇന്നിനി എങ്ങും പോകാതെ എന്റോടെ ഇരിക്കോ..?"
"ഇനീപ്പോ എവിട പോവാനാ.. മാണി 9 ആയി."
"ഇരിക്കോ..? ഇനീപ്പോ നാളെ അഡ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ അഞ്ചാറ് ദിവസം കാണാൻ പറ്റില്ലല്ലോ.."
"ഇരിക്കാമെടേ..."
"അപ്പഴേ, എന്നും തരുന്ന ഗുഡ് മോർണിംഗ്, ഗുഡ് നൈറ്റ് ഉമ്മകൾ അഞ്ചാറ് ദിവസത്തേക്ക് ഉള്ളത് അഡ്വാൻസ് ആയി തരോ..?"
"അത് പറ്റില്ല."
"അതെന്താ..?"
"അത് ക്രെഡിറ്റ് ആക്കി വച്ചോ.. വാവേനേം കൊണ്ട് വരുമ്പോ തരാം."
"അത് എന്ത് എടപാടാ.. തരോ..."
വണ്ടി വീട്ടിലേക്കുള്ള കയറ്റം കയറാറായി.
"ഗിയർ മാറാൻ നേരം കയ്യിക്കേറി പിടിക്കല്ലേ കണ്ണാടീ.."
"തരോ..? ഏ..?"
"തരാടീ."
"അപ്പൊ. ഓ കെ"
പിന്നാലെ കെട്ടിയോന്റെ  ഉച്ചത്തിലുള്ള പതിവ് ആത്മഗതം.
"എന്റെ പടച്ചോനെ.. ഇങ്ങനൊരു കിളി പിടിച്ച പെണ്ണിനെയാണല്ലോ നീ എനിക്ക് തന്നത്."
ഒപ്പം മണ്ടക്കൊരു കൊട്ടും.
സ്വസ്ഥം.
സമാധാനം. 



2021 മേയ് 4, ചൊവ്വാഴ്ച

കടൽ

 കടൽ 

"ചാച്ചുവേ, ഇന്ന് കടലീ പോവാം?"
"ഇന്നാടീ? സമയം തോന ആയി. ആറ് മണിക്ക് മുന്നേ നിന്നെ വീട്ടിൽ എത്തിച്ചില്ലെങ്കിൽ ഉമ്മ എന്നെ ഓടിക്കും. അതും ഈ സമയത്ത്"
വാച്ചിൽ നോക്കിയപ്പോൾ ശരിയാണ്, സമയം ഏതാണ്ട് അഞ്ചാകുന്നു. കടലിലും കൂടി പോയാൽ സമയം ഏഴാകും. 
സന്ധ്യക്ക് വീട്ടിൽ ചെല്ലുമ്പോൾ ഉമ്മ ഓടിക്കും.
'എത്ര സമയമായി. വയറ്റിൽ ഒരു കൊച്ചുണ്ടെന്ന് ഓർമ്മ വേണം, അതിനേം കൊണ്ടാ ഈ ത്രിസന്ധ്യക്ക് ആ റബ്ബറിന്റിടയിലൂടെ വരുന്നത്., പിന്നെ സ്വരം മാറും, 
'ഞാൻ എത്ര പ്രാവശ്യം പറഞ്ഞതാ, ഡാ നീ ആ പെണ്ണിന് വല്ലോം വാങ്ങിച്ച് കൊടുത്തോ...? പോയി തുണി മാറ്റിയിട്ട് പോയി ചോറ് കഴിക്ക് കൊച്ചെ, നീ കഴിക്കണ്ട, ആ വയറ്റിൽ കിടക്കുന്നതിനു എന്തെങ്കിലും കൊടുക്ക്. സമയത്ത് ഒരു വക കഴിക്കില്ല, കണ്ടില്ലേ കോലം..' 
സ്നേഹത്തിൽ ചാലിച്ച ആ വഴക്ക് കേൾക്കാൻ രസമാണെങ്കിലും നമ്മൾ ചെല്ലാൻ വൈകും തോറും ആദി പിടിക്കുന്ന ആ കണ്ണുകൾ... 
വേണ്ട. വേറൊരു ദിവസം പോകാം. 
***
"ഇന്ന് പോയാലോ..? സമയമുണ്ടല്ലോ..?"
"ഈ കൊട്ടൻ വെയിലത്താ...? നീ വന്നാണ്."
വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ നേർത്ത മഴയുണ്ട്.. 
"ഡി, നമ്മക് ഞാറാഴ്ച പോവാം. അന്ന് വേറെ പരിപാടി ഒന്നും ഇല്ലല്ലോ."
"ഓക്കേ"
ചാച്ചുവിനോട് ഞാൻ ഒന്നുകൂടി ചേർന്നിരുന്നു.
"ന്റ കണ്ണാടി ഹാപ്പിയായോ..?"
"ഉം.. ഹാപ്പി.."
***
കാത്തുകാത്തിരുന്ന ഞായർ എത്തി.
സാധാരണ അവധി ദിവസങ്ങളിൽ എണീക്കുമ്പോൾ പത്തുമണി കഴിയും. അന്ന് അൽപ്പം നേരത്തെ എണീറ്റു. 
ഒമ്പതേമുക്കാലിന്. 😁
രാവിലെ നല്ല വെയിൽ ഉണ്ട്. 
"ചാച്ചുവെ, എപ്പ പോവാം?"
"ഉച്ച കഴിഞ്ഞിറങ്ങാം. അപ്പൊ വെയിൽ താരും."
"ഓക്കേ"
മണി ഒന്നായി, ഒന്നരയായി. രണ്ടാകും മുന്നേ പെരുമഴ. 
"ഡി, എങ്ങന പോവും?" 
😞
***
"ഡി, നീ എന്തിനാ കരയുന്നത്..?"
"പാതിരാത്രി മനുഷ്യനെ വിളിച്ചുണർത്തീട്ട് കരയുന്നെന്നാ..നിങ്ങക്കെന്താ മനുഷ്യാ,,?"
ഞാൻ തിരിഞ്ഞുകിടന്നു.
ജോലികഴിഞ്ഞു നേരത്തെ ഇറങ്ങി. എന്റെ ആശാൻ വണ്ടിക്കടുത്ത് തന്നെ നിൽപ്പുണ്ട്. 
"ഡി, നമ്മക്ക് വേറെ ഒരു സ്ഥലം വരെ പോകാനുണ്ട്."
"എവിടാ?"
"അതൊക്കെ പറയാം നീ വാ, പോവാം."
വണ്ടി ചിറയിൻകീഴ് റോഡിലേക്ക് തിരിഞ്ഞു..
"എവിട പോണ് ചാച്ചുവേ.. തുമ്പയിലേക്ക് വീണ്ടും പോണോ..?"
മൗനം.
"ഡി, നോക്ക്.."
ചാച്ചു ചൂണ്ടിയ ഇടത്തേക്ക് ഞാൻ നോക്കി.
കടൽ.
"അപ്പൊ ന്റ കണ്ണാടി കടല് കണ്ടേ.. ഇനി പോവാം."
"ങേ.. ഞാൻ ദൂരെന്ന് കണ്ടേ ഉള്ളു. അടുത്ത് പോവാം..."
"പോണോ..?"
"ഉം"
"ന്നാ.. പോവാം."
ഒടുവിൽ.. വെട്ടിത്തിളങ്ങുന്ന കടൽ!
"ഡി.. ഓടല്ലേ... ആ വയറെങ്കിലും താങ്ങിപ്പിടിക്ക് പെണ്ണേ.."
ചാച്ചു വണ്ടി പാർക്ക് ചെയ്യുന്നതിന് മുന്നേ ഞാൻ താഴെ ചാടി. 
"ഡി, ഇപ്പൊ ഭയങ്കര വെയിലാ, നമ്മക്ക് ഇത്തിരി നേരം അവിടെ ഇരുന്നിട്ട് വെയിൽ താഴുമ്പോൾ ഇറങ്ങാം. അത് പോരെ?"
"ഉം. പക്ഷെ, എനിക്ക് ഐസ് ക്രീം വാങ്ങിച്ച് തരണം."
"ഓ, തരാം.."
അൽപ്പം നടന്ന് പാലത്തിലേക്ക് കയറി. 
അവിടെ കുറെ പേര് ഇരിക്കുന്നുണ്ട്, ചിലർ മീൻ പിടിക്കുന്നു, ചിലർ ഫോട്ടോ എടുക്കുന്നു. 
വലിയ ഭിത്തികളിൽ ഹൃദയ ചിഹ്നത്തിനുള്ളിൽ എഴുതി വച്ചിരിക്കുന്ന പേരുകൾ. 
"നേരെ നടക്ക് കണ്ണേ.. ഇതുവരെ നടക്കാൻ അറിയാത്തൊരു പെണ്ണ്. ന്റ പടച്ചോനെ.."
ചാച്ചു ഇതേ വരെ എന്റെ കയ്യിലെ പിടിത്തം വിട്ടിട്ടില്ല. 
പാലത്തിൽ നിൽക്കുമ്പോൾ കടലിന്റെ മുഴുവൻ ഭാഗവും കാണാനാകില്ല, ഭിത്തി  അത്രക്ക് ഉയരത്തിൽ കെട്ടിയിട്ടുണ്ട്. 
അടുത്തതായിത്തന്നെ അദാനി ഗ്രൂപ്പിന്റെ ഒരു ചെറു കപ്പൽ കടൽഭിത്തികൾക്കുള്ള വലിയ കല്ലുകൾ കൊണ്ടുപോകുന്നുണ്ട്. 
കുറെ നേരം കഴിഞ്ഞപ്പോൾ പാലം ഏതാണ്ട് ഒഴിഞ്ഞു, ഞങ്ങളും ഒന്നുരണ്ട് പേരും ഒഴികെ മറ്റെല്ലാവരും പോയി. 
"വാ നമ്മക്ക് താഴെ പോവാം. നിനക്ക് കടലിൽ ഇറങ്ങേണ്ട..?"
"ഉം.. പോവാം."
"അതേ, ഇറങ്ങുന്നതൊക്കെ കൊള്ളാം, വേഗം കേറണം. വെള്ളം കണ്ടാൽ നിനക്ക് ബോധം കാണില്ല."
"കേറാം ചാച്ചുവേ.."
വാക്കൊക്കെ കൊടുത്താണ് ഇറങ്ങിയത്. അവസാനം ചാച്ചു വലിച്ചുപൊക്കിയാണ് കരയിൽ കയറ്റിയത്. 
"ഒരു രണ്ട് മിനുട്ട് കൂടി.."
"നോ."
"എങ്കി ഐസ് ക്രീം."
"ഓക്കേ."
"നമ്മക്ക് ഒരു ഫോട്ടോ എടുക്കാം."
"കുറെ എടുത്തല്ലോ.."
"ന്നാലും എടുക്കാം.. 
"ന്റ കണ്ണാടി ഹാപ്പി ആയാ..?"
"ഹാപ്പി."
"ഡി ഇന്നലെ നീ ഉറക്കത്തിൽ ഭയങ്കര കരച്ചിലാരുന്നു.."
"ഞാനാ? ന്തിന്..?"
"കടല് കാണണമെന്നും പറഞ്ഞിട്ട്.."
"പോ മനുഷ്യാ, കള്ളം പറയല്ലേ..?
"സത്യം.."
"സത്യം..?"
"സത്യം. നിന്റ പരാതി തീർന്നാ?"
"ഉം."
"ഇനി കരയോ...?"
"ഐസ് ക്രീം വാങ്ങിച്ച തന്നില്ലെങ്കിൽ ഇനീം കരയും.."
"എന്റെ തമ്പുരാനേ.. എന്റെ കിളി പോയ പെണ്ണ്. വാ നിനക്ക് ഒന്നോ രണ്ടോ ഐസ് ക്രീം വാങ്ങിത്തരാം."
കണ്ട് മതിവരാതെ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കുമ്പോൾ കടലിനെ പുണർന്ന് ചുവന്ന സൂര്യൻ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. 
വിട, വീണ്ടും വരും വരെ. 




2021 ജനുവരി 19, ചൊവ്വാഴ്ച

മൂക്കനച്ചി

 മൂക്കനച്ചി

ഗർഭിണിയായതിന്റെ രണ്ടാം മാസം അമ്മൂട്ടിയേടത്തി അമ്മയോട് പറയുന്നത് കേട്ടു,
"അമ്മായീ, നിക്ക് കുളിരണു..".
അടുക്കളയിൽ നിന്ന് അമ്മ അകത്തളത്തിലേക്ക് വന്നു, 
"എന്താ കുട്ട്യേ..? ഈ മീനച്ചൂടിൽ കുളിരോ? അതും നട്ടുച്ചക്ക്?"
'അമ്മ അമ്മൂട്ടിയേടത്തിയുടെ നെറ്റിയിൽ കൈ വച്ചുനോക്കി,
"ഈശ്വരാ, ചുട്ടുപഴുത്തിരിക്കുന്നല്ലോ..."

നാരായണൻ വൈദ്യരുടെ നാറുന്ന കഷായം കുടിച്ചിട്ടും കയ്പ്പൻ  ഇംഗ്ലീഷ് മരുന്ന് കഴിച്ചിട്ടും അമ്മൂട്ടിയേടത്തിയുടെ പനി മാത്രം കുറഞ്ഞില്ല. 
നട്ടുച്ചവെയിലിനേക്കാളും ചൂടുണ്ടായിരുന്നു അമ്മൂട്ടിയേടത്തിയുടെ ദേഹത്തിന്, ഏടത്തിയാണെങ്കിൽ കിടക്കപ്പായയിൽ നിന്നെണീറ്റില്ല. 

ഏടത്തിയുടെ വിശേഷമറിഞ്ഞുവന്ന നാണിത്തള്ളയാണ് ആദ്യം സംശയം പറഞ്ഞത്..."ഇനി മൂക്കനച്ചി വല്ലോം..."
അമ്മ നാണിത്തള്ളയെ തറപ്പിച്ച് നോക്കി. 

അന്ന് രാത്രി അമ്മ അച്ഛനോട് പറയുന്നത് കേട്ടു, 
"നമുക്ക് വെളിച്ചപ്പാടിനെ ഒന്ന് അറിയിച്ചാലോ...?"

പിറ്റേന്ന് മുറ്റത്ത് വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി.. 
ഉടവാൾ നെറുകയിൽ ആഞ്ഞുവെട്ടി വെളിച്ചപ്പാട് അലറി.. "മൂക്കനച്ചി.." പിന്നെ, വെട്ടിയിട്ടപോലെ നിലത്ത് വീണു. 
***

മൂക്കനച്ചിയെക്കുറിച്ച് ആദ്യമായിട്ടല്ല കേൾക്കുന്നത്,                                              അറിവ് വച്ച് കാലം മുതൽ നാലാൾ കൂടുന്നിടത്ത് ആ പേരുകേൾക്കാമായിരുന്നു. 

പലരും പലതാണ് പറഞ്ഞത്, എങ്കിലും അവരെല്ലാരും ഒന്നടങ്കം പറഞ്ഞു, 'സുന്ദരിയായിരുന്നു മൂക്കനച്ചി.'

അരയൊപ്പം മുടിയും, കൂവളക്കണ്ണുകളും, നീണ്ടമൂക്കുമുള്ള വെളുത്ത മൂക്കനച്ചി, നീണ്ട മൂക്കിന്റെ തുമ്പത്ത് ചുവന്ന കല്ലുള്ളൊരു മൂക്കുത്തി. 

ഒരുപാട് പേരുടെ മത്തുപിടിപ്പിക്കുന്ന സ്വപ്നമായിരുന്നു മൂക്കനച്ചി. 
വിധിക്കപ്പെട്ടത് മേലോടത്തെ രാവുണ്യവാര്യർക്കും. 

നാലാം ഭാര്യയെ രാവുണ്ണി ഒരുപാട് സ്നേഹിച്ചു. 
പക്ഷെ, അയാളുടെ മച്ചികളായ മൂന്ന് വേളികൾക്കും മൂക്കനച്ചി കണ്ണിൽ കരടായി. 
അങ്ങനെയിരിക്കെ മൂക്കനച്ചി ഗർഭിണിയായി. 

അതിന്റെ  രണ്ടാം മാസം, സർപ്പക്കാവിനരികിൽ മൂക്കനച്ചി ചത്തുമലച്ചു കിടന്നു, കണ്ണുകൾ തുറിച്ച്, വെളുത്ത ശരീരത്തിൽ നീലനിറം പടർന്ന്.. കാലുകളിലൂടെ രക്തം ചാലിട്ടൊഴുകി മൂക്കനച്ചി കിടന്നു. 
കൊന്നതാത്രെ, 
രാവുണ്ണിയുടെ ഭാര്യമാർ.
എങ്ങനെയാ കൊന്നതെന്ന് ആർക്കും കൃത്യമായി അറിയില്ല, ചിലർ പറയുന്നു വിഷം കൊടുത്തെന്ന്, 
ചിലരുടെ ഓർമ്മയിൽ പാമ്പിനെക്കൊണ്ട് തീണ്ടിച്ചത്, 
കഴുത്തു ഞെരിച്ചത്, 
കെട്ടിത്തൂക്കിയത്.. അങ്ങനെ പോകുന്നു കഥകൾ. 

അതിനു ശേഷം രാവുണ്ണിയുടെ ഭാര്യമാർ ഓരോന്നായി കൊല്ലപ്പെട്ടു, അവരുടെ കുടുംബങ്ങളിൽ രണ്ടാം മാസം ഗർഭം അലസുന്നത് പതിവായി. 
കഥകൾ പലത് കേട്ടു വയറ്റുകണ്ണികൾ ഉറക്കത്തിൽ മൂക്കനച്ചിയെ സ്വപ്നം കാണാറുണ്ടത്രെ, അവരുടെയൊക്കെ ഗർഭം അലസിപ്പോകാറുണ്ടത്രെ. മൂക്കനച്ചി ഭ്രൂണങ്ങൾ കാർന്നു തിന്നാറുണ്ടത്രെ. 

ഉപദ്രവം സഹിക്കാതായപ്പോൾ രാവുണ്ണിതന്നെ വടക്കുനിന്നൊരു മന്ത്രവാദിയെ കൊണ്ടുവന്നു, 
അടങ്ങാൻ കൂട്ടാക്കാതിരുന്ന മൂക്കനച്ചി രാവുണ്ണിയുടെ വിളിയിൽ ശാന്തയാവുകയും അവരെ സർപ്പക്കാവിനടുത്തെ ഇല്ലിച്ചോട്ടിൽ കുടിയിരുത്തുകയും ചെയ്തു. 
അതിനു ശേഷം സന്ധ്യമയങ്ങിയാൽ സർപ്പക്കാവിനടിത്തത്തെങ്ങും ആരും പോകാറില്ല. 
ആരെങ്കിലും നേരം തെറ്റി ആ വഴിക്ക് വന്നാൽ, മൂക്കനച്ചി അവർക്കൊപ്പം കൂടും.
ഇരുട്ടുവീണതിന് ശേഷം അതുവഴിപോയ പലരും മൂക്കനച്ചിയെ കണ്ടിട്ടുണ്ടത്രെ, അവരുടെ ചുവന്ന മൂക്കുത്തി ഇരുളിലും തിളങ്ങാറുണ്ടത്രെ.  
***
വെളിച്ചപ്പാടിന്റെ പ്രവചനം ശരിവെക്കാനെന്നോണം അമ്മൂട്ടിയേടത്തിയെ കണ്ട മൊയ്‌ല്യാരും പറഞ്ഞു, 
"ദ് മൂക്കനച്ചി തന്ന്യാണ്. സംശയം വേണ്ട. അതിനിപ്പോ വേറൊന്നും ചെയ്യാനില്ല, മുറപോലെ എല്ലാം നടക്കണം."
അടുത്ത ദിവസം തന്നെ സർപ്പക്കാവിൽ കളമൊരുങ്ങി. 
വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി. 
കരിങ്കോഴിയുടെ ചോര കളത്തിൽവീണൊഴുകി.
അമ്മൂട്ടിയേടത്തി ബോധംകെട്ടുവീണു. 

അമ്മൂട്ടിയേടത്തി കണ്ണുതുറക്കുവോളം അമ്മയും അച്ഛനും ഏട്ടനും കൂട്ടിരുന്നു. ഏടത്തിയുടെ പനി കുറഞ്ഞു. 
കുറച്ചുദിവസത്തിൽ ഏടത്തി പഴയപോലെയായി. 

ഏഴുമാസം വീണ്ടും കടന്നുപോയി. 
അമ്മൂട്ടിയേടത്തി പ്രസവിച്ചു. 
പഞ്ചാരക്കട്ടിപോലൊരു പെൺകുഞ്ഞ്. 

പേരിടീൽ ചടങ്ങിന് ഏട്ടൻ മൂന്ന് പ്രാവശ്യം വിളിച്ചു, 
"മാളവിക.."

 വൈകിട്ടാണ് വെളിച്ചപ്പാട് മാളവികയെ കാണാൻ വന്നത്. 
ഇറങ്ങാൻ നേരം വെളിച്ചപ്പാട് അടുത്തേക്ക് വിളിച്ചു.
"മോനിനി സന്ധ്യകഴിഞ്ഞാൽ സർപ്പക്കാവിനടുത്തേക്ക് പോകരുത്.."
"കാവിന്റെ അതിരാണെന്ന് അറിഞ്ഞിരുന്നില്ല, ഞാവൽപ്പഴം കണ്ടപ്പോൾ കൊതികൊണ്ട് ...."
എന്റെ ദയനീയമായ നോട്ടം കണ്ടിട്ട് വെളിച്ചപ്പാട് ആശ്വസിപ്പിച്ചു. 
"സാരമില്ല, വെളിച്ചപ്പാട് ആരോടും പറഞ്ഞിട്ടില്ല. ശ്രദ്ധിക്കണം കുട്ട്യേ.. അമ്മൂട്ടി  ഭാഗ്യം കൊണ്ടാ രക്ഷപ്പെട്ടത്."

ഇരുട്ട് വീണിരുന്നു, 
അമ്മയോട് വാങ്ങിയ ചൂട്ടും തെളിച്ച് വെളിച്ചപ്പാട് വഴിയിലേക്കിറങ്ങി. 
വെളിച്ചപ്പാട് പോയ വഴിയിൽ മിന്നാമിനുങ്ങുകൾ പോലെ തീപ്പൊരികൾ പാറി . 
ദൂരെ സർപ്പക്കാവിനടുത്ത് ഒരു നേർത്ത ചുവന്ന വെളിച്ചം കാണുന്നുണ്ടോ..?



2021 ജനുവരി 15, വെള്ളിയാഴ്‌ച

സാമ്പാർ

 സാമ്പാർ

വീട്ടിലുള്ളപ്പോൾ അടുക്കള ഭരണം വല്ലപ്പോഴുമാണ് ഏറ്റെടുക്കാറ്. ഏറ്റെടുത്താൽപ്പിന്നെ അന്ന് വേറാരും അവിടെ കേറാനും പാടില്ല എന്നത് എന്റെ  അലിഖിത നിയമം. അതുകൊണ്ട് തന്നെ അടുക്കളയിൽ ഞാനുണ്ടെങ്കിൽ വേറാരും അങ്ങോട്ട് വരാറുമില്ല. 

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി എല്ലാവരുടെയും മുന്നിൽ പിറ്റേന്ന് ഞാനാണ് അടുക്കള ഭരണം എന്ന പ്രസ്താവന ഇറക്കി. വേറാർക്കും തലവേദന ഇല്ലാത്തോണ്ട് എല്ലാവരും അത് കയ്യടിച്ച് പാസാക്കി. 

സാധാരണ അടുക്കളയിൽ കേറാനുദ്ദേശിച്ച ദിവസം നേരത്തെ എണീക്കാറാണ് പതിവ്. 

പക്ഷെ, അന്ന് അലാറം ഓഫ് ചെയ്തിട്ട് സുഖമായി ഉറങ്ങി. (അല്ലേലും അലാറം ഓഫ് ചെയ്തിട്ട് ഉറങ്ങാൻ ഭയങ്കര സുഖമാണ്, പ്രത്യേകിച്ച് എന്തെങ്കിലും പ്രധാന ദിവസങ്ങളിലും പരീക്ഷക്കും.) 😪💤💤

എന്തായാലും എണീറ്റപ്പോളെക്കും എട്ടുമണി കഴിഞ്ഞു. അന്നത്തെ പ്രാതലിനുള്ള മെനു ഇഡ്ഡലിയും സാമ്പാറും. 

അങ്ങനെ ഇഡ്ഡലിയൊക്കെ റെഡി ആക്കി വച്ചു, കുക്കറിൽ സാമ്പാറും തിളക്കുന്നു (കുക്കറിൽ ആദ്യത്തെ പരീക്ഷണമാണ്).

സമയം ഒൻപത് മണി, വാപ്പച്ചിക്ക് ആഹാരം കടയിൽ കൊണ്ട് പോയി കൊടുക്കണം. 

സാമ്പാർ മൂന്ന് വിസിൽ കേൾപ്പിച്ച് തുറക്കാൻ റെഡി ആയെന്നറിയിച്ചു. 

അപ്പോഴേക്കും കടയിൽ നിന്നും ചോദ്യം വന്നു, 

"ഇതുവരെ ഒന്നും ആയില്ലേ?"

"ദാ വരുന്നു, അഞ്ചു മിനിറ്റ്"

കടുക് വറുത്തത് കൂടി ഇട്ടാൽ സാമ്പാർ ഓകെ. 

പക്ഷെ, കുക്കറിന്റെ പ്രഷർ മാത്രം കുറഞ്ഞിട്ടില്ല, അടപ്പ് തുറക്കാനും പറ്റുന്നില്ല. 

പതുക്കെ കുക്കറിന്റെ വെയിറ്റ് ചട്ടുകം കൊണ്ട് പൊക്കി വച്ച് അകത്തെ ആവി മുഴുവനും പുറത്ത് പോയെന്ന് ഉറപ്പാക്കി. 

പതുക്കെ, വളരെ പതുക്കെ അടപ്പൊന്നു തുറന്നു.

"ഭും"

മനോഹരം. 

അടുക്കള പച്ചക്കറിക്കഷണങ്ങൾ കൊണ്ട് സർവ്വാഭരണ വിഭൂഷിതയായിരിക്കുന്നു. 

ഞാൻ സാമ്പാറിൽ അഭിഷിക്തയായി നിൽക്കുന്നു. 

എല്ലാവരും ഇടിച്ചു തള്ളി അടുക്കളയിലേക്ക്, കൂട്ടച്ചിരി. 

സമാധാനം. 

അന്നത്തെ പരീക്ഷണത്തിന്റെ സമ്മാനമെന്നോണം നെറ്റിയിലും ചുണ്ടിലും കയ്യിലും ഒക്കെ അത്യാവശ്യം പൊള്ളലുകൾ. 

തൽക്കാലത്തേക്ക് അന്നത്തെ അടുക്കള ഭരണം വേറെ കൈമാറി. 

എന്തായാലും ബാക്കിയുണ്ടായിരുന്ന സാമ്പാർ ഇഡ്ഡലിക്കൊപ്പം വിളമ്പി.

കഴിക്കുന്നതിനൊപ്പം വാപ്പച്ചി ഇടക്ക് പറഞ്ഞു, 

"നല്ല സാമ്പാർ." 😋

എന്തായാലും അന്ന് മുതൽ കുക്കറിന്റെ വെയിറ്റ് ഇട്ട് കളിക്കുന്ന പരിപാടി നിറുത്തി. സമയം താമസിച്ചാലും തടി കേടാകാതെ തിന്നാമല്ലോ.  😄



2020 ഒക്‌ടോബർ 3, ശനിയാഴ്‌ച

സിക്സർ

 സിക്സർ


കോടതി വരാന്തയിൽ നിന്നിറങ്ങുമ്പോൾ ആരാധ്യ നന്നേ ക്ഷീണിച്ചിരുന്നു. 
വാദങ്ങൾ, പ്രതിവാദങ്ങൾ..
"അക്കോർഡിങ് ടു ദി വിറ്റ്നസ്, ആരാധ്യ ഡിപ്രെഷൻ ഗുളികകൾ കഴിച്ചിരുന്നു. അഡിക്ട് ആയിരുന്നു. ഇങ്ങനെ മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരാൾക്കൊപ്പം എന്റെ കക്ഷി തുടർന്ന് ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ആയതിനാൽ കോടതി ഇവർ രണ്ട് പേരെയും പിരിഞ്ഞുജീവിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു."
"കൗൺസിലിംഗിന് ശേഷവും ഇരുവർക്കും തുടർന്ന് ജീവിക്കാൻ താല്പര്യമില്ലാത്ത പ്രകാരം, കേസ് നമ്പർ 108/2020 ലെ ഇരുകക്ഷികളായ മിസ് ആരാധ്യ ഉണ്ണിക്കൃഷ്ണനെയും മിസ്റ്റർ ആനന്ദ് പവിത്രനെയും പിരിഞ്ഞു ജീവിക്കാൻ ഈ കോടതി അനുവദിക്കുന്നു. ടി കക്ഷികൾ 19.09.2020 മുതൽ നിയമപ്രകാരം വിവാഹിതരല്ല എന്നറിയിക്കുന്നു."
ആരാധ്യ മറുത്തൊന്നും പ്രതീക്ഷിച്ചിരുന്നില്ല. മാനസിക രോഗി എന്നൊരു പേര് കൂടി ചാർത്തിക്കിട്ടി. 
ആരാധ്യ ദീർഘമായി ഒന്ന് ശ്വാസമെടുത്തു. വല്ലാത്തൊരു ഉന്മേഷം, പ്രാണവായു തിരികെ കിട്ടിയത് പോലെ.
സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുമ്പോൾ അയാൾ പിന്നിൽ വന്നൊന്ന് പുഞ്ചിരിച്ചു. അവൾ ആ പുഞ്ചിരിക്ക് മറുപടി നൽകി. 
നഗരത്തിലേക്ക് കടക്കുമ്പോൾ ആകാശം ചുവന്നിരുന്നു. അവൾ അന്നാണ് ഒരുപാട് നാളുകൾക്ക് ശേഷം ആകാശം വ്യക്തമായി ശ്രദ്ധിക്കുന്നത്, നടവഴിയിൽ ചുവന്ന ചായത്തിൽ വെള്ളിനിലാവ് പൂശിയിട്ട് ചന്ദ്രൻ ചിരിച്ചുകൊണ്ട് മാറിനിൽക്കുന്നു, അടുത്തായി ചെറിയൊരു നക്ഷത്രക്കുഞ്ഞും. 

സിഗ്നലിനടുത്തെത്തിയപ്പോൾ ഗൃഹോപകരണങ്ങൾ വിൽക്കുന്ന കടയിലെ വലിയ സ്‌ക്രീനിൽ ധോണി സിക്സർ പറത്തുന്നു. 
ആരാധ്യ അറിയാതെ കയ്യടിച്ചു, 
'സിക്സർ'

അവളുടെ ഉച്ചത്തിലുള്ള  അട്ടഹാസം കേട്ടിട്ടാകണം അടുത്ത് നിറുത്തിയിട്ടിരുന്ന ബസ്സിൽ നിന്നും മാസ്കിനുള്ളിലെ രണ്ടുമൂന്നു മുഖങ്ങൾ എത്തിനോക്കി. 
ഭാഗ്യം, മാസ്കിനൊപ്പം ഹെൽമറ്റും വച്ചിരിക്കുന്നത് ഗുണമായി. 

ചുവന്ന വെളിച്ചം മഞ്ഞയിലേക്കും പിന്നെ പച്ചയിലേക്കും വഴിമാറി. വാഹനങ്ങളുടെ ഇരമ്പലുകൾക്കൊപ്പം അവളുടെ മനസ്സിൽ മറ്റൊരു ഇരമ്പലുയർന്നു. 

കലിംഗ സ്റ്റേഡിയത്തിൽ നിന്നും കാണികളുടെ ഇരമ്പൽ.. 
എല്ലാവർക്കും  ഒരേ ശബ്ദം... 
ആരാധ്യ... ആരാധ്യ.. 
അണ്ടർ 19 വിമൻസ് ക്രിക്കെറ്റ് മാച്ച് നടക്കുന്നു, ബാറ്റ് കയ്യിലെടുത്ത് ആരാധ്യ ക്രീസിലേക്ക് നടന്നു, 
വ്യക്തമായി കമന്ററി കേൾക്കുന്നുണ്ട്, 
"ഹിയർ കംസ് ദി മോസ്റ്റ് അവൈറ്റഡ് ബാറ്റ്സ്മാൻ, മിസ് ആരാധ്യാ ഉണ്ണികൃഷ്ണൻ.. ആൻഡ് ഇട്സ് ഗോയിങ് ടു ബി എ ടഫ് ടൈം, ഐ തിങ്ക് ടെസ്സി പീറ്റർ ഈസ് റെഡി ടു ബൗൾ. വി വിൽ സീ ദി ടേണിങ് പോയ്ന്റ്സ് ഓഫ് ദി മാച്ച് വിത്തിൻ ഫ്യു മിനുട്സ്."
മെക്സിക്കോ ജേഴ്സിയണിഞ്ഞ ടെസ്സ പീറ്റർ ഒരു കൊല്ലുന്ന ചിരിയോടെ നിൽക്കുന്നുണ്ട്. 
പതിനൊന്നാം ഓവറിലെ ആദ്യ ബാൾ. 
കാണികൾ നിശ്ശബ്ദരാണ്. 
ആരാധ്യയുടെ കണ്ണുകൾ ബോളിൽ മാത്രം പതിഞ്ഞു
മനസ് കണക്കുകൂട്ടാൻ തുടങ്ങി. ബാളിൽ പ്രയോഗിക്കുന്ന ബലം, കാറ്റിന്റെ ദിശ, ബോളിന്റെ വേഗം.. 
കാണികളിൽ നിന്ന് ആരവമുയർന്നു. 
"സിക്സർ...!!!!"
***
"എന്തൊക്കെ ആണെന്ന് പറഞ്ഞാലും പെണ്മക്കൾ ബാധ്യത തന്നെയാണ് ആരൂ.."
ഞാൻ തെല്ലൊരു ആശ്ചര്യത്തോടെയാണ് മാമനെ നോക്കിയത്. 
"ബാധ്യത?"
"അതെ, ബാധ്യത, നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും നീ ഒരു ബാധ്യത തന്നെയാണ്.."
മാമൻ തീർത്തു പറഞ്ഞു. 
ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി, അച്ഛൻ ദയനീയമായ ഭാവത്തിൽ നിൽക്കുകയാണ്. അച്ഛനെന്ത് പറയാനാണ്..  
മാമൻ അച്ഛന് നേരെ തിരിഞ്ഞു,
"നീയാണ് ഇവളെ ഇത്രേം വഷളാക്കിയത്.. അമ്മയില്ലാത്ത കുട്ടിയല്ലേ എന്ന് വിചാരിച്ച ഇത്രേം ക്ഷമിക്കുന്നത്.. അവളുപോയ അന്നേ നിങ്ങളെ ഇറക്കിവിടണമായിരുന്നു. അവളുടെ സർവ്വ തോന്നിവാസങ്ങളും നിങ്ങൾ വളം വച്ച് കൊടുക്കുന്നുണ്ടല്ലോ.. നേരം വെളുക്കുമ്പോൾ ഒരു ബാറ്റുമായി ഇറങ്ങും.. "
"മാമനെന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് പറയ്.. ചുമ്മാ  അച്ഛനെ ചീത്ത വിളിക്കാതെ.. "
ആരാധ്യ ഇടക്ക് കയറി..
കണ്ണുപൊട്ടുന്ന പോലെ ഒരടിയാണ് മുഖത്തു വീണത്.. 
"നീ എന്നോട് സംസാരിക്കാറായോ..?" 
അച്ഛൻ തടുക്കാൻ വന്നു, 
ആ സംഭവം കഴിഞ്ഞ് കൃത്യം പതിമൂന്നു ദിവസമായപ്പോളേക്കും അച്ഛൻ  പോയി, 
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. 
വിവാഹം. 
ആ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഷോകേസിൽ ഇരുന്ന കുറെ ട്രോഫികളും മെഡലുകളും അലറിവിളിച്ചുകരഞ്ഞു. 
അവളിറങ്ങുമ്പോൾ യാത്രയാക്കാൻ ഉറ്റവരായി അവ മാത്രമേ ഉണ്ടായിരുന്നുള്ളു. 
***
 സിഗ്നൽ വിട്ട് മുന്നിലേക്ക് കയറുമ്പോൾ അവൾക്ക് താനൊരു കരടിക്കുഞ്ഞാണെന്ന് തോന്നി. പോകുന്നിടത്തേക്കോ നിന്നിടത്തേക്കോ തിരികെ ചെല്ലനാവാത്ത വിധം പെട്ടുപോയ ഒരു കരടിക്കുഞ്ഞു. 
ബംബി സിൻഡ്രോം ബാധിച്ച കരടിക്കുഞ്ഞു. 
അടുത്ത കവലയിലേക്ക് തിരിയുമ്പോൾ വഴിയരികിലെ വീട്ടിൽ നിന്ന് അടുത്ത ആരവം കേട്ടു. 
വീണ്ടും സിക്സ് ആയിരിക്കും, അല്ലെങ്കിൽ കളി ജയിച്ചിട്ടുണ്ടാകും. 
അവൾ സ്കൂട്ടർ അരികിലേക്ക് നിറുത്തി കാതോർത്തു.
അതെ, ചെന്നൈ ജയിച്ചിരിക്കുന്നു. 
അവളൊരു ആവേശത്തോടെ വണ്ടിയെടുത്തു. 
സമയം കഴിയും തോറും അൽപ്പം മുൻപ് ഭർത്താവുമായി പിരിഞ്ഞ ആരാധ്യ ക്രിക്കറ്റ് ബാറ്റുമേന്തി നിൽക്കുന്ന പഴയ ആരാധ്യയായി. 
ഇത്തവണ നോർത്ത് കൊറിയയ്‌ക്കെതിരെയായിരുന്നു.
ആരാധ്യ ക്രീസിലേക്കിറങ്ങിയതും ചാറി നിന്നിരുന്ന മഴ ശക്തി പ്രാപിച്ചു, 
ആദ്യത്തെ ബോൾ ഫോർ. 
രണ്ടാമത്തെ ബോൾ....
അപ്പോഴേക്കും മഴ അതിന്റെ പൂർണ്ണ ശക്തിയിൽ ചൊരിയാൻ തുടങ്ങി. 
"ദി മാച്ച് ഹാസ് ബീൻ ക്യാൻസൽഡ് ഡ്യൂ ടു...."

കോരിച്ചൊരിയുന്ന മഴ. ആരാധ്യ മുന്നിൽ മഞ്ഞ നിറത്തിലുള്ള രണ്ട് ബോളുകൾ കാണുന്നുണ്ട്. 
മനസ്സ് കണക്കുകൂട്ടാൻ തുടങ്ങി...
വേഗം, തീവ്രത, മഴയുടെ ശക്തി.. 
രണ്ടാമത്തെ ബോൾ.. 
ആരാധ്യ നനയുന്നുണ്ട്, ചൂടുള്ള മഴ, ചുവന്ന നിറത്തിൽ ഒഴുകിപ്പരക്കുന്നു. 
കാണികൾ ഓടിക്കൂടുന്നുണ്ട്.. 
ആരൊക്കെയോ അവളെ തട്ടി വിളിക്കുന്നുണ്ട്...
കാണികൾ ആരവം മുഴക്കുന്നു.. 
"ആംബുലൻസ്... പോലീസ്.. ആക്‌സിഡന്റ്...."
ആരാധ്യ രണ്ടാമത്തെ ബോൾ പോയ  വഴി നോക്കുകയായിരുന്നു.. 
അതെ, സിക്സർ..
സിക്സർ തന്നെ. 



2020 മേയ് 3, ഞായറാഴ്‌ച

ആൺചൂര്

ആൺചൂര്

ആൺചൂര്, കേൾക്കാൻ ആനച്ചൂര് പോലെ ഗാംഭീര്യമുള്ള  ഒരു വാക്ക് അല്ലേ?
എന്നായിരുന്നു അത്?
മഴയുള്ള ദിവസമായിരുന്നു, കോളേജിൽ നിന്നും ലാബ് കഴിഞ്ഞിറങ്ങിയപ്പോൾ ഒരുപാട് താമസിച്ചിരുന്നു. ഒരു ബസിനായി ഒരു ഓട്ടോയെങ്കിലും അതുവഴിവരാൻ പ്രാർത്ഥിച്ചു നിന്ന ദിവസം.
ഒരിക്കൽ പോലും ഒറ്റക്ക് ടാക്സിയിൽ പോകാത്ത ഞാൻ എത്രയും വേഗം വീടെത്താൻ ആഗ്രഹിച്ച് ടാക്സിക്ക് കൈ കാണിച്ച ദിവസം. 
ടാക്സിയിൽ കയറാൻ തുനിഞ്ഞപ്പോഴാണ് അകത്തു വേറെ ആളുകൾ ഇരിക്കുന്നത് കണ്ടത്.
കയറിയില്ല. തിരികെ സ്റ്റോപ്പിലേക്ക് നടന്നു.
ഒരു നിമിഷം, ഒറ്റ നിമിഷംകൊണ്ടാണ് എന്നെ ആരോ അതിലേക്ക് വലിച്ചിട്ടത്. എന്റെ വായും മൂക്കും ആരോ പൊത്തിപ്പിടിച്ചിരുന്നു.

ബോധം വരുമ്പോൾ എന്റെ മേലേക്ക് ആരോ ശക്തമായി നിശ്വസിക്കുന്നുണ്ടായിരുന്നു, ശരീരം മുഴുവൻ വേദനയായിരുന്നു. 

ആകെ മൂന്ന് പേർ. ഓരോ ദിവസവും ഓരോരുത്തർ അതായിരുന്നു പതിവ്, ആ പതിവ് തെറ്റുന്ന ദിവസം മൂന്നുപേരും മാറിമാറി എന്നെ ഭോഗിച്ചിരുന്നു. 
ആ ദിവസങ്ങളിൽ ബോധം മടങ്ങിവരാറില്ലായിരുന്നു. 
പക്ഷെ, ആ ദിവസത്തിന്റെ അന്ത്യത്തിൽ എനിക്കവർ ഒരു ബണ്ണും ഒരു ഗ്ലാസ് മിനറൽ വാട്ടറും  തരാറുണ്ടായിരുന്നു. 

എനിക്കവരുടെ വീടോ പേരോ അറിയില്ല, ശരിക്കും മുഖം പോലും ഓർമ്മയില്ല, അവരെ ഞാൻ ഗന്ധം കൊണ്ട് തിരിച്ചറിഞ്ഞു. 

ചില ദിവസങ്ങളിൽ ഞാൻ ഭാഗ്യവതിയായിരുന്നു, അവരാരും വരാത്ത ദിവസം. അന്ന് ഞാൻ ബന്ധിച്ചിരുന്ന ചങ്ങലക്കൊപ്പം മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. 
എന്റെ ചങ്ങല കക്കൂസിന്റെ ക്ലോസറ്റ് മുതൽ ജനാലയുടെ ആദ്യത്തെ വിടവ് വരെ ആ ദിവസങ്ങളിൽ സഞ്ചരിച്ചു. 
നടന്നുവെന്നോ സഞ്ചരിച്ചു എന്നോ പറയുന്നത് ശരിയല്ല, ഇഴഞ്ഞു അതാണ് ശരി. 
ആ ദിവസങ്ങളിൽ ഞാൻ ദൂരേക്ക് നോക്കാറുണ്ട്. ആ കുന്നിൻ മുകളിൽ ഒരു മനുഷ്യക്കുഞ്ഞുപോലുമില്ല. 
ആ ദിവസങ്ങളിൽ ഞാൻ വീടിനെക്കുറിച്ചാലോചിക്കാറുണ്ട്. അച്ഛൻ, 'അമ്മ, ചേട്ടൻ.. എല്ലാവരും അന്വേഷിക്കുന്നുണ്ടാവും.. അജ്ഞാത മൃതദേഹങ്ങളിൽ പരതുന്നുണ്ടാവും എന്നെ.

അങ്ങനെ ഇഴഞ്ഞ ദിവസത്തിലൊന്നിലാണ് നോക്കെത്താദൂരത്തോളം പരന്നുനിൽക്കുന്ന പച്ചപ്പിനിടയിലൂടെ ഞാൻ ഏതോ പള്ളിയുടെ കുരിശുമണി കണ്ടത്. 
എനിക്ക് ബൺ കിട്ടുന്ന ദിവസങ്ങളിൽ അവിടെ നിന്നും നേർത്ത താളത്തിൽ ഏതൊക്കെയോ പാട്ടുകേൾക്കാറുണ്ട്. ഒരെണ്ണത്തിൻറെ ഏതാനും വരികൾ എനിക്ക് കാണാതെ അറിയാം. 
"Amazing grace, how sweet the sound
That saved a wretch like me" 
ബാക്കി മറന്നു ...
ആ പാട്ടിന്റെ രണ്ടാമത്തെ വരി പഠിച്ച ദിവസമാണ് കക്കൂസിന്റെ കതകിന്റെ കൈപ്പിടി ഒടിഞ്ഞത്. 
സമയം പോകാൻ വേണ്ടിയാണ് അത് തറയിലുറച്ചു തുടങ്ങിയത്. ആ ശബ്ദം കേൾക്കുമ്പോൾ വല്ലാത്ത ഹരം.
ജനാലയുടെ വിടവിൽക്കൂടി സൂര്യനും ചന്ദ്രനും മുറ തെറ്റാതെ വെളിച്ചം കാണിച്ചിരുന്നു. എപ്പോഴോ ആ പിടി വല്ലാതെ ഒന്ന് തിളങ്ങി. 
മൂർച്ച ആദ്യം പരീക്ഷിച്ചത് സിഗരറ്റിന്റെ തീയി അവരോരോരുത്തർ പടം വരച്ച തുടയിൽ... രക്തം വന്നിരുന്നു, വേദന മാത്രം അറിഞ്ഞില്ല. 

അന്നുരാത്രി  മൂന്നാമത്തവൻ വന്നിരുന്നു, പാറപ്പൊടിയുടെ മണമുള്ളവൻ... 
എന്റെ മേലേക്ക് മറിഞ്ഞ ആ ശരീരത്തിന്റെ കഴുത്തിലാണ് ആദ്യം കുത്തിയത്. കുറെ ചോര വാർന്നു. അവനൊന്നും മിണ്ടാൻ കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ അടിയിൽ നിന്നും മാറാനുള്ള ശക്തി പോലുമുണ്ടായില്ല. 
അവനെ വലിച്ച് കക്കൂസിന്റെ ചുമരിൽ ചാരിയിരുത്തുമ്പോൾ അടുത്ത ഊഴം ആരെന്നു മാത്രമേ ചിന്തിച്ചുള്ളൂ. 

രണ്ടാമത് ഒന്നാമനായിരുന്നു വന്നത്, ഏതോ വിലകൂടിയ സിഗരറ്റിന്റെ ചൂരുള്ളവൻ. 
ഞാൻ കട്ടിലിൽ കമിഴ്ന്നു കിടന്നു, കൈക്കുള്ളിൽ വീണ്ടും മൂർച്ച കൂട്ടിയ പിടി മുറുക്കെപ്പിടിച്ചിരുന്നു.
കട്ടിലിൽ കട്ടപിടിച്ചു കിടന്ന ചോര കണ്ട് അവൻ അന്ധാളിച്ചിരിക്കണം.
എന്നെപ്പിടിച്ചുകുലുക്കി നേരെ കിടത്തിയ നിമിഷം.. കഴുത്തിലാണ് ഉന്നം വച്ചത്.. ചെവിക്ക് പിറകിൽ കൊണ്ടു.
അവനെന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു, ആ വിളികളൊക്കെ തീരും വരെ തലങ്ങും വിലങ്ങും കുത്തി. എപ്പോഴോ അവനും ചത്തു.
അവനെ കട്ടിലിനടിയിലേക്കാണ് തള്ളിനീക്കിയത്..
ഇനി ഒരാൾ കൂടി, അതിന് രണ്ടു ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു. 
അന്ന് മഴ പെയ്തിരുന്നു. 
അവൻ വരുന്നത് ദൂരെ നിന്നെ അറിയാം. അവന് ലാവണ്ടറിന്റെ ഗന്ധമാണ്, ചേട്ടൻ ജന്മദിനത്തിന് സമ്മാനിച്ച പെർഫ്യൂമിന്റെ അതേ ഗന്ധം. 
അവന്റെ മേൽ അധികം ശക്തി വേണ്ടി വന്നില്ല, മുറിക്കുള്ളിലെ കാഴ്ച അവന്റെ സർവ്വ നാഡികളും തളർത്തിക്കാണും, അവന് കുഴഞ്ഞിരുന്ന നിമിഷം മതിയായിരുന്നെനിക്ക്. 
ഇപ്പോൾ ഇവിടെ മുഴുവൻ ആൺചൂരാണ്, ഒരാളുടെയല്ല മൂന്നുപേരുടെ. 
ഒന്നിച്ചു ശ്വസിച്ചാൽ ഒന്നും വേർതിരിച്ചറിയാനാകില്ല, കട്ടച്ചോരയുടെ ഗന്ധം മാത്രം. 
വേർതിരിച്ചാൽ അറിയാം പാറപ്പൊടിയുടെയും സിഗററ്റിന്റെയും വെവ്വേറെ ഗന്ധങ്ങൾ. 
ഇതിനിടയിൽ ഒരു കാര്യം പറയാൻ വിട്ടുപോയി. 
ഞാൻ പ്രസവിച്ചിരുന്നു. 
ഓമനത്തമില്ലാത്ത മൂന്ന് വെളുത്ത പുഴുക്കളെ. 
അതിക നേരം കഴിയുന്നതിനു മുന്നേ അവ ചത്തുപോയി, എന്റെ ആദ്യത്തെ കുഞ്ഞുങ്ങൾ. 
ഇന്നലെ ഞാൻ മരിച്ചുവീണിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാതിൽപ്പടിയിൽ തലയടിച്ചിരുന്നു. കുറേ ചോര പോയി. 
കുറച്ചു നേരവും കഴിഞ്ഞെണീക്കാമെന്ന് കരുതി, കഴിഞ്ഞില്ല. 
ഇന്ന് നിങ്ങൾ ഈ മുറിയിൽ കയറുകയാണെങ്കിൽ എന്റെ ഗന്ധം കൂടി തോന്നിയേക്കാം, ഹേയ് നിങ്ങൾക്കതറിയാൻ തരമില്ല. നിങ്ങളതെങ്ങനെ അറിയാനാണ്. 
'രാധാസ് സോപ്പിന്റെ മണമാണ് നിന്റെ മുടിക്ക്', ശാലിനി എന്നും പറയുമായിരുന്നു. 
ശാലിനി എന്റെ ആത്മാർത്ഥ സുഹൃത്ത്. 
എനിക്ക് ആ പാട്ടിന്റെ ബാക്കി വരികൾ ഓർമ്മിക്കാൻ കഴിയുന്നുണ്ട്. 
"I was once lost, but now am found
Was blind but now I see
......................................"

Pic work by - Connie Rose